സ്പെയിനിന്റെ പാബ്ലോ കരേനോ ബസ്റ്റയുമായുള്ള മത്സരത്തിനിടെയാണ് ജോക്കോവിച്ചിന്റെ പന്ത് അബദ്ധത്തിൽ ലൈൻ ജഡ്ജിന് കൊണ്ടത്. പിന്നിലേക്ക് അടിച്ച പന്ത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ കൊള്ളുകയായിരുന്നു.
നിരാശവാനും ശൂന്യവുമായ അവസ്ഥ എന്നാണ് മത്സരത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ജോക്കോവിച്ചിന്റെ പ്രതികരണം. പന്ത് കൊണ്ട ലൈൻ ജഡ്ജിനെ സന്ദർശിച്ചതായും അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നതിൽ ദൈവത്തിന് നന്ദിയെന്നും ജോക്കോവിച്ച് പ്രതികരിച്ചു.
താൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് പറഞ്ഞ ജോക്കോവിച്ച് അബദ്ധത്തിലാണെങ്കിലും തെറ്റായ കാര്യമാണ് താൻ ചെയ്തു പോയതെന്നും പറഞ്ഞു. പന്ത് കൊണ്ട വനിതയുടെ പേര് പുറത്തു പറയുന്നില്ലെന്നും അവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ടൂർണമെന്റിൽ നാലാം റൗണ്ടിൽ 5-6 ന് പാബ്ലോ കാരേനോയോട് പിന്നിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. റാക്കറ്റുകൊണ്ട് പുറകിലേക്ക് അടിച്ച പന്ത് ചെന്നു കൊണ്ടത് ലൈൻ ജഡ്ജിന്റെ കഴുത്തിൽ. പന്തിന്റെ ശക്തിയിൽ അലറി കരഞ്ഞായിരുന്നു ലൈൻ ജഡ്ജായ വനിത കോർട്ടിലേക്ക് വീണത്.
ഉടൻ തന്നെ ജോക്കോവിച്ച് അവർക്കൊപ്പമെത്തി ആശ്വസിപ്പിച്ചിരുന്നു. എന്നാൽ ടൂർണമെന്റിലെ നിയമം അനുസരിച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരങ്ങളിൽ നിന്ന് അയോഗ്യനാക്കപ്പെടും.
സംഭവം നടന്ന് പത്ത് മിനുട്ടിനുള്ളിൽ, ടൂർണമെന്റ് റഫറി സോറിൻ ഫ്രിമേൽ ആർതർ ആഷേ സ്റ്റേഡിയത്തിലെത്തി ചെയർ അമ്പയർമാരുമായി ചർച്ച നടത്തി. പിന്നീട് ജോക്കോവിച്ചുമായും സംസാരിച്ചതിന് ശേഷമാണ് മത്സരത്തിൽ നിന്നും അയോഗ്യനാക്കിയത്.
പതിനെട്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് യുഎസ് ഓപ്പണിന് എത്തിയത്. തന്റെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റിന് യുഎസ് ഓപ്പൺ സംഘാടകരോടും ആരാധകരോടും ജോക്കോവിച്ച് ഖേദം പ്രകടിപ്പിച്ചു.