TRENDING:

Kottayam Pradeep| 'ആ മനുഷ്യൻ 13 വർഷം വെയിലുകൊണ്ട് ഒരു ഡയലോഗ് പോലും പറയാതെ കാത്തിരുന്നുനേടിയ സ്വപ്‌നത്തിന്റെ ഫലമാണ്'

Last Updated:

ആ സിനിമയിലെ തനിക്കുള്ള വേഷം ബാക്കിവെച്ച് പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് രാവിലെ മോനമ്മാവൻ പോയി...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉണ്ണി കെ. കാർത്തികേയൻ
കോട്ടയം പ്രദീപ്
കോട്ടയം പ്രദീപ്
advertisement

അമ്പുവിന്റെ സൈക്കിളിൽ ആണ് ഞാൻ സൈക്കിൾ ചവിട്ടം പഠിച്ചത്. അമ്മായിയുടെ ഏറ്റവും ഇളയ സഹോദരിയുടെ മകനാണ് അമ്പു.

കാഞ്ഞിരം കവലക്ക് അടുത്തുള്ള എന്റെ അമ്മാവന്റെ വീട്ടിൽ പോകാനുള്ള പ്രധാന കാരണം ആ സൈക്കിൾ ആയിരുന്നു. പഴയകാല സിനിമകളിൽ കാണാറുള്ള കുട്ടികളുടെ സൈക്കിൾ.

ആ സൈക്കിളിൽ ആണ് തിരുവാതുക്കൽ ഉള്ള മോനമ്മാവന്റെ വീടിനോട് ചേർന്നിരിക്കുന്ന വീഡിയോ കാസറ്റ് കടയിൽ നിന്ന് ഞങ്ങൾ കാസറ്റ് വാടകയ്ക്കു എടുക്കാൻ പോയിരുന്നത്.

മോനമ്മാവൻ എന്റെ അമ്മായിയുടെ ഏക സഹോദരനാണ്.

advertisement

പട്ടാളക്കാരനായിരുന്ന എന്റെ അമ്മാവനെപ്പോലെ കർക്കശക്കാരനല്ല മോനമ്മാവൻ.ആൾ വളരെ സൗമ്യനാണ്, ഞങ്ങൾ കുട്ടികളോടൊക്കെ വലിയ വാത്സല്യമാണ്.

എന്നെ കാണുമ്പോഴൊക്കെ 'എടാ കാർത്തിമ എന്തിയെ' എന്ന് ചോദിക്കും.എന്റെ പെങ്ങളെ കാർത്തിമ എന്ന് വിളിക്കുന്ന ഒരേഒരാൾ മോനമ്മാവൻ ആയിരുന്നു. ആര് കവിളിൽ ഉമ്മ കൊടുത്താലും തൂവാല കൊണ്ടു കവിൾ തുടച്ചുകളയുന്ന വിഷ്ണു ആയിരുന്നു മോനമ്മാവന്റെ മകൻ. മകൾ വൃന്ദ അന്ന് തീരെ കുഞ്ഞായിരുന്നു.

മോനമ്മാവന്റെ അമ്മയെ മക്കൾ ഉൾപ്പെടെ എല്ലാരും ഓപ്പച്ചി എന്നാണ് വിളിച്ചിരുന്നത്. ഓപ്പച്ചി പണ്ടു പ്രേം നസീറിന്റെ ഒരു സിനിമയിൽ ഒറ്റ സീനിൽ അഭിനയിച്ചകാര്യം എന്നെ പോലെ തന്നെ സിനിമ തലയ്ക്കുപിടിച്ച എന്റെ അമ്മായി ഇടക്കൊക്കെ പറയുമായിരുന്നു. മോനമ്മാവനും പണ്ടേ സിനിമപ്രാന്തുണ്ട്.

advertisement

Also Read- Kottayam Pradeep| മകനെ അഭിനയിപ്പിക്കാൻ എത്തി നടനായി; സംഭാഷണം കൊണ്ട് ശ്രദ്ധേയനായി; കോട്ടയം പ്രദീപ് താരമായതിങ്ങനെ

ചിലപ്പോൾ രാത്രി തങ്ങാൻ കുടുംബസമേതം അമ്മാവന്റെ വീട്ടിൽ വരാറുള്ള മോനമ്മാവനോട് കിടക്കാൻ നേരം കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചാൽ പിള്ളേരെ പറ്റിക്കാൻ 'കഥ കഥ കത്തനാര് വാഴവെച്ചു' എന്ന് തുടങ്ങുന്ന ചൊല്ല് പറഞ്ഞു കളിപ്പിച്ചിരുന്ന മോനമ്മാവനോട് ഞാൻ മറന്നുപോയ ആ ചൊല്ലിന്റെ പൂർണ്ണരൂപം ഒന്ന് ചോദിച്ചു എഴുതി വെയ്ക്കണം എന്ന് അടുത്തകാലത്തായി പലപ്പോഴും ഓർത്തിട്ടുണ്ട്.

advertisement

കാഞ്ഞിരം കവലയിൽ ഞങ്ങളുടെ അലക്ഷ്യമായ സൈക്കിൾ ചവിട്ടം പെട്ടന്ന് അവസാനിക്കാൻ ഞാൻ ഒരു കാരണമായിരുന്നു. പിള്ളേർ സ്ഥിരമായി റോഡിലാണ് എന്ന് നാട്ടുകാർ പരാതി പറഞ്ഞു. ഇനി ആരും സൈക്കിളിൽ തൊട്ട് പോകരുത് എന്ന് എന്റെ അമ്മാവൻ പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞാൻ സൈക്കിളുമായി ഒരു ജീപ്പിനു മുന്നിൽ ചാടി. ജീപ്പുകാരൻ വണ്ടി ചവിട്ടി നിർത്തി കണ്ണ് പൊട്ടുന്ന തെറിവിളിച്ചു, ആളുകൾ കൂടി. ഞാൻ ആ റോഡിലെ വെയിലത്ത് നിന്ന് ഉരുകി. നിന്നിടത്ത് നിന്ന് അനങ്ങാൻ കഴിഞ്ഞില്ല. തിരുവാർപ്പ് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങി വന്ന എന്റെ അമ്മ ആ തെറിവിളി കേട്ടുകൊണ്ടാണ് ബസ്സിറങ്ങിയത്.

advertisement

എല്ലാം അന്നത്തോടെ അവസാനിച്ചു.

പിന്നെ ഒരു നിമിഷം അവിടെ എന്നെ നിർത്തിയില്ല. കയ്യിലുണ്ടായിരുന്നതെല്ലാം എടുത്ത് അന്ന് അമ്മ പാക്ക്-അപ്പ്‌ വിളിച്ചു.

ഒന്ന് കൂടി പറഞ്ഞു. 'ഇനി മേലിൽ നീ കാഞ്ഞിരം കവല കാണില്ല'

ഏഴാം ക്ലാസ്സിൽ വെച്ച് നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യം എനിക്കു തിരിച്ചു കിട്ടിയത് പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പോയി തുടങ്ങിയപ്പോൾ ആണ്. ഇടക്കൊക്കെ എന്റെ റൂട്ട് ഇല്ലിക്കൽ നിന്ന് ഇടത്തേക്ക് കാഞ്ഞിരം ഭാഗം പിടിച്ചു. എന്നാൽ മോനമ്മാവാനൊക്കെ തിരുവാതിക്കൽ നിന്നും കുമാരനെല്ലൂർക്ക് താമസം മാറ്റിയിരുന്നു.

അന്നൊരിക്കൽ മീൻ വെട്ടുന്നതിനിടയിൽ അമ്മായി എന്നോട് ഒരു സന്തോഷവാർത്ത പറഞ്ഞു.

അന്നു വരെ ഞാൻ കേട്ടതിൽ വെച്ച് എന്നിൽ ഏറ്റവും കൗതുകം ഉണ്ടാക്കിയ വാർത്തയായിരുന്നു അത്.

"ഉണ്ണി അറിഞ്ഞോ, മോനമ്മാവനെ സിനിമയിലെടുത്തു".

സിനിമയോ? ഏത് സിനിമ?

ഈ നാട് ഇന്നലെ വരെ..

അതിൽ മന്ത്രിയായി അഭിനയിക്കുന്ന നരേന്ദ്രപ്രസാദിന്റെ ഒപ്പം ഉള്ള വേഷമാണ്.

ഓർമ്മവെച്ച നാൾ മുതൽ അറിയുന്ന ഒരാളെ സിനിമയിൽ കാണാൻ കഴിയുന്നത് വലിയ സന്തോഷമല്ലേ, പ്രത്യേകിച്ച് അഭിനയമോഹിയായ എനിക്ക്.

മോനമ്മാവന് വീണ്ടും ചെറിയ ചെറിയ കുറെ വേഷങ്ങൾ കിട്ടി. അഭിനയിക്കുന്ന എല്ലാം രംഗങ്ങളുടെയും കൃത്യമായ വിവരം മുൻകൂട്ടി അറിയാവുന്നതിനാൽ മിന്നിമായുന്ന രംഗങ്ങളിൽ പോലും ഞങ്ങൾക്ക് മോനമ്മാവനനെ കണ്ടുപിടിക്കാൻ പ്രയാസം ഉണ്ടായില്ല.

കുറെ നാളുകൾ കൂടി കഴിഞ്ഞപ്പോഴാണ് മോനമ്മാവന്റെ ശരിയായ പേര് പ്രദീപ് എന്നാണെന്നു ഞാൻ അറിയുന്നത്.

അമ്മായിയുടെ അടുത്തുനിന്ന് ലാൻഡ് ഫോൺ നമ്പർ വാങ്ങി ഞാൻ ഇടക്കൊക്കെ മോനമ്മാവനെ വിളിക്കും.

കുറെ കഴിഞ്ഞു മൊബൈൽ ആയി.

അതിനൊപ്പം എനിക്കു പരിചയമുള്ള ഏക സിനിമാ നടനായ പ്രദീപ്‌ കോട്ടയം ആയി മോനമ്മാവൻ മാറിയിരുന്നു.

ഒൻപതു വർഷം മുൻപ് എന്നെ വിളിച്ചു ചോദിച്ചു 'ഉണ്ണി നീ വിഷ്ണുകുട്ടനെ കണ്ടിട്ട് എത്രനാൾ ആയിട്ടുണ്ടാകും'

അപ്പോഴാണ് ഞാനും വർഷം കണക്കാക്കിയത്. ഉമ്മ വിരോധിയായ വിഷ്ണുവിനെ ഞാൻ കണ്ടിട്ട് പതിനഞ്ചു വർഷമെങ്കിലും കഴിഞ്ഞുകാണും.

വിഷ്ണുക്കുട്ടൻ ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട് നീയും ഒപ്പം കൂടണം എന്ന് പറഞ്ഞു വിഷ്ണുവിന്റെ നമ്പർ എനിക്കു തന്നു.

വിഷ്ണു 2 ഷോർട്ട് ഫിലിമുകൾ ചെയ്തു.

ഞാൻ അതിൽ രണ്ടിലും വരികൾ എഴുതി.

അവയിൽ സംഗീത സംവിധാനം തുടങ്ങിയ അരുൺ മുരളീധരൻ ' അനുഗ്രഹീതൻ ആന്റണിയിൽ' ഹിറ്റ് ഗാനങ്ങൾ ഉണ്ടാക്കി.അതിൽ അഭിനയിച്ച ധീരജ്ജ്‌ ഡെന്നി 'കർണ്ണൻ നെപ്പോളിയൻ ഭഗത് സിങ്ങിൽ' നായകനായി.

വിഷ്ണു സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി ഞങ്ങളെല്ലാം കാത്തിരിക്കുന്നു.

ആ സിനിമയിലെ തനിക്കുള്ള വേഷം ബാക്കിവെച്ച് പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് രാവിലെ മോനമ്മാവൻ പോയി...

നാല് കൊല്ലം മുൻപ് ഒട്ടും നിനച്ചിരിക്കാതെ ഒരു ദിവസം അമ്പു പോയത് പോലെ....

ഞാൻ അയർലണ്ടിൽ പോകും മുൻപ് പോകുന്ന കാര്യം മോനമ്മാവനോട് പറയാൻ വിട്ടുപോയി. കഴിഞ്ഞ ദിവസം വിഷ്ണുവിനെ വിളിച്ചു സംസാരിക്കുന്നതിനിടയിലാണ് കാര്യം പറഞ്ഞത്. പരിഭവമൊന്നും പറഞ്ഞില്ല.

ഇടയ്ക്കു വിളിക്കാം, വന്നിട്ട് കാണാം...

രണ്ടു സിനിമകളിൽ മോനമ്മാവന്റെ ഒപ്പം അഭിനയിക്കാൻ എനിക്കു ഭാഗ്യം കിട്ടി. അതിൽ കൂടുതൽ മോനമ്മാവന്റെ പേര് പറഞ്ഞു പലയിടത്തും ഇടിച്ചു കയറിയിട്ടുണ്ട്.

ഗമ കാണിച്ചിട്ടുണ്ട്..

അതെല്ലാം 13 വർഷം ആ മനുഷ്യൻ വെയിലു മാത്രം കൊണ്ട് ഒരു ഡയലോഗ് പോലും പറയാതെ ക്ഷമയോടെ കാത്തിരുന്നു നേടിയ സ്വപ്‌നത്തിന്റെ ഫലമാണ്.

എനിക്കു (ഞങ്ങൾക്ക്) ഒരു ജീവിതകാലത്തേക്ക് മുഴുവൻ ഉള്ള പ്രചോദനമാണ്...

ഇന്ധനമാണ്...

വിളക്കാണ്..

എന്റെ മോനമ്മാവൻ....

(ചലച്ചിത്രപ്രവർത്തകനും കോട്ടയം പ്രദീപിന്റെ ബന്ധുവുമാണ് ലേഖകൻ)

മലയാളം വാർത്തകൾ/ വാർത്ത/Opinion/
Kottayam Pradeep| 'ആ മനുഷ്യൻ 13 വർഷം വെയിലുകൊണ്ട് ഒരു ഡയലോഗ് പോലും പറയാതെ കാത്തിരുന്നുനേടിയ സ്വപ്‌നത്തിന്റെ ഫലമാണ്'
Open in App
Home
Video
Impact Shorts
Web Stories