ചൈനയിലും നിരാശ; എന്തുപറ്റി സൈനക്കും സിന്ധുവിനും?

Last Updated:

കൊറിയക്കും ഡെൻമാർക്കിനും ഫ്രാൻസിനും ശേഷം ചൈനയിലും നിരാശപ്പെടുത്തിയിരിക്കുന്നു പി വി സിന്ധുവും സൈന നെഹ്‍വാളും

രണ്ടര മാസം മുമ്പ് പി വി സിന്ധു ലോകത്തിന്റെ നെറുകയിലെത്തിയെപ്പോൾ നാമത് ഏറെ ആഘോഷിച്ചു. ലോക ചാംപ്യൻഷിപ്പ് നേടിയ താരത്തിന് ഒളിംപിക് സ്വർണവും അപ്രാപ്യമല്ലെന്ന വിലയിരുത്തലുകളായിരുന്നു മിക്കതും. അത്രമാത്രം ആധികാരികമായാണ് സിന്ധു ഒക്കുഹാരയെ തോൽപിച്ച് ലോകചാംപ്യനായത്. എന്നാൽ അതിന് ശേഷമിങ്ങോട്ട് അത്ര നല്ല കാഴ്ചകളല്ല ബാഡ്മിന്‍റൺ കോർട്ടിൽ നിന്ന് കാണാനാകുന്നത്. ലോക ചാംപ്യൻഷിപ്പിന് ശേഷം അഞ്ച് ടൂർണമെന്റുകളിലാണ് സിന്ധു പങ്കെടുത്തത്. ചൈന ഓപ്പണും ഡെൻമാർക്ക് ഓപ്പണുമടക്കമുള്ള മികച്ച അഞ്ചു ടൂർണമന്റുകൾ.. എന്നാൽ ഒന്നിൽ പോലും സെമിയിലെത്താനായില്ല.. ഫ്രഞ്ച് ഓപ്പണിൽ ക്വാർട്ടറിൽ കടന്നതാണ് ഏറ്റവും മികച്ച പ്രകടനം. അവിടെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ തായ് സു യിംഗിന് മുന്നിലാണ് സിന്ധുവിന് അടിതെറ്റിയത്. മറ്റ് നാലിടത്തും ഇന്ത്യൻ താരത്തെ വീഴ്ത്തിയത് റാങ്കിംഗിൽ പിന്നിലുള്ള കളിക്കാർ.. ഏറ്റവുമൊടുവിൽ നടന്ന ഫുഷൌ ചൈന ഓപ്പണിൽ ആദ്യ റൗണ്ടിൽതന്നെ പുറത്ത്.
നിറം മങ്ങി സൈനയും
സൈന നെഹ്വാളാകട്ടെ ഈ വർഷമാദ്യം ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം നേടിയ ശേഷം തീർത്തും നിറം മങ്ങി. 12 ടൂർണമെന്റുകളിൽ ഒന്നിൽപോലും സെമിയിലെത്തിയില്ല.. ചൈനയിലും കൊറിയയിലും ഡെൻമാർക്കിലും എന്തിന് ന്യുസീലൻഡിൽ പോലും ആദ്യ റൗണ്ടിൽ പുറത്താവുകയും ചെയ്തു. 2015 ന് ശേഷം ഒരിക്കൽ പോലും സൂപ്പർ സീരിസ് ഫൈനൽസിൽ കളിക്കാൻ ഒളിംപിക് വെങ്കല മെഡൽ ജേതാവിനായിട്ടില്ല. പ്രായം തളർത്തിത്തുടങ്ങിയ സൈനയിൽ നിന്ന് ഇനി അധികം പ്രതീക്ഷിക്കാനില്ലെന്ന സൂചനകളാണ് പോയ മാസങ്ങളിലെ പ്രകടനം നൽകുന്നത്.
advertisement
പരിശീലക സ്ഥാനമൊഴിഞ്ഞത് സിന്ധുവിന് തിരിച്ചടി
പരിശീലകയായിരുന്ന കിം ജി ഹ്വാൻ സ്ഥാനമൊഴിഞ്ഞത് സിന്ധുവിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. മുഖ്യപരിശീലകനായ ഗോപീചന്ദിന് എല്ലാ ടൂർണമെന്റുകളിലും സിന്ധുവിനൊപ്പം പോകാനാകാത്ത സാഹചര്യത്തിൽ കിമ്മിന്റെ സാന്നിധ്യം ഏറെ ഗുണമായിരുന്നു. നാല് മാസം കിമ്മിനൊപ്പമുള്ള പരിശീലനം ചില ദൗർബല്യങ്ങൾ പരിഹരിക്കാൻ സഹായിച്ചെന്ന് സിന്ധു തന്നെ പറഞ്ഞിട്ടുണ്ട്.
ഒളിംപിക്സ് പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നുവോ?
advertisement
ടോക്യോ ഒളിംപിക്സിന് ബാക്കിയുള്ളത് ഇനി മാസങ്ങൾ മാത്രം. അവിടെ സിന്ധുവിൽ നിന്ന് ഇന്ത്യ ഒരു മെഡൽ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴത്തെ തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട് സൂപ്പർ താരത്തിന്. വലിയ ടൂർണമെന്റുകളിൽ സിന്ധു എപ്പോഴും നന്നായി കളിക്കാറുണ്ട് എന്നതാണ് ആശ്വാസം നൽകുന്ന ഘടകം. ലോക ചാംപ്യൻഷിപ്പ്, വേൾഡ് ടൂർ ഫൈനൽസ്, ഒളിംപിക്സ് തുടങ്ങിയ വലിയ ടൂർണമെന്റുകളുടെ സമ്മർദം ആസ്വദിക്കാറുണ്ടെന്ന് തോന്നിക്കുംവിധമാണ് താരത്തിന്റെ പ്രകടനം.. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ മോശം സമയം അധിക കാലം നീണ്ടുനിൽക്കില്ലെന്ന് കരുതാം.. ഡിസംബറിൽ വേൾഡ് ടൂർ ഫൈനൽസോടെ പഴയ പ്രതാപത്തിലേക്ക് സിന്ധു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചൈനയിലും നിരാശ; എന്തുപറ്റി സൈനക്കും സിന്ധുവിനും?
Next Article
advertisement
രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു
രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിലിറക്കിയില്ല; KSRTC കണ്ടക്ടറെ പിരിച്ചുവിട്ടു
  • രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്‍റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ കണ്ടക്ടറെ പിരിച്ചുവിട്ടു

  • വിജിലൻസ് അന്വേഷണം നടത്തി കണ്ടക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടി സ്വീകരിച്ചു

  • വനിതാ യാത്രികർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ഇറക്കണമെന്ന ഉത്തരവ് ലംഘിച്ചതാണ് പ്രധാനമായ കുറ്റം

View All
advertisement