എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങള്‍ക്കായി ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാണ് ബി സി സി ഐ അയച്ചിരിക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി അവിടെ ആയതിനാലാണ് ശിഖാര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ രണ്ടാം നിര ടീമിനെ ബി സി സി ഐ ശ്രീലങ്കന്‍ പര്യടനത്തിനയച്ചിരിക്കുന്നത്. സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച യുവതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് തുടങ്ങിയ, സീനിയര്‍ താരങ്ങളും ടീമിലുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തും എന്ന ചര്‍ച്ചകള്‍ സജീവമായി തുടരുമ്പോള്‍ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍.
advertisement
നിലവിലെ ഇന്ത്യന്‍ ടി20 ടീമില്‍ കുറച്ച് സ്ഥാനങ്ങള്‍ മാത്രമാണ് ലോകകപ്പിന് മുന്‍പായി അവശേഷിക്കുന്നുള്ളൂ എന്ന് പറഞ്ഞ അഗാര്‍ക്കര്‍ ഓപ്പണിങ്ങില്‍ ഏറെ താരങ്ങള്‍ മികച്ച ബാറ്റിങ് പ്രകടനത്താല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ 6-0ന് തൂത്തുവാരി ഇന്ത്യ എത്തിയാലും ശിഖര്‍ ധവാന് ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
'ക്യാപ്റ്റന്‍സിയിലൂടെ ധവാന് ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 ധവാന്‍ കളിച്ചു. എന്നാല്‍ പിന്നെ വന്ന നാലിലും അദ്ദേഹം പുറത്തിരുന്നു. ഐ പി എല്ലില്‍ തിരിച്ചെത്തി ധവാന്‍ മികവ് കാണിച്ചു. അതിന് മുന്‍പത്തെ സീസണിലും ധവാന്‍ മികവ് കാണിച്ചിരുന്നു. ധവാന്റെ ഭാഗത്ത് നിന്നും ഇവിടെ പിഴവൊന്നും ഉണ്ടാവുന്നില്ല. എന്റെ അഭിപ്രായത്തില്‍ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനായി കളിക്കുക രോഹിത് ശര്‍മയും ലോകേഷ് രാഹുലുമാകും. ഐ പി എല്ലില്‍ അടക്കം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന രാഹുല്‍ രോഹിത്തിനൊപ്പം മുന്‍പ് മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഒപ്പം രോഹിത്തിനൊപ്പം കളിച്ചുള്ള മിന്നും റെക്കോര്‍ഡ് രാഹുലിന് അനുകൂല ഘടകമാണ്.'- അഗാര്‍ക്കര്‍ പറഞ്ഞു.
'രോഹിത് വൈസ് ക്യാപ്റ്റനാണ്. ടീമിലെ രോഹിത്തിന്റെ സ്ഥാനം ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ രാഹുലില്‍ സമ്മര്‍ദം നിറക്കാന്‍ ധവാന് സാധിക്കും. റണ്‍സ് സ്‌കോര്‍ ചെയ്യുകയാണ് ഇതിന് വേണ്ടത്. ഇതിലൂടെ ധവാന് ഇലവനിലേക്ക് തിരികെ എത്താനാവും'- അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.