ലിട്ടൺ ദാസ് 16(17), തമീം ഇക്ബാൽ 36(56), സൗമ്യ സർക്കാർ 3 (10), മഹ്മൂദുള്ള 27(38), മൊസാദക് ഹുസൈൻ 35 (24) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. മുഹമ്മദ് സെയ്ഫുദ്ദീൻ രണ്ട് റൺസുമായി പുറത്താകാതെ നിന്നു. 69 പന്തിൽ ഒരു ബൗണ്ടറി സഹിതം 51 റൺസെടുത്ത ഷാക്കിബ് ഈ ലോകകപ്പിൽ അഞ്ചാം തവണയാണ് 50 കടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഓസീസിനെതിരെ 41 റൺസെടുത്തതാണ് ഇതുവരെയുള്ള ചെറിയ സ്കോർ. മാത്രമല്ല, ലോകകപ്പിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തുകയും ചെയ്തു. ഏകദിനത്തിലെ 45ാം അർധസെഞ്ചുറി കുറിച്ച ഷാക്കിബ്, രണ്ടാം വിക്കറ്റിൽ തമിം ഇക്ബാലിനൊപ്പവും മൂന്നാം വിക്കറ്റിൽ മുഷ്ഫിഖുർ റഹിമിനൊപ്പവും അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ തമീം – ഷാക്കിബ് സഖ്യം 59 റൺസും മൂന്നാം വിക്കറ്റിൽ റഹിം – ഷാക്കിബ് സഖ്യം 61 റൺസുമാണ് കൂട്ടിച്ചേർത്തത്.
advertisement
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 23 റൺസുള്ളപ്പോഴാണ് ബംഗ്ലദേശിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 17 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 16 റൺസെടുത്ത ലിട്ടൺ ദാസാണ് പുറത്തായത്. മുജീബുർ റഹ്മാന്റെ പന്തിൽ ഹഷ്മത്തുല്ല ഷാഹിദി ക്യാച്ചെടുത്തു. രണ്ടാം വിക്കറ്റിൽ ഷാക്കിബ് അൽ ഹസ്സനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തതിന് പിന്നാലെ തമിം ഇക്ബാൽ പുറത്തായി. 53 പന്തിൽ നാലു ബൗണ്ടറി സഹിതം 36 റൺസെടുത്ത തമീമിനെ പുറത്താക്കി മുഹമ്മദ് നബിയാണ് കൂട്ടുകെട്ടു പൊളിച്ചത്. ഇരുവരും ചേർന്ന് ബംഗ്ലാ സ്കോർ ബോർഡിൽ ചേർത്തത് 59 റൺസ്.
പിന്നീടെത്തിയ മുഷ്ഫിഖുർ റഹിമിനെ കൂട്ടുപിടിച്ച് ഷാക്കിബ് വീണ്ടും അർധസെഞ്ചുറി കൂട്ടുകെട്ടു സ്ഥാപിച്ചു. ഇതിനിടെ ഈ ലോകകപ്പിൽ അഞ്ചാം തവണയും 50 കടക്കുകയും ചെയ്തു. സ്കോർ 143ൽ നിൽക്കെ ഷാക്കിബിനെ എൽബിയിൽ കുരുക്കി മുജീബുർ റഹ്മാനാണ് അഫ്ഗാന് സ്വപ്ന വിക്കറ്റ് സമ്മാനിച്ചത്.
ഇന്ത്യക്കെതിരെ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് അഫ്ഗാൻ ഇറങ്ങിയത്. അഫ്താബ് ആലം, ഹസ്രത്തുല്ല സസായ് എന്നിവർക്കു പകരം സമീയുല്ല ഷിൻവാരി, ദൗലത്ത് സദ്രാൻ എന്നിവർ ടീമിലെത്തി. ബംഗ്ലദേശ് നിരയിൽ റൂബൽ ഹുസൈൻ, സാബിർ റഹ്മാൻ എന്നിവർക്കു പകരം സയ്ഫുദ്ദീനും മൊസാദേക് ഹുസൈനും ഇടംപിടിച്ചു. ആറു മത്സരങ്ങളിൽനിന്ന് രണ്ടു ജയം ഉൾപ്പെടെ അഞ്ചു പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ബംഗ്ലദേശ്. സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയിച്ചേ മതിയാകൂ.

