ഇന്ത്യയ്ക്കു വേണ്ടി വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105), രോഹിത് ശർമ (48), ശുഭ്മാന്‍ ഗില്‍ (80) റൺസ് നേടി. വിരാട് കോഹ്ലിയുടെ ഇതിഹാസ ബാറ്റിങ്ങാണ് ഇന്ത്യയെ പടുകൂറ്റൻ സ്കോറിലേക്ക് നയിച്ചതെങ്കിൽ ബൗളിങ് നിരയിൽ മുഹമ്മദ് ഷമിയും റെക്കോർഡ് കുറിച്ചു. 9.5 ഓവറില്‍ 57 റൺസ് വഴങ്ങി 7 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
119 പന്തില്‍ ഏഴ് സിക്‌സും ഒമ്പത് ഫോറുമടക്കം 134 റണ്‍സെടുത്ത ഡാരിൽ മിച്ചൽ ഇന്ത്യൻ ടീമിനെ ആശങ്കയിലാഴ്ത്തിയെങ്കിലും 46ാം ഓവറിൽ സിറാജിന്റെ ബോളിൽ പുറത്തായതോടെ കീവി പടയുടെ അന്ത്യമായി.
advertisement
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അതിവേഗം അമ്പത് വിക്കറ്റെടുക്കുന്ന താരമെന്ന ലോക റെക്കോഡ് ഷമി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോഡാണ് ഷമി പഴങ്കഥയാക്കിയത്. 17 മത്സരങ്ങളിൽ നിന്നാണ് ഷമി 50 വിക്കറ്റ് നേടിയത്. 19 മാച്ചുകളിൽ നിന്നാണ് സ്റ്റാർക്ക് റെക്കോർഡ് നേടിയത്.
398 റണ്‍സ് വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ന്യൂസിലന്റിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ഡെവോണ്‍ കോണ്‍വെ (13), രചിന്‍ രവീന്ദ്ര (13) എന്നിവരെ നഷ്ടമായി. മുഹമ്മദ് ഷമിയായിരുന്നു ഇരുവരുടേയും വിക്കറ്റ് നേടിയത്.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ – ഡാരില്‍ മിച്ചല്‍ സഖ്യം കീവിസിന് പ്രതീക്ഷയേകി. 181 റൺസാണ് സഖ്യം നേടിയത്. 33-ാം ഓവറില്‍ ബുംറയുടെ പന്തിൽ വില്യംസൺ പുറത്തായി. അതേ ഓവറില്‍ ടോം ലാഥത്തെ (0) യും പുറത്തായി.
അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സുമായി ചേർന്ന് മിച്ചൽ ഇന്ത്യൻ ടീമിനും ആരാധകർക്കും മുന്നിൽ തീകോരിയിട്ടു. പക്ഷേ 43-ാം ഓവറില്‍ ബുംറ ഫിലിപ്‌സിനെ മടക്കി. പിന്നാലെ മാര്‍ക്ക് ചാപ്മാനെ (2) മടക്കി കുല്‍ദീപും പുറത്താക്കി.
സെഞ്ചുറി ‘കിംഗ്’; ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്ലി
29 പന്തിൽ 47 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് സൗത്തി ആദ്യം നേടിയത്. ഈ സമയം ഇന്ത്യയുടെ സ്കോർ 8.2 ഓവറില്‍ 71. പിന്നീട് ക്രീസിലെത്തിയ കോഹ്ലിയുടെ തേരോട്ടമായിരുന്നു ന്യൂസിലന്റ് കണ്ടത്. 113 പന്തിൽ 117 റൺസാണ് കോഹ്ലി നേടിയത്. 70 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യർ 105 റൺസ് നേടി. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാമത്തെ ഫൈനലിനാണ് രോഹിത്തും സംഘവും യോഗ്യത നേടിയത്. ആദ്യ ഫൈനലിൽ കപിലിന്റെ ചെകുത്താന്മാർ കപ്പുയർത്തിയപ്പോൾ രണ്ടാം ഫൈനലിൽ ദാദയും കൂട്ടരും പരാജയം രുചിച്ചു. 2011ലെ മൂന്നാമത്തെ ഫൈനലിൽ ക്യാപ്റ്റൻ കൂളും പോരാളികളും ഒരിക്കൽ കൂടി ലോകകിരീടം ഇന്ത്യയിലെത്തിച്ചു. നവംബർ 19 ന് മറ്റൊരു ഫൈനലിന് കൂടി ഇന്ത്യ യോഗ്യത നേടിയപ്പോൾ രോഹിത്തും സംഘവും കപ്പുയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളുമായി ഞായറാഴ്ച ഇന്ത്യ ഫൈനൽ പോരാട്ടത്തിന് ഇറങ്ങും.