26 വർഷത്തിനിടയിൽ ആദ്യമായാണ് യുഎസ് ഓപ്പൺ വനിതാ ഫൈനലിൽ ആദ്യ സെറ്റ് പരാജയപ്പെട്ട താരം കിരീടം നേടുന്നത്. 1994 ൽ സ്റ്റെഫി ഗ്രാഫിന് എതിരെ അരാൻക്സ സാൻഷേയാണ് 1-6,7-6(7-3),6-4 ന് വിജയിച്ചത്.
ഒരു മണിക്കൂർ 53 മിനുട്ട് നീണ്ട വാശിയേറിയ പോരാട്ടമാണ് ആർതെർ ആഷെ സ്റ്റേഡിയത്തിൽ മുൻ ഒന്നാം നമ്പർ താരങ്ങൾ തമ്മിൽ നടന്നത്. ആദ്യ സെറ്റ് അസരെങ്ക നിഷ്പ്രയാസം നേടിയപ്പോൾ രണ്ടാം സെറ്റ് തൊട്ട് ഒസാക കളിയിലെ താളം വീണ്ടെടുത്തു. ഒന്നാം സെറ്റിൽ 6-1 നാണ് ഒസാക സെറ്റ് നഷ്ടമാക്കിയത്. ഊർജമില്ലാത്ത റിട്ടേണുകളായിരുന്നു ഒസാകയുടേത്. ആദ്യ സെറ്റിൽ നേടിയ ഏക പോയിന‍്റ് അസരെങ്കയുടെ പിഴവ് കൊണ്ട് ലഭിച്ചതും.
എന്നാൽ രണ്ടാം സെറ്റിൽ കളി മാറി. എയ്സുകളും കനത്ത റിട്ടേണുകളും മാറി മാറി വന്ന ബ്രേക്ക് പോയിന്റുകളുമായി കളി കത്തിക്കയറി. രണ്ടാം സെറ്റിലും ഫൈനൽ സെറ്റിലും നിർണായകമായത് ബ്രേക്ക് പോയിന്റുകളാണ്. പന്ത്രണ്ട് ബ്രേക്ക് പോയിന്റുകളിൽ 5 എണ്ണം ഒസാക നേടിയപ്പോൾ അസരെങ്കയുടേത് 5/10 ആയിരുന്നു.
ആറ് എയ്സുകളാണ് ഒസാക പറത്തിവിട്ടത്. അസരെങ്കയുടെ റാക്കറ്റിൽ നിന്നും പിറന്നത് മൂന്ന് എയ്സുകൾ. ആദ്യ സെറ്റിൽ സമ്മർദ്ദമില്ലാതെ കളിച്ച അസരങ്കെ രണ്ടാം മത്സരത്തിൽ ഒസാകയുടെ തിരിച്ചു വരവിന് മുന്നിൽ അൽപ്പം പതറി. എങ്കിലും ഒസാകയ്ക്ക് നിസ്സാരമായി ജയിക്കാമായിരുന്ന അവസാന രണ്ട് സെറ്റുകൾ ബ്രേക്ക് പോയിന്റുകളിലൂടെ ഇല്ലാതാക്കി 31 കാരി മത്സരം കടുപ്പിച്ചു.
ഏഴ് വർഷത്തിന് ശേഷമാണ് അസരെങ്ക ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്. സെമിയിൽ സെറീനയുടെ 24ാം ഗ്രാൻഡ് സ്ലാം കിരീടം എന്ന സ്വപ്നവും തകർത്തായിരുന്നു അസരെങ്കയുടെ പടയോട്ടം.
ഇതിനു മുമ്പ് മൂന്ന് തവണ അസരെങ്കെ-ഒസാക പോരാട്ടം നടന്നിട്ടുണ്ട്. ഇതിൽ രണ്ട് തവണ വിജയം ഒസാകയ്ക്കൊപ്പമായിരുന്നു. ഒരു വട്ടം അസരെങ്കെ വിജയിച്ചു.
2018 ലെ ഒസാകയുടെ കന്നി യുഎസ് ഓപ്പൺ കിരീട നേട്ടം ടെന്നീസ് പ്രേമികൾ മറന്നുകാണാൻ ഇടയില്ല. സെറീന വില്യംസിനെ അട്ടിമറിച്ചാണ് അന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ് താരമെന്ന നേട്ടം ഒസാക സ്വന്തമാക്കിയത്. വിവാദങ്ങളും നാടകീയ രംഗങ്ങളും അരങ്ങേറിയ ഫൈനലിൽ അമ്പയറോട് തർക്കിച്ച സെറീനയേയാണ് ഓർമയിൽ ആദ്യം എത്തുക.
സെറീനയ്ക്കെതിരായ അമ്പയറുടെ നടപടികൾ കൂവലോടെയാണ് ആർതെർ ആഷെയിലെ 24,000 ഓളം വരുന്ന കാണികൾ സ്വീകരിച്ചത്. മത്സര ശേഷം ആരാധകരുടെ അമർഷം ഒസാകയ്ക്ക് നേരേയും തിരിഞ്ഞു. ഒസാകയ്ക്ക് നേരെ കൂവിയ കാണികളോട് ആദ്യ ഗ്രാൻഡ്സ്ലാം നേടിയ താരത്തെ കൂവലോടെയല്ല സ്വീകരിക്കേണ്ടത് എന്നായിരുന്നു ചേർത്തു പിടിച്ച് സെറീനയുടെ വാക്കുകൾ.
രണ്ട് വർഷങ്ങൾക്കിപ്പുറം കൂവലിന് പകരം കാണികളുടെ ആർപ്പുവിളിയില്ലാതെ നിശബ്ദമായ സ്റ്റേഡിയത്തിൽ ഒസാക വീണ്ടും കിരീടമുയർത്തി.
