TRENDING:

അടിത്തട്ടിളക്കി ആര്‍ എസ്എ സ്; മേല്‍ത്തട്ടിലെത്തി ബി ജെ പി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗലുരു: കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി പിന്നീട് അധികാരത്തിലേക്കും ബി ജെ പി നടന്നു കയറിയത് മോദി പ്രഭാവത്തിലോ അമിത് ഷായുടെ രാഷ്ട്രീയതന്ത്രങ്ങളിലൂടെയോ മാത്രമല്ല. ജനപ്രിയ മുഖ്യമന്ത്രിയും രാഷ്ട്രീയചാണക്യനുമായ സിദ്ധരാമയ്യയെയും കോണ്‍ഗ്രസിനെയും തോല്‍വിയിലേക്ക് കൂപ്പുകുത്തിച്ചത് ആര്‍ എസ് എസ് അടിത്തട്ടില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം. വോട്ടെടുപ്പിനു പിന്നാലെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബി ജെ പിയ്ക്കും കോണ്‍ഗ്രസിനും തുല്യസാധ്യത കല്‍പ്പിച്ചപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ആര്‍ എസ് എസ് നേതൃത്വം. 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടുമെന്നു തന്നെയായിരുന്നു ആര്‍ എസ് എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്തൊക്കെ അട്ടിമറി സംഭവിച്ചാലും ജയം 118-നു താഴെയാകില്ല. അത്രയ്ക്ക് ആത്മവിശ്വാസത്തിലായിരുന്നു സംഘപരിവാര്‍.
advertisement

ഈ ആത്മവിശ്വാസം തന്നെയാണ് സത്യപ്രതിജ്ഞാ തീയതി പോലും പ്രഖ്യാപിക്കാന്‍ യെദ്യൂരപ്പെയെയും അമിതാഹ്ലാദപ്രകടനത്തിന് ബി ജെ പിയെയും പ്രേരിപ്പിച്ചത്.

ദേശീയ രാഷ്ട്രീയത്തിലേക്കോ വിവാദങ്ങളിലേക്കോ ഫോക്കസ് ചെയ്യാതെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍ സംസ്ഥാനത്തു മാത്രം ഒതുക്കുകയെന്ന സംഘപരിവാര്‍ തന്ത്രം നടപ്പാക്കുന്നതില്‍ ബി ജെ പി നേതാക്കളും വിജയിച്ചു. ഇതിന്റെ ഭാഗമായാണ് നരേന്ദ്ര മോദിയും സിദ്ധരാമയ്യയും തമ്മിലാണ് മത്സരമെന്ന പ്രതീതി സൃഷ്ടിച്ചതും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബി.ജെ.പി സര്‍ക്കാരിനെയോ മോദിയെയോ വിമര്‍ശിക്കാനുള്ള അവസരം പോലും ഉണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലികളില്‍ മോദി രാഹുലിനെ വിമര്‍ശിക്കുന്നതിനു പകരം സിദ്ധരാമയ്യയെയും സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തെയുമാണ് കടന്നാക്രമിച്ചത്. സ്വാഭാവികമായും ഈ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കേണ്ടതിന്റെ ഉത്തരവാദിത്തം സിദ്ധരാമയ്യയ്ക്കായി. രാഹുല്‍ ഗാന്ധി കാടിളക്കി പ്രചരണ റാലികള്‍ സംഘടിപ്പിച്ചെങ്കിലും മോദിക്ക് മറുപടി നല്‍കി നിറഞ്ഞു നിന്നത് സിദ്ധരാമയ്യയായിരുന്നു. ഇങ്ങനെ ഉപരിപ്ലവമായ തെരഞ്ഞെടുപ്പ് ബഹളവും വിവാദങ്ങളും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കപ്പെടുകയായിരുന്നു.

advertisement

ബി ജെ പി പ്രവര്‍ത്തകരും പ്രദേശിക നേതാക്കളും തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കു പിന്നാലെ പോയപ്പോള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വോട്ടുറപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു ആര്‍ എസ്എ സ് പ്രവര്‍ത്തകര്‍. സംസ്ഥാനത്ത് ആകെയുള്ള 224 നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് സംഘടനാ സംവിധാനം ശക്തമായി ഉണ്ടായിരുന്നപ്പോള്‍ 175 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു ബി ജെ പിക്ക് സ്വാധീനമുണ്ടായിരുന്നത്.

ഈ മണ്ഡലങ്ങളിലെ അയ്യായിരത്തോളം ബൂത്തുകളില്‍ നൂറു വീതം സ്വയംസേവകരെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ എസ്എ സ് നിയോഗിച്ചത്. അതും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങുന്നതിനും മാസങ്ങള്‍ക്കു മുന്‍പേ.

advertisement

മണ്ഡലങ്ങളിലെ ഹിന്ദു മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ഈ സ്വയംസേവകര്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അഭിപ്രായരൂപീകരണത്തിനും ധ്രുവീകരണത്തിനുമുള്ള ശക്തികളായി മറുകയും ചെയ്‌തെന്നതാണ് വാസ്തവം. ദൈവവിശ്വാസം പോലുള്ള ദൗര്‍ബല്യങ്ങള്‍ പരമാവധി ചൂഷണം ചെയ്താണ് ഇവര്‍ ജനവിശ്വാസമാര്‍ജിച്ചത്. വോട്ടെടുപ്പിന്റെ ഘട്ടമായപ്പോള്‍ ബി.ജ.പിക്ക് അനുകൂലമായി ചിന്തിക്കാനുള്ള പ്രേരണയും നല്‍കി. കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ഈ സ്വയം സേവകര്‍ നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ചാണ് 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടുമെന്ന റിപ്പോര്‍ട്ട് അര്‍.എസ്.എസ് ബി.ജെ.പിക്കു നല്‍കിയത്. നഗരങ്ങളില്‍ എണ്‍പതും ഗ്രാമങ്ങളില്‍ നാല്‍പ്പതും സീറ്റുകള്‍ ലഭിക്കുമെന്നും ആര്‍ എസ്എ സിന്റെ വിലയിരുത്തലുണ്ടായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Opinion/
അടിത്തട്ടിളക്കി ആര്‍ എസ്എ സ്; മേല്‍ത്തട്ടിലെത്തി ബി ജെ പി