മത്സരം നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിന് സമനിലയായിരുന്നു. ഇന്ത്യക്കായി ഹർദിക് സിംഗ് (13′), ഹർമൻപ്രീത് സിംഗ് (58′) എന്നിവർ ഓരോ ഗോൾ വീതം നേടിയപ്പോൾ ജിപ് ജാൻസൻ (30′), കോയിൻ ബിജെൻ (39′) എന്നിവർ ഡച്ചുകാർക്കുവേണ്ടി ലക്ഷ്യം കണ്ടു.
ലോക ഒന്നാം നമ്പർ ടീമായ ഹോളണ്ട് തുടക്കംമുതൽ അതിവഗത്തിലുള്ള മുന്നേറ്റമാണ് നടത്തിയത്. നിരന്തരം ഗോളവസരങ്ങൾ തുറന്നെങ്കിലും ഇന്ത്യൻ ഗോളി കൃഷൻ ബി പഥക് ഡച്ചുകാരെ തുടക്കത്തിൽ ലീഡ് നേടുന്നതിൽനിന്ന് ചെറുത്തു. എന്നാൽ മത്സരഗതിക്ക് വിപരീതമായി 13-ാം മിനിട്ടിൽ ഇന്ത്യ മുന്നിലെത്തി. ഒരു ഓപ്പൺ പ്ലേയിലൂടെയാണ് ഹാർദിക് ഇന്ത്യയെ മുന്നിലെത്തിച്ചത്.
advertisement
രണ്ടാം പാദത്തിൽ ഇന്ത്യൻ ആധിപത്യത്തോടെയാണ് തുടങ്ങിയത്. എന്നാൽ ഡച്ച് ബോക്സിൽ അപകടം സൃഷ്ടിക്കുന്നതിൽ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. തുടർച്ചയായി പെനാൽറ്റി കോർണറുകൾ നേടിയെങ്കിലും ലക്ഷ്യം കാണാൻ ആതിഥേയർക്ക് സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഹോളണ്ട് ഒപ്പമെത്തി. പെനാൽറ്റി കോർണറിൽ ജാൻസനാണ് ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചും പ്രതിരോധിച്ചും കളി മുന്നോട്ടുകൊണ്ടുപോയി. എന്നാൽ 39-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കോർണറിന് ശേഷമുള്ള റീബൌണ്ടിലൂടെ കോയിൻ ബിജെൻ ഹോളണ്ടിന് ലീഡ് സമ്മാനിച്ചു. മൂന്നാം പാദം അവസാനിക്കാൻ 30 സെക്കൻഡിൽ താഴെ മാത്രം ശേഷിക്കെ നെതർലൻഡ്സിന് മറ്റൊരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യ അപകടം ഒഴിവാക്കി.
അവസാന പാദത്തിന് ആവേശകരമായ തുടക്കത്തിൽ ഇരു ടീമുകളും ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഡച്ചുകാരുടെ പെനാൽറ്റി കോർണറുകൾ നഷ്ടമായപ്പോൾ, സർക്കിളിനുള്ളിൽനിന്ന് ഇന്ത്യയുടെ ഷോട്ട് ലക്ഷ്യം കാണാതെ പോയി.
ഇന്ത്യ ഡച്ചുകാരുടെ മേൽ നിരന്തരമായ സമ്മർദ്ദം ചെലുത്തി, 55-ാം മിനിറ്റിൽ തുടർച്ചയായി പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും അവസരങ്ങൾ പ്രയോജനപ്പെടുത്താനായില്ല.
മത്സരം അവസാനിക്കാൻ 3 മിനിട്ട് ശേഷിക്കെ ഇന്ത്യ പഥക്കിനെ പിൻവലിച്ചു ശ്രീജേഷിനെ ഇറക്കി. മത്സരം ഷൂട്ടൗട്ടിലേക്ക് പോകുമെന്ന് ഉറപ്പായതോടെയാണ് ഈ നീക്കം. പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു.
ഷൂട്ടൗട്ടിൽ ഇന്ത്യ നാല് തവണ ലക്ഷ്യം കണ്ടപ്പോൾ ഹോളണ്ടിന് രണ്ട് തവണ മാത്രമാണ് ശ്രീജേഷിനെ മറികടക്കാനായത്.
ഫെബ്രുവരി 15 വ്യാഴാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ആദ്യ മത്സരത്തിൽ ഇന്ത്യ സ്പെയിനെ 4-1ന് തോൽപ്പിച്ചിരുന്നു.