വിവാദങ്ങൾക്കിടെ ജോയ് തമലം പാട്ടിന്റെ പിറവിയെ കുറിച്ച് പറയുന്നു.....
പാട്ടിന്റെ പിറവിക്ക് പിന്നിലെ യാഥാർത്ഥ്യം പലകുറി എഴുതിയിട്ടുണ്ട്. പറഞ്ഞിട്ടുണ്ട്. നിർഭാഗ്യ വശാൽ ആ വരികൾ ചിട്ടപ്പെടുത്തി ആലപിച്ച ഇഷാൻ ദേവ്, തന്റെ മാത്രം അധ്വാനത്തിന്റെ ഫലമാണ് 'നന്മയുള്ള ലോകമേ'എന്ന മട്ടിൽ അഭിമുഖങ്ങൾ നൽകുകയും അതിനു പിന്നിൽ നിറയെ അധ്വാനിച്ചവരെയും ക്ലേശിച്ചവരെയും തമസ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. അതുകൊണ്ട് മാത്രം യാഥാർത്ഥ്യം ഒരിക്കൽ കൂടി എഴുതുന്നു.
2018 ലെ പ്രളയകാലം നമ്മിൽ ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഇപ്പോഴും അതിന്റെ പിടിയിൽ നിന്ന് കേരളം പൂർണമായി മോചിതമായിട്ടില്ലെന്നതും വാസ്തവം. ആ കാലത്ത് ഞാൻ ന്യൂസ് 18 കേരളം ന്യൂസ് ചാനലിൽ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആയിരുന്നു. ക്രൈം ആണ് കൈകാര്യം ചെയ്തിരുന്നത്. പ്രളയകാലത്ത് ക്രൈം ഷോ ഒഴിവാക്കപ്പെടുകയും ഇൻപുട്ട് ഡസ്കിൽ നിയോഗിക്കപ്പെടുകയും ചെയ്തു. ദുരിതം അനുഭവിക്കുന്ന നാട്ടുകാരെ അതിജീവനത്തിന്റെ പൊരുൾ അറിയിക്കേണ്ടതുണ്ട് അതിന് മാറിയ ചിന്തകളും പ്രവർത്തികളുമാണ് വേണ്ടെന്ന് എഡിറ്റോറിയൽ തീരുമാനം വന്നു. ആ ദിവസങ്ങളിൽ കേരളത്തിന്റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങിയ ചാനൽ ആണ് ന്യൂസ് 18 കേരളം.
advertisement
അങ്ങനെ ഒരു വൈകുന്നേരം രണ്ട് കവിതകൾ ഞാൻ ടൈപ്പ് ചെയ്തു. അതിൽ ഒന്ന് പിന്നണി ഗായിക ശ്രീമതി രാജലക്ഷ്മിയുടെ ഭർത്താവ് ശ്രീ അഭിരാമിന് അയച്ചു കൊടുത്തു. ആ വരികളാണ് പിന്നീട് ശ്രീ റോണി റാഫേൽ സംഗീതം ചെയ്ത് ശ്രീമതി ചിത്ര ചേച്ചിയും ശ്രീ ഹരിഹരനും രാജലക്ഷ്മിയും ഒക്കെ പാടി മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്ത് വന്ന 'നൊമ്പരമെഴുതിയ മഴയേ...'
മറ്റൊന്നായിരുന്നു. മരണമാർന്നിടും നാളിലും എന്ന് തുടങ്ങുന്ന നന്മയുള്ള ലോകമേ എന്ന് പ്രശസ്തമായ ഗാനം.
പാട്ടെഴുത്ത് മാത്രമെ വശമുള്ളൂ. പാടാൻ അറിയില്ല. ഇത് ബാലഭാസ്കറിന് അയച്ചു കൊടുക്കാനായിരുന്നു ആഗ്രഹം. പക്ഷെ അവനെ ഫോണിൽ കിട്ടിയില്ല. അങ്ങനെ രാത്രി ഏറെ വൈകിയപ്പോഴാണ് ഇഷാൻ ദേവ് ചെന്നൈയിൽ നിന്ന് വിളിക്കുന്നത്. എറണാകുളത്തെ ദുരിതാശ്വാസ ക്യാംപിൽ ഒരു കല്യാണം നടക്കുന്നുണ്ട് . അത് വാർത്തയാക്കാനുള്ള സഹായം അഭ്യർത്ഥിച്ചാണ് വിളിച്ചത്. അത് ഞാൻ ഏറ്റു. പകരം എട്ടുവരി കവിത നീ ചൊല്ലി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെട്ടു. ജിംഗിൾ ചെയ്ത് തരാം എന്ന് ഷാൻ ഏറ്റു. വലിയ കാര്യമാണ്. സൗജന്യമായി സംഗീതം ചെയ്ത് കിട്ടുക പ്രയാസമുള്ള കാര്യമാണ്. വരികൾ ഇഷാൻ ദേവിന് രാത്രി തന്നെ അയച്ചു കൊടുത്തു.
രണ്ട് ദിവസം കഴിഞ്ഞ് ഒരു രാത്രി ഷാൻ പാട്ട് പാടി അയച്ചു തന്നു. ശരിക്കും സൂപ്പർ.
പിറ്റേ ഞായറാഴ്ച ന്യൂസ് 18 അതിജീവന ചർച്ചയിൽ BGM ആയി പാട്ട് പ്ലേ ചെയ്തു.
പിന്നെയും ഒരു മാസത്തോളം എടുത്തു പാട്ട് ഇന്ന് കാണുമ്പോലെ ആകാൻ. അതിനു പിന്നിലെ കരുത്തും കൂട്ടായ അധ്വാനവും ന്യൂസ് 18 നിലെ ഗ്രാഫിക്സ് വിഭാഗത്തിന്റേതാണ്. അമരക്കാരൻ ശ്രീ വ്ലാഡിമർ ടോമിനെന്ന പ്രിയപ്പെട്ട അഭിലാഷിന്റേതാണ്. ഞാനോ, എന്തിന് ദൈവങ്ങൾ പോലും പ്രതീക്ഷിച്ച് കാണില്ല പാട്ട് ഇത്രയധികം ജനശ്രദ്ധ നേടുമെന്ന്. ഇതാണ് പാട്ട് പിറന്ന വഴി. ഇതിൽ എവിടെയെങ്കിലും മായമുണ്ടെന്ന് ഇഷാൻ തെളിയിക്കട്ടെ.. അല്ലാതെ ചെന്നൈയിൽ പ്രവാസി ആയിരുന്നപ്പോൾ ആരുടെയും തലയിൽ ഉദിച്ചതല്ല കരളുറപ്പുള്ള കേരളമെന്ന വരിയും കരുത്തും.
സൗജന്യമായി സംഗീതം ചെയ്ത പാട്ടിന്റെ വീഡിയോ ഇഷാൻ ദേവിന് അയച്ചു കൊടുത്തത് ഞാനാണ്. അത് പോസ്റ്റ് ചെയ്യാൻ അനുവാദം വാങ്ങി നൽകിയത് ഞാനാണ്. ഇല്ലെന്ന് ഇഷാൻ പറയട്ടെ.
അല്ലാതെ ചാനൽ ലോഗോയുള്ള വീഡിയോ ഇഷാൻ സ്വന്തം പേജിൽ എങ്ങനെ അപ് ലോഡ് ചെയ്തു?
ഇനിയും നുണ പൊട്ടിച്ച് കോരിത്തരിക്കാമെന്ന് ആരെങ്കിലും വ്യാമോഹിച്ചാൽ അതിന് ഇറങ്ങിത്തിരിച്ചാൽ രാജ്യത്ത് നിയമവും നിയമ വ്യവസ്ഥയും നോക്കുകുത്തികളല്ലെന്ന് താഴ്മയായി ഓർമിപ്പിക്കുകയും ചെയ്യുന്നു.
സ്നേഹത്തോടെ
ജോയ് തമലം