ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്നിരിക്കട്ടെ . ഒരു മണിക്കൂറിനകം പ്രതികാര കൊല . ആര്‍. എസ്. എസ്. കാരനാണെങ്കില്‍ തിരിച്ചും . എണ്ണം തികക്കാനുള്ള ഈ ക്രൂരകൃത്യത്തില്‍ പലപ്പോഴും ഇരകളാക്കുന്നത് നിരപരാധികളായിരുന്നുവെന്നതാണ് വാസ്തവം.
എത്ര കുടുംബങ്ങളുടെ അത്താണികളാണ് ഇങ്ങനെ പാതിവഴിയില്‍ ജീവിതമവസാനിപ്പിക്കാന്‍ വിധിക്കപ്പെട്ടത് ! എത്ര അമ്മമാരുടെ കണ്ണീര്‍ വീണ് കുതിര്‍ന്നതാണ് കണ്ണൂരിന്റെ മണ്ണ് എന്ന് ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നു ! ഇരു പക്ഷവും ആയുധം താഴെ വച്ചതിന്ന് ശേഷമാണ് കണ്ണൂരിനോടുള്ള ഭയം കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് അകന്നത്.
advertisement
ഇപ്പോള്‍ ഇത് ഓര്‍ക്കാന്‍ കാരണം, ആലപ്പുഴയില്‍ നിന്ന് കേട്ട രണ്ട് കൊലപാതക വാര്‍ത്തകളാണ്. ഒരു എസ്.ഡി.പി.ഐ. ന്നേതാവും ബി.ജെ.പി.നേതാവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് ആദ്യത്തേതല്ല. കുറച്ചു നാള്‍ മുമ്പ് ചേര്‍ത്തലയില്‍, പിന്നീട് പാലക്കാട് ഒക്കെയും കൊലപാതകങ്ങള്‍ നടന്നു. അവിടെ കൊല്ലപ്പെട്ടവര്‍ ആര്‍. എസ്.എസ്. കാര്‍ ആയിരുന്നുവെന്നാണ് വാര്‍ത്തകള്‍ .
എവിടെയായാലും കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ അഴികള്‍ക്കുള്ളില്‍ അകപ്പെടുന്നുവെന്നും നീതി വൈകുന്നില്ലെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പോലീസിനുള്ളതാണ്. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അക്രമികളെ അമര്‍ച്ച ചെയ്യാനാവൂ. കണ്ണൂര്‍ നല്‍കുന്ന പാഠമതാണ്. 2000 ഒടുവില്‍ മനോജ് ഏബ്രഹാം കണ്ണൂര്‍ എസ്.പി. ആയി വന്നതോടെയാണ് അവിടെ ഇങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു പോലീസ് തലപ്പത്തെ ഈ മാറ്റം. അതിന് മുമ്പ് വരെ കൊല നടത്തുന്നവര്‍ തന്നെ പോലീസിന് പ്രതികളെ എത്തിച്ചു കൊടുക്കുന്നതായിരുന്നു പതിവ്. പോലീസിന് പണി എളുപ്പമായിരുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്ത് അക്രമങ്ങളുമായി വിലസുകയും അറേഞ്ച്ഡ് പ്രതികള്‍ അകത്ത് കിടക്കുകയും ചെയ്യും. ഇത് എല്ലാവര്‍ക്കും അറിയാമായിരുന്നുവെങ്കിലും അതില്‍ ആരും അസ്വാഭാവികത പോലും കണ്ടില്ല. മാധ്യമങ്ങളും ഇത് കണ്ടില്ലെന്ന് നടിച്ചു . ഭയം തന്നെ കാരണം.
പക്ഷേ, മനോജ് എബ്രഹാം വന്നതോടെ കഥ മാറി. പ്രതികളുമായി വന്നവരോട് അദ്ദേഹം പറഞ്ഞു - വേണ്ട, ഞാന്‍ പിടിച്ചോളാം. അധികാരം കൈവശമില്ലാതിരുന്ന രാഷ്ട്രീയ കക്ഷിയില്‍പ്പെട്ടവര്‍ ചില്ലറ വിരട്ട് നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. റിവോള്‍വറുമായി കുറ്റവാളികളുടെ പിന്നാലെ പാഞ്ഞു. ഒപ്പം നിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനോബലം നല്‍കി. രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ കുഞ്ഞാടുകളായിരുന്ന പഴയ പോലീസ് പെട്ടെന്ന് ശൗര്യവുമായി മുഖം മാറിയത് കണ്ണൂരില്‍ അന്ന് സാധാരണക്കാര്‍ക്ക് പകര്‍ന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ക്രമേണ പതിവ് കുറ്റവാളികള്‍ ഒന്നൊന്നായി പോലീസിന്റെ വലയിലായി. അവര്‍ ജയിലറക്കുള്ളിലായതോടെ പരിശീലനം കിട്ടിയ പ്രൊഫഷണല്‍ കുറ്റവാളികളുടെ ക്ഷാമം ഏറ്റുമുട്ടലുകളുടെ തീവ്രത കുറച്ചു. ഈ കൊലപാതക പരമ്പരകളില്‍ കക്ഷിയല്ലാതിരുന്ന യു.ഡി.ഫ് ആണ് തുടര്‍ന്ന് അധികാരത്തിലെത്തിയത്. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം പോലീസിന് മനോവീര്യം പകര്‍ന്നുവെന്നതും നേര്. കണ്ണൂര്‍ കൊലപാതക പരമ്പരകളിലെ വീര ശൂര പരാക്രമികള്‍ തടവറക്കുള്ളിലായതോടെ കൊലപാതകം ആദായകരമായ തൊഴിലല്ലെന്ന് അവിടുത്തെ ചെറുപ്പക്കാര്‍ക്കു മനസ്സിലായി.
പോലീസ് അവരുടെ പണി മുഖം നോക്കാതെ ചെയ്താല്‍ ഈ ക്രൂരത ഇവിടെ അവസാനിക്കും. അല്ലെങ്കില്‍ കേരളം വീണ്ടും കുരുതിക്കളമാകും. കേരളം ഭരിക്കുന്ന സര്‍ക്കാരും മരിക്കുന്നത് മനുഷ്യരാണെന്ന ബോധ്യത്തോടെ വേണം കാര്യങ്ങളെ കാണാന്‍ .
(എസ് ഡി വേണുകുമാര്‍(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍) ലേഖകന്‍ മാതൃഭൂമി ആലപ്പുഴ ബ്യൂറോ ചീഫ് ആയിരുന്നു. കണ്ണൂരിലെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.)