മുംബൈയിലെ ഹോട്ടലിൽ ബയോബബിളിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. കോവിഡ് നെഗറ്റീവായതിന്‍റെ ആര്‍ടി-പിസിആര്‍ പരിശോധനാഫലവും സംഘത്തിന്റെ കയ്യിലുണ്ട്. സതാംപ്ടണിൽ ക്വാറന്റൈൻ ആരംഭിക്കുന്നതിന് മുമ്പും താരങ്ങളും സ്റ്റാഫും വീണ്ടും പരിശോധനയ്ക്ക് വിധേയരായി. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ന്യൂസിലന്‍ഡിന്‍റെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്.
ഇന്ത്യന്‍ പുരുഷ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ആരംഭിക്കുക. ജൂണ്‍ 18ന് സതാംപ്ടണിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഇന്ത്യന്‍ വനിതാ ടീം, ഇംഗ്ലീഷ് വനിതകളുമായി ഒരു ടെസ്റ്റ് മത്സരം കളിക്കും. ഈ മാസം 16ന് ബ്രിസ്റ്റോളില്‍ ടെസ്റ്റ് ആരംഭിക്കും. ടെസ്റ്റിനുശേഷം ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടുമായി മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന, ടി 20 പരമ്പരകളും കളിക്കും. ഇന്ത്യന്‍ വനിതകളുടെ ഇംഗ്ലണ്ട് പര്യടനം ജൂലൈ പതിനഞ്ചിന് സമാപിക്കും. പുരുഷ ടീമിന് ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക.
advertisement
ഇനിയുള്ള മൂന്ന് മാസക്കാലത്തോളം ഇന്ത്യന്‍ പുരുഷ ടീം ഇംഗ്ലണ്ടില്‍ ആയിരിക്കും. 20 അംഗ ഇന്ത്യന്‍ ടീമിനെയാണ് ബി സി സി ഐ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം അഞ്ച് സ്റ്റാന്റ്ബൈ താരങ്ങളെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ കളിക്കാര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ഏകദിന ലോകകപ്പിന്റെ പ്രാധാന്യത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. തൊണ്ണൂറുകളിലെ റെട്രോ ജേഴ്സിയിലാകും ഇന്ത്യ കീവീസിനെതിരായ കലാശപ്പോരാട്ടത്തിന് ഇറങ്ങുക. ഇന്ത്യന്‍ ടീമിനെയും നായകന്‍ വിരാട് കോഹ്ലിയെയും സംബന്ധിച്ച് ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ എല്ലാം തന്നെ അഭിമാന പ്രശ്‌നമാണ്.
News summary: Indian team will start practice in England today ahead of the World Test Championship final.