ജീവനുള്ള കാലം വരെ ഷീ തന്നെ നയിക്കും
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തും രാജ്യത്തിന്റെ പരമാധികാരി സ്ഥാനത്തും തൽക്കാലം വേറെ ആരും ഉണ്ടാകില്ല. അടുത്തവർഷം ആരംഭിക്കുന്ന മൂന്നാം ടേം മാത്രമല്ല ഇനിയങ്ങോട്ട് ജീവനുള്ള കാലം വരെ ഷീ തന്നെ നയിക്കും ചൈനയേയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും. മാവോയ്ക്കും ഡെങ് സിയാവോ പിങ്ങിനും ആഗ്രഹിച്ചിട്ടും നടക്കാതെ പോയ പരമാധികാരമാണ് ഇപ്പോൾ ഷീയിലേക്ക് എത്തുന്നത്. ജിയാങ് സെമിനും ഹു ജിന്റാവോയ്ക്കും പത്തുവർഷം വീതമാണ് ലഭിച്ചതെങ്കിലും ഷീ അതും കടന്നു പോവുകയാണ്. മാവോയ്ക്കു പോലും പരമാധികാര സ്ഥാനം ഉണ്ടായിരുന്നെങ്കിലും പാർട്ടി ചെയർമാൻ സ്ഥാനത്തിരുന്നത് 9 വർഷം മാത്രമാണ്. അക്കഥയെല്ലാം പൊളിച്ചെഴുതുകയാണ് നവംബർ 8ന് ബീജിങ്ങിൽ ആരംഭിച്ചു കഴിഞ്ഞ ദിവസം സമാപിച്ച പാർട്ടി പ്ലീനം.
advertisement
പരമാധികാരത്തിൽ മാറ്റം വരുത്തുന്ന പ്രമേയം മുൻപും
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തെ ചരിത്രത്തിൽ ഇതിനു മുൻപു രണ്ടു തവണ മാത്രമാണ് പരമാധികാരത്തിൽ മാറ്റം വരുത്തുന്ന പ്രമേയം അവതരിപ്പിച്ചിട്ടുള്ളത്. 1945ൽ മാവോ സേതുങ്ങും. 1981ൽ ഡെങ് സിയാവോപിങ്ങും. 1945ൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ മാവോയുടെ ചിന്തകളാണ് പാർട്ടിയുടെ അടിസ്ഥാന തത്വം എന്ന് അംഗീകരിച്ചു. 1981ൽ ഡെങ് സിയാവോ പിങ് അവതരിപ്പിച്ച പരിഷ്‌കാരങ്ങളാണ് ചൈനയെ വലിയ സാമ്പത്തിക ശക്തിയാക്കിയത്. അതിനു ശേഷം ഇപ്പോൾ ഷീ അവതരിപ്പിച്ച പ്രമേയം പാർട്ടിയിലെ മറ്റു നേതാക്കളെ തന്നെ അപ്രസക്തരാക്കുന്നതാണ്. ഇനി മാവോയുടെ ചിന്തകളല്ല പാർട്ടിയുടെ നയങ്ങൾ. ഷീയുടെ ചിന്തകളായിരിക്കും പാർട്ടി നയം. തീരുമാനങ്ങളെല്ലാം ഷീയിലേക്കു കേന്ദ്രീകരിക്കുമെന്ന് അർത്ഥം.
മാവോയുടെ കാലത്തുപോലും രണ്ടാം അധികാരകേന്ദ്രമായി ഷൂ ദേ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ചൈനയിൽ അങ്ങിനെ ഒരാൾ ആരാണ്? ഷീക്കപ്പുറം ഒരാൾക്കു പോലും പ്രസക്തിയില്ലാത്ത നിലയിലേക്കു ചൈനീസ് സംവിധാനം മാറിക്കഴിഞ്ഞു എന്നും പറയാം.
മാവോയുടെ ചൈനയല്ല, ഷീയുടെ ചൈന
പരമാധികാരത്തിന്റെ ഈ ഷീ സ്വരൂപം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിൽ അത്യപൂർവമാണ്. ലെനിനും ഹിറ്റ്‌ലറും സ്റ്റാലിനും മാവോയും മുതൽ നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തിൽ കണ്ട സദ്ദാം ഹുസൈൻ വരെ. അങ്ങനെയുള്ള പരമാധികാരത്തിന്റെ ചിത്രം ഇപ്പോൾ ചൈനയിൽ മാത്രമേയുള്ളു. റഷ്യൻ പരിസരത്ത് വ്‌ളാഡിമർ പുടിൻ പരമാധികാരിയാണെങ്കിലും ചൈനയുടെ ആൾബലവും ധനശക്തിയും സാങ്കേതിക വളർച്ചയും അവകാശപ്പെടാനില്ല. അടുത്ത ഓക്ടോബറിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഷീ തന്നെ പരമാധികാരിയായി തുടരാനുള്ള പ്രമേയം കൂടിയാണ് 370 അംഗങ്ങൾ പങ്കെടുത്ത പ്ലീനം പരിഗണിച്ചത്. ഷീയുടെ ഭരണത്തുടർച്ചയ്ക്കു മാത്രമല്ല പ്ലീനം രൂപം നൽകിയത്. ഷീക്കൊപ്പമുള്ള മറ്റുള്ളവർ അടുത്തവർഷം വിരമിക്കാനും അവർക്കു പകരക്കാരെ തീരുമാനിക്കാനും നിർദേശം നൽകി. അധികാരത്തുടർച്ച ഷീക്കു മാത്രം എന്നർത്ഥം.
2012ലെ പതിനെട്ടാം പാർട്ടി കോൺഗ്രസിനുശേഷം ഷീയുടെ നേതൃത്വത്തിൽ ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക് വലിയ കുതിപ്പു നടത്തി എന്ന വരികളോടെയാണ് പ്ലീനത്തിന്റെ പ്രമേയം ആരംഭിക്കുന്നത്. ഷീ അല്ലാതെ മറ്റൊരു വ്യക്തിയുടെ പേരുപോലും ആ പ്രമേയത്തിൽ ഇല്ല. രണ്ടു ടേം എന്ന നിബന്ധന കഴിഞ്ഞ പ്ലീനത്തിലാണ് എടുത്തുകളഞ്ഞത്. കലക്ടീവ് ലീഡർഷിപ്പ് അഥവാ കൂട്ടായ നേതൃത്വം എന്ന മാവോയുടെ സങ്കൽപം ഈ പ്ലീനത്തോടെ അക്ഷരാർത്ഥത്തിൽ ഇല്ലാതായി. അടുത്ത ഏതാനും പതിറ്റാണ്ടുകളിലേക്കുള്ള പരിപാടി പ്രഖ്യാപിക്കാൻ പോവുകയാണെന്നാണ് പാർട്ടി പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.
ഇനി മുന്നിലുള്ളത് മാവോയുടെ ചൈനയല്ല. ഷീയുടെ ചൈനയാണ്. അവിടെ ഈ മഞ്ഞുകാലം പഴയ വസന്തങ്ങളുടെ പൂക്കളെ തന്നെ മായ്ച്ചുകളയുകയാണ്. ഇനി വിടരുന്നത് ഷീ മാത്രമായിരിക്കും.