ബി.ജെ.പി കേരളഘടകത്തിലേക്ക് മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ എത്തുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. മുൻപ് പലരെയും ബിജെപി പാളയത്തിലെത്തിക്കുന്നതിന് ചുക്കാൻ പിടിച്ച പി.എസ് ശ്രീധരൻപിള്ളയുടെ പ്രഖ്യാപനമായതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ചർച്ചകൾക്ക് ചൂടുപിടിക്കുകയാണ്. കണ്ണൂരിൽവെച്ചാണ് മുൻനിരനേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്ന് ശ്രീധരൻപിള്ള പ്രഖ്യാപിച്ചത്.
advertisement
'അവന്റെ വരവിനായി കാത്തിരിക്കുകയാണ്. പാർട്ടി ചുമതലയുള്ളവനായിരിക്കും അവൻ'- ഇതായിരുന്നു ശ്രീധരൻപിള്ളയുടെ വാക്കുകൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം കണ്ണുമടച്ച് തള്ളിക്കളയാൻ വരട്ടെ. നേരത്തെ ഒരുപിടി നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചയാളാണ് പി.എസ്. അതുകൊണ്ടാണ് കോൺഗ്രസ്- സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പ് വർധിക്കുന്നതും.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പരമാവധി നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള തന്ത്രങ്ങൾ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് മുൻപ് ചിലർ ബിജെപിയിലേക്ക് എത്തുമെന്ന പ്രചരണവും ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ പ്രമുഖരെ ആരും എത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞതുമില്ല. ഇതിനിടയിലാണ് ബി.ജെ.പിയിലെ നേതൃമാറ്റവും കുമ്മനത്തിന് പകരക്കാരനായി പി.എസ് ശ്രീധരൻപിള്ള എത്തുന്നതും. പി.എസ് അധ്യക്ഷ സ്ഥാനത്ത് എത്തിയെങ്കിലും പാർട്ടി അണികളെ പൂർണതോതിൽ ഉണർത്താൻ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല. ഇന്ധനവില വർധനവ് അടക്കമുള്ള പ്രതികൂല ഘടകങ്ങൾ പാർട്ടിക്ക് കേരളത്തിൽ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയിലാണ് ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം വന്നത്.
പറയുന്നത് ശ്രീധരൻപിള്ളയായതുകൊണ്ടാണ് കോൺഗ്രസ്, സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പേറുന്നത്. മുൻപ് നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന വി. വിശ്വനാഥ മേനോനെ ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയായി മത്സരരംഗത്തു കൊണ്ടുവന്നതിന് പിന്നിലും ചരട് വലിച്ചത് ശ്രീധരന്‍ പിള്ളയായിരുന്നു. പിന്നീട് പി.സി തോമസിനെ ബി.ജെ.പി പാളയത്തിലെത്തിച്ച് കേന്ദ്രമന്ത്രിയാക്കിയതിലടക്കം പിള്ളയുടെ തന്ത്രങ്ങളായിരുന്നു. ശ്രീധരൻപിള്ളയുടെ കാലത്താണ് ന്യൂനപക്ഷവിഭാഗങ്ങൾ ശക്തമായ മൂവാറ്റുപുഴയിൽ നിന്ന് എൻഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കുന്നത്. ലക്ഷദ്വീപ് പോലെ ഒരു ന്യൂനപക്ഷ മേഖലയിൽ നിന്നും എൻ.ഡി.എയ്ക്ക് സീറ്റ് ലഭിച്ചു. മാത്രമല്ല, പുനത്തിൽ കുഞ്ഞബ്ദുള്ള, മാടമ്പ് കുഞ്ഞിക്കുട്ടൻ എന്നിവരെ ബി.ജെ.പി സ്ഥാനാർത്ഥികളാക്കിയതിന് പിന്നിലും പി.എസിന്റെ നീക്കങ്ങളാണ്.
അടുത്ത ലോക്സഭാ തെരഞ്ഞടുപ്പോടെ കേരളം കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങള്‍ക്ക് അമിത്ഷായുടെ നേതൃത്വത്തിൽ രൂപം നൽകിയിരുന്നു. കൂടുതൽ ജനകീയരായ നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കുന്നതിന് അമിത് ഷാ നിയോഗിച്ച സംഘം ചരടുവലി നടത്തുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. ബിജെപിയിവേക്ക് ചേക്കേറുന്നുവെന്ന പേരിൽ ഇതിനിടെ കോൺഗ്രസിലെയും സിപിഎമ്മിലെയും പലമുതിർന്ന നേതാക്കളുടെയും യുവനേതാക്കളുടെയും അടക്കം പേരുകൾ പ്രചരിച്ചിരുന്നു. ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയേക്കുമെന്ന സ്ഥിതിവന്നാൽ കോണ്‍ഗ്രസിലെ നിലവിലെ നേതാക്കന്‍മാരില്‍ ചിലരെങ്കിലും എന്‍ഡിഎ ക്യാമ്പിലെത്തിക്കാനാകും എന്നാണ് വിലയിരുത്തല്‍. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറടക്കമുള്ള പ്രമുഖരുടെ പേരുപയോഗിച്ച് നടത്തിയ പ്രചരണം ഇതിനായിരുന്നുവെന്നാണ് സൂചന. ഇതിനിടയിലാണ് കണ്ണൂരിൽ വച്ച് ശ്രീധരൻപിള്ള വീണ്ടും വെടി പൊട്ടിച്ചിരിക്കുന്നത്.