ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് പുറത്തായി. 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഷഹബാസ് അഹമ്മദും മുഹമ്മദ് സിറാജും വാഷിങ്ടൻ സുന്ദറും രണ്ട് വിക്കറ്റ് വീതം നേടി. ജയത്തോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളും നേടിയാണ് പരമ്പര നേടിയത്.
നൂറ് റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്തയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ആദ്യ വിക്കറ്റിൽ 42 റണ്‍സ് ചേർത്ത് മികച്ച തുടക്കം നൽകി. ഏഴാം ഓവറിലെ ആദ്യ പന്തിൽ ധവാനെ മാര്‍ക്കോ യാന്‍സണ്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. 14 പന്തിൽ എട്ട് റൺസാണ് ധവാന്റെ സമ്പാദ്യം.
advertisement
Also Read- ശ്രേയസ് അയ്യരും (113*) ഇഷാൻ കിഷനും (93) തിളങ്ങി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം
പിന്നീടെത്തിയ ഇഷാൻ കിഷനും ഗില്ലും ചേർന്ന് ടീം സ്കോർ 58 ൽ എത്തിച്ചപ്പോൾ . ഇമാദ് ഫോര്‍ട്യൂയിന്റെ പന്തിൽ കിഷൻ പുറത്തായി. 18 പന്തുകളില്‍ നിന്ന് 10 റണ്‍സ് നേടിയാണ് കിഷൻ മടങ്ങിയത്.
പിന്നീടെത്തിയ ശ്രേയസ് അയ്യർ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. എന്നാൽ വിജയത്തിന് തൊട്ടടുത്ത് വെച്ച് ഗിൽ പുറത്തായത് നിരാശപ്പെടുത്തി. അർധ സെഞ്ചുറി തികയ്ക്കാനാകാതെയാണ് ഗിൽ ക്രീസിൽ നിന്ന് മടങ്ങിയത്. 57 പന്തുകളില്‍ 49 റൺസ് ഗിൽ നേടിയിരുന്നു. എട്ട് തവണ ഗില്ലിന്റെ ബാറ്റിൽ നിന്ന് പന്ത് ബൗണ്ടറി കടന്നു. ലുങ്കി എന്‍ഗിഡിയാണ് ഗില്ലിന്റെ വിക്കറ്റ് നേടിയത്.
ഗില്ലിനു ശേഷം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. രണ്ട് റൺസ് എടുത്ത് സഞ്ജു ശ്രേയസിന് പിന്തുണ നൽകി. സിക്സറടിച്ചാണ് ശ്രേയസ് ഇന്ത്യയ്ക്ക് പരമ്പര സമ്മാനിച്ചത്. 23 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും അടിച്ച് 28 റൺസാണ് ശ്രേയസ് നേടിയത്.