കേന്ദ്രഭരണത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും പിൻബലത്തിലാണ് ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിയ്ക്ക് സർക്കാർ രൂപീകരിക്കാനയതെന്ന് എതിരാളികൾ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ നിശ്ചിത ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഇറങ്ങിപ്പോകേണ്ടിവരുമെന്ന് മറ്റാരേക്കാളും നല്ലതുപോലെ അറിയാവുന്നത് യെദ്യൂരപ്പയ്ക്കാണ്. എന്നാൽ പെട്ടെന്ന് ഇറങ്ങിപ്പോകേണ്ടിവന്നാൽ വെറുതെയങ്ങ് പോകാൻ തയ്യാറല്ലെന്നാണ് യെദ്യൂരപ്പയുടെ പക്ഷം. കർഷക അനുകൂല നിലാപാടിലൂടെ ജനപ്രിയനായി തിരിച്ചിറങ്ങാമെന്നാണ് അദ്ദേഹത്തിന്‍റെ കണക്കുകൂട്ടൽ. തുലാസിലാടുന്ന നിയമസഭ ആരു ഭരിച്ചാലും അഞ്ച് വർഷം തികയ്ക്കാൻ പെടാപ്പാടുപെടും. അതുകൊണ്ടുതന്നെ വൈകാതെ ഒരു തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. അപ്പോൾ പതിൻമടങ്ങ് ശക്തിയോടെ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുംവിധമാണ് യെദ്യൂരപ്പയുടെ ഓരോ നീക്കങ്ങളും.
advertisement
മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മണിക്കൂർ തികയുംമുമ്പ് കർഷകർക്കായി വമ്പൻ പ്രഖ്യാപനം നടത്തിയ യെദ്യൂരപ്പ ബുദ്ധിപരമായി ഭരണകാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ പുനർവിന്യാസമാണ് അതിൽ പ്രധാനം. മുഖ്യമന്ത്രിയായിരുന്ന സിദ്ദരാമയ്യയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നീക്കിയും സ്ഥലംമാറ്റിയുമാണ് യെദ്യൂരപ്പ കളി തുടങ്ങിയത്. പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കി. സിദ്ദരാമയ്യയുടെ അടുപ്പക്കാരായ ഐപിഎസ് ഉദ്യോഗസ്ഥരെയും അദ്ദേഹം സ്ഥലം മാറ്റിയിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ നീക്കം, കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ള ഈഗിൾടൺ റിസോർട്ടിന്‍റെ സുരക്ഷ പിൻവലിക്കാനുള്ള തീരുമാനമാണ്. സിദ്ദരാമയ്യയുടെയും കോൺഗ്രസിന്‍റെയും വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രാമനഗരിയിലെ റിസോർട്ടിന് സുരക്ഷ ഏർപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ചാഞ്ചാടിനിന്ന എംഎൽഎമാർക്ക് പുറത്തുപോകാനും സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ എംഎൽഎമാർക്ക് കൂടുതൽ സ്വതന്ത്രമായി ഇടപെടാവുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതും യെദ്യൂരപ്പയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഒന്നുകിൽ എംഎൽഎമാരെ അടർത്തിയെടുത്തായാലും അധികാരത്തിൽ തുടരുക, അല്ലെങ്കിൽ ഇറങ്ങുപ്പോകുമ്പോൾ കൂടുതൽ കരുത്താർജ്ജിക്കുക- ഇതുതന്നെയാണ് യെദ്യൂരപ്പയുടെ ലക്ഷ്യം.