ബഗാനും ഈസ്റ്റ് ബംഗാളും ചർച്ചിലും
നിലവിലെ ചാംപ്യൻമാരായ ചെന്നൈ സിറ്റിക്കൊപ്പം ഇന്ത്യൻ ഫുട്ബോളിലെ കരുത്തൻമാരുടെ നിരയിൽ എന്നുമിടമുള്ള ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് എന്നിവരും പ്രതീക്ഷയോടെ ബൂട്ട് കെട്ടുന്നു. മുൻ ചാംപ്യൻമാരായ മിനർവ പഞ്ചാബ് എത്തുന്നത് പഞ്ചാബ് എഫ് സി ആയി. രാഷ്ട്രീയ പ്രതിസന്ധികൾ കളിയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാൻ റിയൽ കശ്മീർ.. മണിപ്പൂരിന്റെ രണ്ടാം പ്രതിനിധിയായി നെരോക്ക എഫ് സിയും മിസോറാമിന്റെ സംഘമായ ഐസ്വാൾ എഫ് സിയും.. യുവനിരയായ ഇന്ത്യൻ ആരോസ്. ഇവർക്കെല്ലാമൊപ്പമുണ്ട് മലയാളത്തിന്റെ മലബാറിയൻസായ ഗോകുലം കേരള
advertisement
നന്നായി തുടങ്ങി ഗോകുലം; പ്രതീക്ഷയോടെ കേരളം
ഗോകുലത്തിന്റെ മൂന്നാം സീസണാണ് ഇക്കുറി. ആദ്യ തവണ ഏഴാം സ്ഥാനത്തെത്തിയ ഗോകുലം കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്തത് ഒന്പതാം സ്ഥാനത്ത്. ഇത്തവണ പക്ഷെ അതിൽ നിന്നൊരു മാറ്റമാണ് ക്ലബ് ലക്ഷ്യമിടുന്നത്. പരിശീലകനായി ഫെർണാണ്ടോ സാന്റിയാഗോ വരേലയെ തിരികെയെത്തിച്ച ടീമിന് ഡുറൻഡ് കപ്പ് നേടാനായതിന്റെ ആത്മവിശ്വാസവുമുണ്ട്. ആദ്യ മത്സരത്തിൽ നെരോക്ക എഫ് സിയെ തോൽപിച്ച ഗോകുലം ആശിച്ച തുടക്കമാണ് കോഴിക്കോട് കിട്ടിയത്. ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ടീമിന്റെ തുറുപ്പുചീട്ട്. കൂട്ടിന് ഹെൻറി കിസേക്കയുമുണ്ട്. ഗോൾവല കാക്കാൻ ഉബൈദ്. പ്രീ സീസണിൽ കളിച്ച 9 കളികളിൽ ഏഴിലും ഗോൾവഴങ്ങിയ പ്രതിരോധത്തിലാണ് ചെറിയ ആശങ്ക. കോഴിക്കോട്ട കാണികളുടെ പിന്തുണ കൈ മെയ് മറന്ന് പോരാടാൻ ടീമിന് ഉണർവേകുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ
കാഴ്ചക്കാരുണ്ടാകുമോ ലീഗിന്?
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഐ ലീഗ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡി സ്പോർട്സാണ്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി നേരത്തെ തന്നെ കരാറുണ്ടായിട്ടും സ്റ്റാർ സ്പോർട്സ് ഐ ലീഗ് സംപ്രേഷണം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചത് ലീഗിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ സൂചനയും നൽകുന്നു. സീസണിലെ ആദ്യ മത്സരങ്ങളുടെ സംപ്രേഷണം അത്ര നിലവാരം പുലർത്തിയതുമില്ല.