അകൽച്ചയുടെ തുടക്കം ലോക്സഭാ തെരഞ്ഞെടുപ്പോടെ
2018 അവസാനം നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ടിഡിപിയും ഇടതു പാർട്ടികളും ഉൾപ്പെട്ട മഹാസഖ്യമായിരുന്നു ടിആർഎസിന്റെ പ്രധാന എതിരാളികൾ. അന്ന് ബിജെപിയെ എതിരാളിയായി കെസിആർ കണ്ടതേയില്ല. ആറു മാസത്തിനുള്ളിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ കഥ മാറി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണയോഗങ്ങളിൽ ബിജെപി വിമർശകനായി കെസിആർ മാറി. ബിജെപി തെലങ്കാനയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചതായിരുന്നു അതിനു കാരണം. കെസിആറിന്റെ ആശങ്കകൾ ശരിവയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ആകെയുള്ള 17 ലോക്സഭാ സീറ്റുകളിൽ ടിആർഎസ് ഒൻപതിലേക്ക് ചുരുങ്ങിയപ്പോൾ നാലു സീറ്റ് നേടി ബിജെപി കരുത്തുകാട്ടി. കെസിആറിന്റെ മകൾ കെ കവിത നിസാമാബാദിൽ സിറ്റിംഗ് സീറ്റിൽ തോറ്റതും കനത്ത പ്രഹരമായി. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റിൽ ഒരിടത്തു മാത്രം ജയിച്ച ബിജെപിയ്ക്ക് 107 മണ്ഡലങ്ങളിലും കെട്ടിവച്ച കാശു നഷ്ടപ്പെട്ടിരുന്നു.
advertisement
ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്
2020 നവംബർ മാസത്തിലായിരുന്നു ദുബ്ബാക്ക നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ടിആർഎസിന്റെ സിറ്റിംഗ് സീറ്റ്. 2018 ൽ ടിആർഎസ് 62,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ ബിജെപിയ്ക്ക് കിട്ടിയത് 22,595 വോട്ട് മാത്രമായിരുന്നു. പക്ഷേ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ആയിരത്തിൽ അധികം വോട്ടിനു മണ്ഡലം പിടിച്ചു. തൊട്ടടുത്ത മാസം നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലവും തെലങ്കാനയിൽ ബിജെപി ചുവടു ഉറപ്പിക്കുന്നതിന്റെ കൃത്യമായ സൂചനയായി. 150 വാർഡുകളിൽ 55 എണ്ണം നേടി ടിആർഎസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപി വളർന്നത് നാലിൽ നിന്ന് 48 ലേക്കാണ്.
മുനുഗോഡ് ഫലം നൽകുന്ന സന്ദേശം; കോൺഗ്രസിന്റെ ഭാവി
2004ലും 2009 ലും കേന്ദ്രത്തിൽ യുപിഎ ഭരണം ഉറപ്പിക്കുന്നതിൽ നിർണായകമായത് ആന്ധ്രയിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റമായിരുന്നു. പക്ഷേ തെലങ്കാന രൂപീകരണതോടെ ആന്ധ്രയിൽ പാർട്ടി ക്ഷയിച്ചപ്പോൾ തെലങ്കാനയിൽ സംസ്ഥാന രൂപീകരണത്തിനു നേതൃത്വം കൊടുത്തതിന്റെ ഒരുഗുണവും ലഭിച്ചതുമില്ല. രണ്ടു തവണയായി സംസ്ഥാനത്ത് ടിആർഎസ് ഭരണമാണ്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായെങ്കിലും 19 സീറ്റായിരുന്നു കോൺഗ്രസിന്റെ സമ്പാദ്യം. ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്ന മുനുഗോഡ് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു. 22,457 വോട്ടിനു ജയിച്ച മണ്ഡലം. സിറ്റിംഗ് സീറ്റിലെ പോരാട്ടത്തിൽ ചിത്രത്തിൽ ഇല്ലാത വിധമാണ് കോൺഗ്രസിന്റെ തകർച്ച. മത്സരം ടിആർഎസും ബിജെപിയും തമ്മിലായപ്പോൾ കോൺഗ്രസ് ആകെ നേടാനായത് 23,864 വോട്ട്. ടിആർഎസ് സ്ഥാനാർഥി മണ്ഡലത്തിൽ വിജയിച്ചത് പതിനായിരത്തിൽപരം വോട്ടിനാണ്. 2018 ൽ 12,704 വോട്ടുകൾ മാത്രം നേടിയ ബിജെപി ഇത്തവണ നേടിയത് 86,697 വോട്ട്. നിയമസഭ തെരെഞ്ഞെടുപ്പിന് ഒരു വർഷവും ലോക്സഭ തെരെഞ്ഞെടുപ്പിന് ഒന്നരവർഷവും മാത്രം ബാക്കി നിൽക്കെ ടിആർ എസിനു കോൺഗ്രസ് അല്ല ബിജെപിയാണ് വെല്ലുവിളിയാകുക എന്നതിന്റെ വ്യക്തമായ സന്ദേശം കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റ് ലക്ഷ്യം വയ്ക്കുന്ന ബിജെപി കർണാടക കഴിഞ്ഞാൽ ഏറ്റവും പ്രതീക്ഷവയ്ക്കുന്നതും തെലങ്കാനയിൽ. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാൻ കോൺഗ്രസിന് നന്നേ പണിപ്പെടേണ്ടിവരുമെന്ന് തെളിയിക്കുന്നത് കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം.