കര്‍ഷകരുടെ ഐക്യവും പ്രതിഷേധവും വടക്കേയിന്ത്യയില്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കുണ്ടാക്കിയ പ്രതിസന്ധി വളരെ വലുതാണ്. ഈ പ്രക്ഷോഭം പഞ്ചാബ്,രാജസ്ഥാന്‍,ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളില ഭരിക്കുന്ന കോണ്‍ഗ്രസിന് ഉണ്ടാക്കി കൊടുത്ത നേട്ടങ്ങളെക്കാള്‍ വലുതാണ് ബിജെപിയുടെ അടിത്തറയിലുണ്ടാക്കിയ വിള്ളല്‍. ഇത്രയും സംഘബലത്തോടെ ഇത്രനാള്‍ നീണ്ട പ്രതിഷേധം സ്വതന്ത്ര ഇന്ത്യയില്‍ അത്രയധികം ഉണ്ടായിട്ടില്ല. കര്‍ഷകരുടെ ഐക്യം തകര്‍ക്കുക എളുപ്പമല്ലെന്ന് ഈ നാളുകള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും പത്തിമടക്കി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കീഴടങ്ങിയതിനും രാജ്യത്തോട് പ്രധാനമന്ത്രി തന്നെ നേരിട്ട് മാപ്പ് പറഞ്ഞതിനും പിന്നില്‍ കര്‍ഷകരുടെ സംഘബലത്തെക്കാള്‍ അവരുടെ പ്രക്ഷോഭമുയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളിയാണ് കാരണം.
advertisement
ബിജെപിയുടെ ന്യായം
ജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞ് തിരുത്തിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നാടകീയ കീഴടങ്ങലിനേയും പ്രധാനമന്ത്രിയുടെ മാപ്പു പറച്ചിലിനേയും ബിജെപിയുടെ രാഷ്ട്രീയ വിശദീകരണ വിദഗ്ധര്‍ ന്യായീകരിക്കുന്നത്. ഇതാണ് ജനാധിപത്യ രീതിയെന്നും അവര്‍ വാഴ്ത്തുന്നു. വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു. ഇല്ലാതിരിക്കുന്നതിനെക്കാള്‍ നല്ലതാണ് അല്‍പം വൈകിയാലും വിവേകമുണ്ടാകുന്നത്. പക്ഷെ ഈ ന്യായവാദങ്ങള്‍ കൊണ്ട് മായ്ക്കാനും മറക്കാനും കഴിയുന്നതല്ല കര്‍ഷക നിയമങ്ങള്‍ കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച കുറുക്കു വഴികളും അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാന്‍ കൈക്കൊണ്ട നടപടികളും. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത്, ആശങ്കകള്‍ നീക്കിയാണ് നിയമങ്ങളുണ്ടാക്കുന്നത്. പാര്‍ലമെന്റാണ് അതിന്റെ വേദി. ആ പാര്‍ലമെന്റില്‍ ഈ കര്‍ഷക നിയമങ്ങള്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.
ലോകസഭയിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ കൈയ്യൂക്കില്‍ രാജ്യസഭയിലെ ചെറുപാര്‍ട്ടികളെ പാട്ടിലാക്കി പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ ചവിട്ടിമെതിച്ചാണ് പാര്‍ലമെന്റില്‍ ഈ നിയമങ്ങള്‍ കൊണ്ട് വന്ന് പാസാക്കിയത്. അന്ന് പാര്‍ലമെന്റിലും, ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങളെ നേരിട്ടപ്പോള്‍ തെരുവിലും കാണിക്കാത്ത ജനാധിപത്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനപ്പുറം കേന്ദ്രസര്‍ക്കാരിന് ജനാധിപത്യ ബോധ്യമുണ്ടായപ്പോള്‍ തെരുവില്‍ പൊലിഞ്ഞത് എഴുനൂറിലധികം ജീവനുകളാണ്. ഇതില്‍ പൊലീസ് വെടിവയ്പില്‍ മരിച്ചവരുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മരിച്ചവരുടെ. ഏറ്റവുമൊടുവില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ജീപ്പിടിച്ച് കൊന്നവര്‍ പോലുമുണ്ട്. മാപ്പ് പറഞ്ഞ് അവസാനിപ്പിച്ചാല്‍ നികത്തപ്പെടുമോ ഇവരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം.
പ്രക്ഷോഭമായ പ്രതിഷേധം
കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധമായി തുടങ്ങിയ കര്‍ഷക കൂട്ടായ്മ ഇത്ര വലിയ പ്രക്ഷോഭമാകുമെന്ന് തുടക്കത്തില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും കരുതിയില്ല. അത് തിരിച്ചറിയുന്നതില്‍ ഇവര്‍ പരാജയപ്പെട്ടു. പ്രതിഷേധം പ്രക്ഷോഭമായി വളര്‍ന്നപ്പോഴും ദിവസം നീളുമ്പോള്‍ ഇത് തനിയെ കെട്ടടങ്ങുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ആ പ്രക്ഷോഭം സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് വളര്‍ന്നു. ദേശീയ തലസ്ഥാനത്തേക്ക് നീണ്ടു. ഇതോടെ ചര്‍ച്ചകള്‍ക്ക് വിളിച്ച് കാത്തിരുത്തി പരിഹസിച്ച് തിരിച്ചയച്ചു. ഒടുവില്‍ കര്‍ഷകരുടെ രോഷത്തില്‍ തലസ്ഥാനം സ്തംഭിച്ചപ്പോഴാണ് പ്രക്ഷോഭത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞത്.
സര്‍വ്വ സന്നാഹങ്ങളുമായി അവരെ തളയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറങ്ങിയപ്പോള്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തി അവര്‍ മറുപടി നല്‍കി. പ്രവര്‍ത്തകരെ ഇറക്കി തെരുവില്‍ നേരിടാനായിരുന്നു പിന്നത്തെ ശ്രമം. സമര പന്തലുകളിലേക്ക് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരെത്തി. ഡെല്‍ഹിയിലെ സമര പന്തലുകളുടെ പുറത്ത് കണ്ടതിലും രൂക്ഷമായിരുന്നു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊലീസിനെ ഒപ്പം കൂട്ടി നടത്തിയ തെരുവ് ഏറ്റുമുട്ടലുകള്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ ജീപ്പ് കയറ്റി കൊന്നതടക്കമുള്ള ആക്രമണങ്ങള്‍ അരങ്ങേറി. കര്‍ഷകരുടെ സംഘശക്തിയെ അത് കൊണ്ടും തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യമായി അവര്‍ തിരിച്ചടിച്ചു.വന്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ഉപതിരഞ്ഞെടുപ്പില്‍ തോറ്റതോടെയാണ് കര്‍ഷകര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളി ബിജെപി തിരിച്ചറിഞ്ഞത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, നിയമസഭ തിരഞ്ഞെടുപ്പുകള്‍
ഉപതിരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിരല്‍ ചൂണ്ടിയത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലേക്കും അതിന് പിന്നാലെ വരുന്ന രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്കുമാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി മാര്‍ച്ചിലാണ് നിയമസഭ തിരഞ്ഞെടുപ്പ്. ഇതില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം സാധാരണക്കാര്‍ക്കിടയില്‍ പോലും കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒരു കാരണവശാലും തോല്‍ക്കാന്‍ സാധിക്കാത്ത തിരഞ്ഞെടുപ്പാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത്തവണ ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്നത്. ലോകസഭയില്‍ രണ്ട് സീറ്റില്‍ നിന്ന് ബിജെപിയെ കേവലഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച മുദ്രാവാക്യമാണ് അയോധ്യയിലെ രാമക്ഷേത്രം. ആ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്നത്. വജ്രായുധം പ്രയോഗിച്ച ശേഷമുള്ള ആദ്യ പരീക്ഷണത്തില്‍ ഉത്തര്‍പ്രദേശില്‍ പരാജയപ്പെട്ടാല്‍ മറ്റു സംസ്ഥാനങ്ങളില്‍ അതിലും വലിയ തിരിച്ചടിക്ക് അത് കാരണമാകും. ഉത്തര്‍പ്രദേശില്‍ അധികാരം നഷ്ടപ്പെട്ടാല്‍ ബിജെപിക്കുണ്ടാകുന്ന നഷ്ടം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഈറ്റില്ലം നഷ്ടപ്പെട്ടുവെന്നത് മാത്രമല്ല. ഒരുപക്ഷെ മറ്റൊരു വലിയ നഷ്ടത്തിനുള്ള കാരണം കൂടിയാകാമത്.
പുതിയ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കേണ്ട വര്‍ഷം കൂടിയാണ് 2022. ആരേയും കൂസാതെ ആരോടും ആലോചിക്കാതെ സ്വന്തം സ്ഥാനാര്‍ത്ഥികളെ രാഷ്ട്രപതിയായും ഉപരാഷ്ട്രപതിയായും നിഷ്പ്രയാസം ജയിപ്പിച്ചെടുക്കാനുള്ള ബിജെപിയുടെ സ്ഥിരനിക്ഷേപമാണ് ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം. കര്‍ഷക പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശ് നഷ്ടപ്പെട്ടാല്‍ എന്‍ഡിഎ ഘടകകക്ഷികളേയും ചെറുപാര്‍ട്ടികളേയും കൂടെ കൂട്ടണം.അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം.യുപിഎയെ പിളര്‍ത്തണം.അതായത് സ്വന്തം രാഷ്ട്രപതിയെ വീണ്ടും റെയ്സീന കുന്നിലെത്തിക്കാന്‍ ബിജെപിക്ക് കടമ്പകള്‍ ഏറെ കടക്കേണ്ടി വരും. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍ എംഎല്‍എമാരും എംപിമാരുമാണ്. ഇവരില്‍ 49.9 ശതമാനം എന്‍ഡിഎയാണ്. യുപിഎക്ക് 25.3 ശതമാനവും ഇരുപക്ഷത്തുമില്ലാത്തവര്‍ക്ക് 24.8 ശതമാനവും വോട്ടുണ്ട്. അതായത് യുപിഎയും മറ്റുള്ളവരും ചേര്‍ന്നാല്‍ എന്‍ഡിഎയെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാകും.
ഉത്തര്‍പ്രദേശും പഞ്ചാബും മൂന്നാം മുന്നണിയും
ഉത്തര്‍പ്രദേശില്‍ ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ മാത്രമല്ല ബാധിക്കുക. 2024ലെ ലോകസഭ തിരഞ്ഞെടുപ്പിനേയും അത് ബാധിക്കും.2014ലുണ്ടായിരുന്ന മോദി പ്രഭാവം ഉത്തര്‍പ്രദേശില്‍ ഇപ്പോഴില്ല. 2009ല്‍ പത്തു സീറ്റുണ്ടായിരുന്ന ബിജെപി 2014ല്‍ മോദിയുടെ വരവോടെ അത് ഏഴുപത്തി ഒന്നിലെത്തിച്ചു. എന്നാല്‍ 2019 ആയപ്പോള്‍ സീറ്റുകളുടെ എണ്ണം അറുപത്തി രണ്ടായി കുറഞ്ഞു. 2019ല്‍ ബിജെപി വലിയ പരാജയത്തില്‍ നിന്ന് രക്ഷിച്ചത് പഞ്ചിമ യുപിയിലെ പ്രകടനമായിരുന്നു. അതിന് സഹായിച്ചത് ജാഠ് നേതാവ് രാകേഷ് ടിക്കായത്തും. രാകേഷ് ടിക്കായത്താണ് ഇന്ന് യുപിയെ കര്‍ഷക പ്രതിഷേധത്തിന്റെ കുന്തമുന. ടിക്കായത്തിന്റെ നേതൃത്വമില്ലായിരുന്നെങ്കില്‍ ഡെല്‍ഹി യുപി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധക്കാരുടെ ടെന്റുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പൊലീസ് പൊളിച്ചു നീക്കുമായിരുന്നു.യുപിയില്‍ മാത്രമല്ല ടിക്കായത്തിന്റെ ജാട്ട് സ്വാധീനം ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കം ജാട്ട് വിഭാഗത്തിന് സ്വാധീമുള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപി പ്രതിസന്ധിയിലാണ്.
കര്‍ഷക പ്രക്ഷോഭങ്ങളുടെ പിന്‍ബലം പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് സര്‍ക്കാരായിരുന്നു. പുകച്ച് പുകച്ച് ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് പുറത്താക്കി. കര്‍ഷക സമരത്തോട പഞ്ചാബില്‍ നിന്ന് പറിച്ചെറിയപ്പെട്ട ബിജെപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ്. കാലങ്ങളായി ഒപ്പമുണ്ടായിരുന്ന അകാലിദളിന്റെ കാര്യം അതിലും മോശം. കോണ്‍ഗ്രസുമായി പിരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ക്യാപ്റ്റനും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുക എളുപ്പമല്ല.നിലനില്‍പിനായി ബിജെപിക്കൊപ്പം ചേരാന്‍ ക്യാപ്റ്റന്‍ തയ്യാറായെങ്കില്‍ കര്‍ഷക പ്രതിഷേധം പ്രതിസന്ധിയായി. ഇത് മറികടക്കാനുള്ള ക്യാപ്റ്റന്റെ ഉപാധിയായിരുന്നു കൃഷി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് സിഖ്മത സ്ഥാപകനും ആദ്യ ഗുരുവുമായ ഗുരുനാനാക്കിന്റെ ജന്മദിനത്തില്‍ തന്നെ പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയതും മറ്റൊന്നും കൊണ്ടല്ല.
കൃഷി നിയമങ്ങള്‍ പിന്‍വലിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറഞ്ഞതും പ്രതിസന്ധിയിലാക്കിയത് മൂന്നാം മുന്നണിയുടെ രൂപീകരണം കൂടിയാണ്. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരുന്നു കര്‍ഷക സമരം. അഭിപ്രായ ഭിന്നതകളും നേതൃതര്‍ക്കവും മാറ്റിവച്ച് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍ ഒരേ വേദിയിലെത്തി. പരസ്പരം കൈകോര്‍ത്തു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ സംഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതിനിടെയാണ് മോദിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം കൊണ്ട് മാത്രം കര്‍ഷക സമരം അവസാനിക്കില്ലായിരിക്കും. പക്ഷെ രാജ്യത്താകെ അവര്‍ക്കുണ്ടായിരുന്ന പിന്തുണ ഒരുപക്ഷെ ഇനി അതുപോലെ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ പ്രാദേശിക പാര്‍ട്ടികള്‍ അവരവരുടെ അജണ്ഡകളിലേക്ക് മടങ്ങി പോകും. അതോടെ നേതൃവടംവലിയും സിദ്ധാന്ത പ്രതിസന്ധിയും വീണ്ടും മൂന്നാം മുന്നണി രൂപീകരണത്തില്‍ കീറാമുട്ടിയാകും.
മാപ്പ് പറഞ്ഞ് നേതാക്കള്‍ മുമ്പും രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ ഉദാഹരണം. പ്രതിസന്ധികളെ നേരിടാതെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് മാപ്പ് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട കെജ്രിവാള്‍ കേവല ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തി. ചരിത്രം ആവര്‍ത്തിക്കുമോ? അതോ കര്‍ഷക പ്രതിഷേധം ഉത്തര്‍പ്രദേശിലും പഞ്ചാബിലും ബിജെപിയെ വരിഞ്ഞ് മുറുക്കുമോ? കാത്തിരിക്കാം