മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം കന്നികിരീടത്തിൽ മുത്തമിട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾഔട്ടായി. 87 റൺസ് നേടിയതിന് പിന്നാലെ 2 വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വർമ കളിയിലെ താരമായപ്പോൾ 22 വിക്കറ്റും 215 റൺസും നേടിയ ദീപ്തി ശർമയാണ് ടൂർണമെന്റിലെ മികച്ച താരം.
advertisement
ടോസ് നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് കരുതിയ മത്സരത്തിൽ വിജയത്തിനുള്ള അടിത്തറയിട്ടത് ഓപ്പണർമാരാണ്. ഷെഫാലി വർമയുടെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ശേഷം നോക്കൗട്ട് ഘട്ടത്തിൽ തിരിച്ചെത്തിയ ഷെഫാലി ഫൈനൽ മത്സരത്തിൽ 87 റൺസ് നേടി. ടൂർണമെന്റിലെ ഇന്ത്യയുടെ പ്രധാന റൺ സ്‌കോററായ സ്മൃതി മന്ദന 45 റൺസുമായി പിന്തുണ നൽകി. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 104 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ദീപ്തി ശർമ 58 റൺസും റിച്ചാ ഘോഷ് 34 റൺസും നേടി.
ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച കപിൽ ദേവ്, ധോണി, രോഹിത് ശർമ എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്യാപ്റ്റനാണ് ഹർമൻപ്രീത് കൗർ. 2005ലും 2017ലും മിഥാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കിരീടത്തിന് തൊട്ടടുത്തെത്തി പരാജയപ്പെട്ടിരുന്നു.
