നാൽപത്തിയെട്ടാം മിനിറ്റിൽ സലേ അൽ ഷേഹ്രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലേം അൽദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകൾ നേടിയത്. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാൽറ്റി ഗോൾ.
മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. ആദ്യപകുതിയിൽ മൂന്നുതവണ സൗദിയുടെ വലയിൽ അര്‍ജന്റീന ബോളെത്തിച്ചെങ്കിലും മൂന്നും ഓഫ് സൈഡ് കെണിയിൽ വീഴുകയായിരുന്നു. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.
advertisement
22-ാം മിനിറ്റില്‍ മെസ്സി രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്‍റെ ഗോളും ഓഫ്‌സൈഡിന് വഴിമാറി. 28-ാം മിനിറ്റിലും 35-ാം മിനിറ്റില്‍ മാര്‍ട്ടിസിന്‍റെ മറ്റൊരു ഓട്ടപ്പാച്ചില്‍ വീണ്ടും ഓഫ്‌സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു.
അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.