കോവിഡ് 19 കാലം തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധിക്കാലം ആയിരുന്നുവെന്ന് ഇഎസ്പിഎൻ ക്രിക് ഇൻഫോയോട് സംസാരിക്കവേ നിതീഷ് കുമാർ പറഞ്ഞു. “കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ സമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ ഒന്നായിരുന്നു ടൊറന്റോ. ക്രിക്കറ്റിനെക്കുറിച്ച് അപ്പോൾ ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. എന്നാൽ കളിക്കണമെന്ന ആഗ്രഹം എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു,” നിതീഷ് പറഞ്ഞു.
അങ്ങനെയാണ് 26ാം വയസ്സിൽ നിതീഷ് അമേരിക്കയിലെത്തുന്നത്. ക്രിക്കറ്റ് കളിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. “എനിക്ക് കാത്തിരിക്കാൻ വയ്യായിരുന്നു. ക്രിക്കറ്റ് കളിക്കാൻ അത്രയ്ക്ക് ആഗ്രഹമായിരുന്നു,” രാജ്യം മാറിയതിനെക്കുറിച്ച് നിതീഷ് പറഞ്ഞു. ഒന്റാറിയോയിൽ സ്ഥിര താമസക്കാരായ ഇന്ത്യൻ വംശജരാണ് നിതീഷിൻെറ രക്ഷിതാക്കൾ.
advertisement
ക്രിക്കറ്റ് പാരമ്പര്യം താരത്തിന് അച്ഛനിൽ നിന്ന് ലഭിച്ചതാണ്. ടൊറന്റോ ക്രിക്കറ്റ് ക്ലബ്ബിൽ അംഗമായിരുന്നു അച്ഛൻ. നിതീഷിന്റെ സ്കൂൾ, കോളേജ് വിദ്യഭ്യാസം ഇംഗ്ലണ്ടിലായിരുന്നു. അക്കാലത്തും താരം ക്രിക്കറ്റ് കളിക്കുമായിരുന്നു. ലോഫ്ബറോയ്ക്ക് വേണ്ടി നോട്ടിങ്ങാംഷെയറിനെതിരെ 141 റൺസ് നേടി താരം ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു.
ചെറുപ്പകാലം മുതൽക്ക് തന്നെ നിതീഷ് കുമാറിനെ സഹകളിക്കാർ ‘ടെണ്ടുൽക്കർ’ എന്നാണ് വിളിച്ചിരുന്നത്. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ശൈലിയിൽ ബാറ്റ് ചെയ്യുന്നതായിരുന്നു ഇതിന് കാരണം. “ആരാണ് എന്നെ ആദ്യമായി ടെണ്ടുൽക്കർ എന്ന് വിളിച്ചതെന്ന് ഓർമ്മയില്ല. ഞാൻ സച്ചിന്റെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്റെ മത്സരങ്ങളുടെ വീഡിയോകൾ ആവർത്തിച്ച് കാണാറുണ്ട്. അദ്ദേഹത്തിന്റെ ശൈലിയും ഹെൽമറ്റും പാഡും വരെ ഞാൻ കോപ്പി അടിച്ചിട്ടുണ്ട്,” നിതീഷ് പറഞ്ഞു. കാനഡയിലും യു കെയിലും അമേരിക്കയിലുമൊക്കെയാണ് ജീവിച്ചതെങ്കിലും ഇപ്പോഴും തന്റെ കുടുംബം ഇന്ത്യൻ വേരുകൾ നിലനിർത്തുന്നവർ തന്നെയാണെന്നും നിതീഷ് കൂട്ടിച്ചേർത്തു.
2009 മുതൽ 2013 വരെ കാനഡയിൽ നിതീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ യുകെയിൽ എംസിസി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും കളിച്ചു. കാനഡയ്ക്ക് വേണ്ടി 2010ലായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. 16 ഏകദിനങ്ങളും 18 ടി20കളും കളിച്ചു. കാനഡയ്ക്കായി 2019ലാണ് അവസാനമായി പാഡണിഞ്ഞത്.
2024 ഏപ്രിലിൽ അമേരിക്കയ്ക്ക് വേണ്ടി നിതീഷ് ആദ്യമായി കളിച്ചപ്പോൾ തൻെറ മുൻ ടീമായ കാനഡയായിരുന്നു എതിരാളികൾ എന്നത് രസകരമായ കാര്യമാണ്. മത്സരത്തിൽ 64 റൺസ് നേടിയ നിതീഷ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി. വെസ്റ്റിൻഡീസിലെ പ്രാദേശിക ലിസ്റ്റ് എ ക്രിക്കറ്റിലും താരം കളിച്ചിട്ടുണ്ട്. 2016ലെ സിപിഎല്ലിൽ സെന്റ് ലൂസിയ സൗക്ക്സിന് വേണ്ടിയും കളിച്ചു.