മോദി അധികാരത്തിലെത്തിയ ശേഷം നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്. 2014ന് ശേഷം നടന്ന 23 ഉപതെരഞ്ഞെടുപ്പുകളില്‍ നാലെണ്ണം മാത്രമാണ് ബിജെപിയ്ക്ക് ജയിക്കാനായത്. ഈ നാലു വിജയങ്ങളില്‍ രണ്ടെണ്ണം 2014ലും ശേഷിച്ച രണ്ടെണ്ണം 2016ലും ആയിരുന്നു. അതായത് 2015ലും 2017ലും 2018ല്‍ ഇതുവരെയും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്ന് പോലും ബിജെപിയ്ക്ക് ജയിക്കാനായില്ല. ബിജെപിയുടെ ശക്തികേന്ദരമായ ഉത്തര്‍പ്രദേശിലെ രണ്ടു സീറ്റുകള്‍ അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു. അതിലൊന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വര്‍ഷങ്ങളായി ജയിച്ചുവന്ന ഗോരഖ്പുര്‍ മണ്ഡലമാണെന്നതും ശ്രദ്ധേയമാണ്. ഈ ഉപതെരഞ്ഞെടുപ്പുകളില്‍ ഒരു സീറ്റ് പോലും പുതിയതായി ജയിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. എന്നാല്‍ കൈയിലിരുന്ന ആറു മണ്ഡലങ്ങള്‍ അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു.
advertisement
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 545ല്‍ 336 സീറ്റുകളുമായാണ് ബിജെപി നേതൃത്വം നല്‍കിയ ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലെത്തിയത്. ഇതില്‍ 282 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ബിജെപിയുടെ സീറ്റ് നില 276 ആയി കുറഞ്ഞു. അതേസമയം പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ് 44 സീറ്റായി ചുരുങ്ങിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്ന് സീറ്റ് ബിജെപിയുടെ കൈയില്‍നിന്ന് പിടിച്ചെടുക്കാനായത് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്.
സംസ്ഥാനങ്ങളില്‍ വലിയ വിജയം നേടുമ്പോഴും കേന്ദ്രഭരണം കൂടി വിലയിരുത്തപ്പെടുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനം ദയനീയമാണെന്നാണ് മുകളില്‍ക്കൊടുത്ത കണക്കുകള്‍ വ്യക്തമാക്കുന്നത്. ത്രിപുര ഉള്‍പ്പടെയുള്ള വടക്കുകിഴക്ക് മൂല ബിജെപി ഉറപ്പിക്കുമ്പോള്‍ മൂലസ്ഥാനമായ ഉത്തര്‍പ്രദേശിലെ കോട്ടകള്‍ക്ക് ഇളക്കം തട്ടുന്നുവെന്ന് വേണം കരുതാന്‍.