പ്രചരണാർത്ഥം സംഘടിപ്പിച്ച ടൂർ ഡി കേരള സൈക്ലത്തോണും റോഡ് ഷോയും അവസാന ലാപ്പിലാണ്. കൊല്ലം ജില്ലയിലാണ് നിലവിൽ ടൂർ ഡി കേരള പര്യടനം നടത്തുന്നത്. ജില്ലാ സ്‌പോട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും കായികസമൂഹം വൻവരവേൽപ്പാണ് ഈ റോഡ്‌ഷോയ്‌ക്ക് നൽകുന്നത്. സമ്മിറ്റ് ഉദ്ഘാടന ദിവസത്തിന് തൊട്ടുമുമ്പായി 22ന് കേരളം ഒന്നാകെ നടക്കുന്ന കെ വാക്ക് കാമ്പയിനും അരങ്ങേറും. കേരളം രൂപം നൽകിയ പുതിയ കായിക പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുകയും കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം.
advertisement
13 വിഷയങ്ങളിലായി 105 ദേശീയ, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. 13 വേദികളിലായി വിവിധ സെമിനാറുകൾ, പരിപാടികളാണ് നാല് ദിവസത്തെ ഉച്ചകോടിയിൽ ഉണ്ടാകുക. കായിക ഉച്ചകോടിയുടെ രണ്ടാം ദിനം രാവിലെ ഉച്ചകോടിയുടെ തീം അവതരിപ്പിക്കും. കായിക സമ്പദ്ഘടന, കായിക വ്യവസായം, കായികമേഖലയിലെ നിർമിത ബുദ്ധി, ഇ സ്പോർട്സ്, മറ്റ് സാങ്കേതിക മുന്നേറ്റങ്ങൾ, തനത് കായിക ഇനങ്ങളും വിനോദസഞ്ചാരവും, ഇൻവെസ്റ്റർ കോൺക്ലേവ് തുടങ്ങിയ പരിപാടികൾ നടക്കും.
മൂന്നാം ദിനം കായികമേഖലയുടെ സുസ്ഥിര വികസനം, ലീഗിൽ നിന്നുമുള്ള പാഠങ്ങൾ, കായിക മേഖലയുടെ താഴെക്കിടയിലുള്ള വികസനം, കായികമേഖലയിലെ മേന്മ, എഞ്ചിനീയറിംഗ്, മാനേജ്‌മന്റ്, ടെക്നോളജിയുടെ സ്വാധീനവും വളർച്ചയും, കായിക ആരോഗ്യവും ചികിത്സയും തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ ഉണ്ടാകും. നാലാം ദിനം ഇതിഹാസ താരങ്ങളുമായുള്ള സംവാദം, കായിക അക്കാദമികൾ ഹൈ പെർഫോമിംഗ് സെന്റർ, മാധ്യമങ്ങളും കായികവും തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ ഉണ്ടാകും. സ്റ്റാർട്ടപ്പ് പിച്ച്, ഇൻവെസ്റ്റർ കോൺക്ലേവ്, എക്സിബിഷൻ, ബയർ - സെല്ലർ മീറ്റ്, ഇ സ്പോർട്സ് ഷോക്കേസ്, സ്പോർട്സ് കമ്മ്യൂണിറ്റി നെറ്റ്വർക്കിങ്, സ്പോർട്സ് പ്രമേയമായ സിനിമകളുടെ പ്രദർശനം, ഹെൽത്തി ഫുഡ് ഫെസ്റ്റിവൽ, മോട്ടോർ ഷോ തുടങ്ങിയവയാണ് അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന പ്രധാന പരിപാടികൾ.
500ലധികം തദ്ദേശസ്ഥാപനങ്ങളിൽ ഇതിനകം മൈക്രോ സമ്മിറ്റുകൾ പൂർത്തിയാക്കി. ഡിജിറ്റൽ സമ്മിറ്റുകളും സജീവമായി നടന്നുവരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇതുവരെ 600ഓളം മുഴുസമയ പ്രതിനിധികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. കേരളത്തിലെ കായിക മേഖലയിൽ നിർണായക വികസനങ്ങൾക്ക് വഴിതുറക്കുന്ന ധാരണാപത്രങ്ങൾ ഉച്ചകോടിയിൽ ഒപ്പുവയ്ക്കും. ഇവയുടെ കരട് തയ്യാറാക്കൽ പ്രക്രിയ അന്തിമഘട്ടത്തിലാണ്. പുതിയ കായികനയത്തിന്റെ പിൻബലത്തിൽ കേരള കായികമേഖല വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ്. അതിനുള്ള ഉജ്ജ്വല തുടക്കമാകും സ്‌പോട്‌സ് സമ്മിറ്റെന്ന് കായിക യുവജനകാര്യ മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.