ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ലെന്നും അത് ജനങ്ങളുടെ ജീവിതമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമുമായി ലോക് കല്യാൺ മാർഗിലെ തന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ടീമിന്റെ ചരിത്രപരമായ ലോകകപ്പ് വിജയത്തിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ടൂർണമെന്റിലെ ദുഷ്‌കരമായ തുടക്കത്തെ മറികടന്ന് ഇന്ത്യയുടെ കന്നി 50 ഓവർ ലോകകപ്പ് ട്രോഫി ഉയർത്തിയതിന് പ്രധാനമന്ത്രി മോദി ക്രിക്കറ്റ് കളിക്കാരെ യോഗത്തിൽ പ്രശംസിച്ചു. ബുധനാഴ്ചയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചത്.
advertisement
"ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല, അത് ജനങ്ങളുടെ ജീവിതമായി മാറിയിരിക്കുന്നു. ക്രിക്കറ്റിൽ എല്ലാം നന്നായി നടന്നാൽ, രാജ്യം മുഴുവൻ നല്ലതായി തോന്നും, പക്ഷേ ക്രിക്കറ്റിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, രാജ്യം മുഴുവൻ നടുങ്ങും," പ്രധാനമന്ത്രി പറഞ്ഞു. തിരികെ വീട്ടിലെത്തിയിട്ട് പഠിച്ച സ്കൂൾ സന്ദർശിക്കണമെന്നും അവിടെയുള്ള കുട്ടികളോട് സംസാരിക്കണമെന്നും അത് അവർക്ക് വലിയ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി ടീം അംഗങ്ങളോട് അഭ്യർത്ഥിച്ചു.
"ടീം സ്പിരിറ്റ് ഏറ്റവും പ്രധാനമാണ്. ടീം സ്പിരിറ്റ് എന്നത് കളിക്കളത്തിൽ എന്ത് സംഭവിക്കുന്നു എന്നതിനെ മാത്രമല്ല സൂചിപ്പിക്കുന്നത്. 24 മണിക്കൂറും ഒരുമിച്ച് ചെലവഴിക്കുമ്പോൾ, ഒരുതരം ബന്ധം സ്വാഭാവികമായി രൂപപ്പെടുന്നു. അപ്പോൾ മാത്രമേ യഥാർത്ഥ ഐക്യം സംഭവിക്കൂ," പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. ടീം ഹെഡ് കോച്ച് അമോൽ മജുംദാറും ക്യാപ്റ്റൻ ഹർമൻ പ്രീത് കൌർ, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവരടക്കമുള്ള താരങ്ങളും പ്രധാനമന്ത്രിയുമായി തങ്ങളുടെ അനുഭവവങ്ങൾ പങ്കുവച്ചു. പ്രധാനമന്ത്രിയുമായുള്ള ടീമിന്റെ കൂടിക്കാഴ്ചയുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
