Also Read- ചൈനയിലും നിരാശ; എന്തുപറ്റി സൈനക്കും സിന്ധുവിനും?
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയുടെ വിജയിയെ നിർണയിക്കുന്ന നിർണായക മത്സരത്തിൽ അവസരത്തിനൊത്തുയർന്നു കളിച്ച ദീപക് ചഹാറിനെ വാഴ്ത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ആകെ എറിഞ്ഞ 20 പന്തുകളിൽ ആറു വിക്കറ്റുകളാണ് ഈ യുവതാരം വീഴ്ത്തിയത്. ഏഴു റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ടി 20യിലെ മികച്ച ബൗളിംഗ് ഫിഗർ കുറിക്കുക മാത്രമല്ല, ആദ്യമായി അഞ്ചുവിക്കറ്റ് എന്ന നേട്ടവും ചഹാർ സ്വന്തമാക്കി. 27കാരനായ ചഹാർ ഹാട്രിക് നേട്ടവും കുറിച്ചിരുന്നു.
advertisement
മാസ്മരിക പ്രകടനത്തിന് പിന്നാലെ കളിയിലെ കേമനായും ചഹാറിനെ തെരഞ്ഞെടുത്തിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുകയാണ് ചഹാർ. ഇതിനിടെയാണ് ഒൻപതുവർഷം മുൻപ് ആകാശ് ചോപ്ര ട്വിറ്ററിൽ നടത്തിയ പ്രവചനം ആരാധകരുടെ കണ്ണിലുടക്കിയത്. പ്രവചനത്തിൽ ഇംഗ്ലണ്ട് ബൗളർ ജോഫ്രെ ആർച്ചറുമായിട്ടാണ് ആരാധകർ ചോപ്രയെ താരതമ്യം ചെയ്യുന്നത്.
'കൂടുതൽ മികച്ച ബൗളർമാരെ കണ്ടെത്തേണ്ടതുണ്ട്. നിർഭാഗ്യകരമെന്ന് പറയട്ടെ അത്തരത്തിലൊരു ടാലന്റിനെ കണ്ടെത്താനായിട്ടില്ല. നിങ്ങൾക്ക് അങ്ങനെ ഒരാളെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു' ആകാശ് ചോപ്രയോട് ഒരാൾ ട്വീറ്റിലൂടെ ചോദിച്ചതാണിത്. ഇതിന് മറുപടിയായി ചോപ്ര കുറിച്ചത് ഇങ്ങനെ- 'ഞാൻ ഒരു മികച്ച യുവതാരത്തെ കണ്ടെത്തി. രാജസ്ഥാനിൽ നിന്നുള്ള ദീപക് ചഹാർ. ഈ പേര് ഓർമയിൽ വെക്കൂ. ഭാവിയിൽ നിങ്ങൾക്ക് ഒരു പാട് കാണാനാകും'. ഈ ട്വീറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.