കഴിഞ്ഞ ഞായറാഴ്ച രാത്രി കറാച്ചി കിംഗ്‌സിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. ഇരുപതാം ഓവർ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഷഹീൻ അഫ്രീദി, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നിവരുൾപ്പെടെയുള്ള ലാഹോർ ഖലന്ദർസ് താരങ്ങൾ ഒത്തുകൂടുകയും പന്ത് കൈമാറുകയും ചെയ്തു. ഫീൽഡ് അമ്പയറുടെ തൊട്ടുമുന്നിൽ വെച്ചായിരുന്നു താരങ്ങൾ പന്ത് കൈകാര്യം ചെയ്തത്.
ഫഖർ സമാൻ പന്ത് ഹാരിസ് റൗഫിന് നൽകിയ ഉടൻ തന്നെ അമ്പയർ ഇടപെടുകയും പന്ത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ ഫോർത്ത് അമ്പയറെ വിളിച്ച് വരുത്തി പന്ത് മാറ്റാൻ നിർദ്ദേശിച്ചു. പന്തിന്റെ സ്വാഭാവിക അവസ്ഥയിൽ മാറ്റം വരുത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ലാഹോർ ഖലന്ദർസിന് അഞ്ച് റൺസ് പിഴയും ചുമത്തി. പന്ത് ചുരണ്ടുന്നതുൾപ്പെടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും ചെയ്തു.
advertisement
അവസാന ഓവറിൽ കറാച്ചി കിംഗ്‌സിനെതിരെ 14 റൺസ് പ്രതിരോധിക്കുകയായിരുന്നു ലാഹോർ ഖലന്ദർസ്. അഞ്ച് വിക്കറ്റുകൾ വീണതോടെ ലാഹോർ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഈ അഞ്ച് റൺസ് പെനാൽറ്റി വന്നത്. ഇതോടെ ലക്ഷ്യം അവസാന ഓവറിൽ 9 റൺസായി ചുരുങ്ങുകയും ബാറ്റിംഗ് ടീമിന് സമ്മർദ്ദം കുറയുകയും ചെയ്തു.
ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ഖുഷ്ദിൽ ഷായെ പുറത്താക്കിയെങ്കിലും പിന്നീട് കളി കൈവിട്ടുപോയി. ഒരു വൈഡ് ഉൾപ്പെടെ അടുത്ത രണ്ട് പന്തുകളിൽ 11 റൺസാണ് റൗഫ് വിട്ടുകൊടുത്തത്. അബ്ബാസ് അഫ്രീദി ഒരു ഫോറും സിക്സറും പറത്തിയതോടെ കറാച്ചി കിംഗ്‌സ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
