TRENDING:

വലിയ വിജയത്തിന്റെ പെരുന്നാള്‍; ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Last Updated:

പാണക്കാട് സാദിഖലി തങ്ങളുടെ പെരുന്നാള്‍ സന്ദേശം...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാനവിക ഐക്യത്തിന്റെ വിളംബരമായി ഹജ്ജ് പ്രോജ്ജ്വമായതിന്റെ ധന്യതയിലാണ് വിശ്വാസി ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും പരമമായ വിജയതീരത്തേക്കടുക്കാനുള്ള ഓര്‍പ്പെരുന്നാളാണിത്. സര്‍വ്വവും സൃഷ്ടാവിലര്‍പ്പിച്ച് നന്മയുടെ മാര്‍ഗത്തില്‍ ത്യാഗ നിര്‍ഭരമാകാനുള്ള സന്നദ്ധതയാണ് ഈദുല്‍ അസ്ഹാ എന്ന ബലിപെരുന്നാളിന്റെ പൊരുള്‍. സര്‍വ്വവും സര്‍വ്വശക്തനില്‍ അര്‍പ്പിച്ച് അവന്റെ അധീശത്വം ഉള്‍കൊണ്ട് പ്രാര്‍ത്ഥനാ നിര്‍ഭരമാവുന്നതോടൊപ്പം അപരന്റെ സങ്കടങ്ങളെ നെഞ്ചേറ്റി സാന്ത്വനം പകരാനും അവരെ ചേര്‍ത്തു പിടിക്കാനും നമുക്ക് കഴിയണം.
advertisement

സര്‍വ്വവും സൃഷ്ടാവില്‍ അര്‍പ്പിക്കുന്ന അവന്റെ ഇഷ്ടത്തിനല്ലാതെ മറ്റൊന്നുമില്ലെന്ന് മനസ്സിലുറപ്പിക്കുന്ന ബലിപെരുന്നാള്‍ ചൂഷണത്തിനും വിദ്വേഷത്തിനും അഹന്തതക്കുമെതിരെയുള്ള വിളംബരമാണ്. ബലിയാണ് വലിയപെരുന്നാളിന്റെ ധ്വനി. എന്ത് ബലി നല്‍കുന്നു എന്നതല്ല, നാഥന്റെ പ്രീതിക്കായി ഏറ്റവും പ്രിയപ്പെട്ടതുപോലും ത്യജിക്കാനുള്ള മനസ്സുണ്ടാവുക എന്നതാണതിന്റെ സത്ത. അമൂല്യമെന്ന് തോന്നുന്നത് ആദര്‍ശപാതയില്‍ ത്യജിക്കാന്‍ സന്നദ്ധമാകുമ്പോഴാണ് മനുഷ്യന്‍ സ്ഫുടം ചെയ്യപ്പെടുന്നത്. ഹസ്രത്ത് ഇബ്രാഹിം നബി (അ) ഉന്നതമായ മൂല്യങ്ങള്‍ക്കായി അധികാര ശക്തിയുടെ അഗ്‌നിപരീക്ഷകളെ അതിജയിച്ചത് സ്വന്തം ജീവിത സൗഭാഗ്യങ്ങള്‍ തന്നെ ബലിനല്‍കാനുള്ള സന്നദ്ധതയിലാണ്.

advertisement

തനിക്കേറ്റവും പ്രിയപ്പെട്ട സ്വന്തം ജീവനെയും മകനെയുമെല്ലാം സമര്‍പ്പിക്കാന്‍ ചാഞ്ചല്ല്യമില്ലാതെ ഇബ്രാഹീം നബി (അ) നിലകൊണ്ടു. ആറ്റുനോറ്റുണ്ടായ കണ്‍മണിയെ നാഥന്‍ തനിക്ക് ബലി നല്‍കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു വിമുഖതയും കാണിക്കാതെ മനസ്സിന്റെ ഉള്ളിലെ പുത്രവാത്സല്യം പോലും മാറ്റിവെച്ച് നാഥനെ അനുസരിക്കാന്‍ തയ്യാറായ ആ മനസ്സിന്റെ ത്യാഗ സന്നദ്ധതയെക്കാളപ്പുറം സമര്‍പ്പണത്തെ അടയാളപ്പെടുത്താനാവുമോ. തന്നെ ബലിനല്‍കാനാണ് ദൈവകല്‍പനയെന്നറിയുമ്പോള്‍ പിതാവിനെ സമാശ്വസിപ്പിക്കുകയായിരുന്നു ഇസ്മാഈല്‍ എന്ന മകന്‍. ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയ ജീവിതമാണ് ഇരുവരുടേതും. കത്തിയാളുന്ന നംറൂദിന്റെ അഗ്‌നികുണ്ഡത്തിലേക്ക് എറിയപ്പെട്ടപ്പോഴും അചഞ്ചലമായ ആത്മവിശ്വാസത്തോടെ അതിനെ നേരിട്ടു. അഗ്‌നിപോലും അവര്‍ക്കു കുളിരുപകരുന്ന രീതിയില്‍ സ്രഷ്ടാവ് അവരെ സംരക്ഷിച്ചു. ജീവിതത്തിന്റെ ചെറിയചെറിയ പരീക്ഷണ ഘട്ടങ്ങളില്‍പോലും നാഥനെ മറക്കുന്ന, സ്രഷ്ടാവ് തന്നെ കൈവിട്ടുവെന്ന് വിലപിക്കുന്നവരോട് ക്ഷമാപൂര്‍വം കാത്തിരിക്കാനും ദൈവാനുഗ്രഹത്തെ പ്രതീക്ഷിക്കാനുമാണ് ഈ ഓര്‍പ്പെടുത്തല്‍. കഠിനമായ എല്ലാ പരീക്ഷണങ്ങളും അതിജീവിച്ചാണ് പ്രത്യാശയുടെ വെളിച്ചമായി അദ്ദേഹം വിളക്കുമാടമായത്; ത്യജിക്കലിന്റെയും സമര്‍പ്പണത്തിന്റെയും ആഘോഷമാണ് ബലി പെരുന്നാള്‍.

advertisement

മക്കയിലെ പരിശുദ്ധ ഹറമിലും അറഫയിലുമായി ലോകത്തിന്റെ പരിശ്ചേദം സംഗമിച്ച പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ അനുബന്ധം കൂടിയാണ് ബലിപെരുന്നാള്‍. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ വിശ്വാസി ലക്ഷങ്ങള്‍ പരിശുദ്ധ ഹറമിനു ചുറ്റും തൂവെള്ള ചൈതന്യം വിതറുമ്പോള്‍ സമത്വത്തിന്റെ വിശ്വമാതൃകയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നാഥന്റെ വിളിക്കുത്തരം നല്‍കി, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന വചസിലൂടെ ഒരൊറ്റ മനസ്സും ചൈതന്യവുമായി അവര്‍ ഉയര്‍ത്തുന്ന മാനവികത ലോകത്തെ ഒരു കുടുംബമാക്കുന്നു. ഭാഷക്കും ദേശത്തിനും വര്‍ണത്തിനും വര്‍ഗത്തിനും അപ്പുറം ഹജ്ജാജികള്‍ മനുഷ്യരോടും നാഥനോടും കടംവീട്ടി സമര്‍പ്പണത്തിന്റെ ധന്യതയിലേക്ക് അലിയുന്നു.

advertisement

പ്രതിസന്ധിയുടെ പെരുമഴക്കാലത്ത് കളങ്കരഹിത മനസ്സുമായി ഹറമില്‍ സമ്മേളിച്ച ഹജ്ജാജി ലക്ഷങ്ങള്‍ ചൊരിയുന്ന പ്രാര്‍ത്ഥനകളെക്കാള്‍ വലിയ മറ്റെന്ത് പ്രത്യാശയുണ്ട്. ഹജ്ജ് ചെയ്തവരെല്ലാം നമ്മുടെകൂടി പ്രതിനിധികളാണ്. പ്രാര്‍ത്ഥനാ നിര്‍ഭരമായി അവരെ ഹൃദയത്തോട് ചേര്‍ക്കുന്ന സുദിനംകൂടിയാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച നഷ്ടങ്ങളില്‍ രണ്ടു വര്‍ഷത്തെ ഹജ്ജിന്റെ പൊലിമയെയും ബാധിച്ചിരുന്നു. ഇത്തവണ എല്ലാ കുറവുകളും നികത്ത ഹജ്ജുല്‍ അക്ബറിന്റെ ഇരട്ടി സന്തോഷത്തോടെയാണ് ബലിപെരുന്നാള്‍ കടന്നുവന്നത്. ഒരേ ചിന്തയില്‍ ഒരേ മന്ത്രോച്ചാരണത്തോടെ ഒരേ വേഷം ധരിച്ച് ഏക മാനവികതയുടെ നേര്‍സാക്ഷ്യമാണവര്‍ പകര്‍ന്നത്.

advertisement

ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും ജീവിതം സ്വാംശീകരിക്കുന്നതോടൊപ്പം പതിനാല് നൂറ്റാണ്ട് മുമ്പ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ വിഖ്യാത മനുഷ്യാവകാശ പ്രഖ്യാപനമായ അറഫാ പ്രസംഗത്തിന്റെ ഓര്‍മ്മകള്‍ അലതല്ലുന്ന ദിനം കൂടിയാണിത്. ഓരോ മനുഷ്യന്റെയും അഭിമാനവും സമ്പാദ്യവും വ്യക്തിത്വവും വിലപ്പെട്ടതാണെന്നും നാഥന്റെ ഇഷ്ടവഴിയിലൂടെയല്ലാതെ ഭൗതികതയുടെ അംശവടികൊണ്ട് ആരെയും അളക്കാനും വിലയിരുത്താനും തുനിയേണ്ടെന്നും ഓര്‍മ്മപ്പെടുത്തിയ പ്രവാചകന്‍ സമത്വസുന്ദര ലോകത്തിന്റെ പെരുന്നാളാണ് ചൂണ്ടിക്കാണിച്ചത്. ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ് സ്രഷ്ടാവിങ്കല്‍ ഏറ്റവും ഉത്തമനെന്നും അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും പ്രഖ്യാപിച്ച പ്രവാചകന്‍ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറാനും ആഹ്വാനം ചെയ്താണ് മാനവരാശിയെ പ്രചോദിപ്പിച്ചത്. പരമമായത് ഏകദൈവമാണെന്നും അവന്റെ സൃഷ്ടികളെല്ലാം സമന്മാരാണെന്നും മനസ്സിലാക്കുന്നതോടൊപ്പം ത്യാഗസന്നതയിലൂടെയും സമര്‍പ്പണത്തിലൂടെയും സഹജീവികളെ ചേര്‍ത്തു പിടിച്ച് വിജയവഴി താണ്ടണമെന്നും ബലിയും ബലിപെരുന്നാളും വിളിച്ചുപറയുന്നു.

പ്രത്യാശയുടെ പുലരിയിലേക്ക് വഴിനടത്തുന്ന ആഘോഷമാണ് പെരുന്നാള്‍. ഏവര്‍ക്കും നന്മനിറഞ്ഞ ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു. ഹൃദയമായ ഈദുല്‍ അസ്ഹാ ആശംസകള്‍; അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
വലിയ വിജയത്തിന്റെ പെരുന്നാള്‍; ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories