നേരത്തെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ ഖത്തറുമായി ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ അവരെ സമനിലയിൽ തളച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസവും പേറിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയതെങ്കിലും ഖത്തർ തങ്ങളുടെ വേഗതയേറിയ നീക്കങ്ങളിലൂടെ ഇന്ത്യൻ ഗോൾമുഖത്തേക്ക് നിരന്തരം അക്രമണങ്ങൾ അഴിച്ചുവിട്ടു. ഇന്ത്യയുടെ മിഡ്ഫീൽഡിൽ ഉണ്ടായിരുന്ന വിടവുകൾ മുതലെടുത്താണ് അവർ കളി മെനഞ്ഞത്. ഇന്ത്യയുടെ പ്രതിരോധ നിരയും ഗോളി ഗുർപ്രീതും ഉറച്ച് നിന്നത് കൊണ്ട് മാത്രമാണ് പലപ്പോഴും അവർ ഗോൾ നേടാതെ പോയത്. ഖത്തർ തുടർമുന്നേറ്റങ്ങളുമായി കളി കയ്യടക്കിയപ്പോൾ കളി ഇന്ത്യൻ പകുതിയിലേക്ക് മാത്രമായി ചുരുങ്ങി.
advertisement
ഇതിനിടെ 10 മിനിട്ടിന്റെ ഇടവേളയിൽ രണ്ടു മഞ്ഞക്കാർഡ് കണ്ടതോടെ രാഹുൽ ഭേക്കെക്ക് റഫറി മാർച്ചിങ് ഓർഡർ നൽകി. നേരത്തെ ഒരു ഫൗളിന് മഞ്ഞക്കാർഡ് ലഭിച്ചിരുന്ന താരത്തിന് ഖത്തർ നടത്തിയ ഒരു മുന്നേറ്റം പ്രതിരോധിക്കുന്നതിനിടയിൽ കയ്യിൽ പന്ത് കൊണ്ടതിന് റഫറി രണ്ടാം മഞ്ഞക്കാർഡ് നൽകുകയായിരുന്നു. ഇതോടെ പത്ത് പേരുമായി ചുരുങ്ങിയ ഇന്ത്യക്ക് മുന്നിൽ ഖത്തറിന് വലിയ മുൻതൂക്കമാണ് ലഭിച്ചത്.
Also Read- അരങ്ങേറ്റ മത്സരത്തിൽ ഇരട്ടസെഞ്ച്വറിയുമായി കോൺവേ; തകർത്തത് ലോഡ്സിലെ 125 വർഷം പഴക്കമുള്ള റെക്കോർഡുകൾ
ആദ്യം മുതൽ തന്നെ മത്സരത്തിൽ ആധിപത്യം നേടിയ അവർ പിന്നീട് ഇന്ത്യൻ നിരയെ തുടരെ പരീക്ഷിച്ചു കൊണ്ടിരുന്നു. മത്സരത്തിലുടനീളം ഖത്തർ ആക്രമണ നിരയും ഇന്ത്യൻ പ്രതിരോധ നിരയും തമ്മിലുള്ള പോരാട്ടമായിരുന്നു. ഇന്ത്യൻ പ്രതിരോധം തകർന്ന ഘട്ടത്തിലെല്ലാം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ സേവുകൾ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. മത്സരത്തിലുടനീളം 30ലേറെ ഷോട്ടുകളാണ് ഖത്തർ ഇന്ത്യൻ പോസ്റ്റിലേക്ക് പായിച്ചത്. ഇതിൽ തന്നെ ഖത്തറിന്റെ ഗോളെന്നുറച്ച പത്തോളം ഷോട്ടുകൾ ഗുർപ്രീത് രക്ഷപ്പെടുത്തി. പക്ഷേ ഉറച്ച ഒരു അവസരം പോലും ഇന്ത്യൻ നിരക്ക് ഖത്തർ ഗോൾ മുഖത്ത് സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ഇന്ത്യയ്ക്ക് വീണുകിട്ടിയ രണ്ടു സുവർണാവസരങ്ങൾ മൻവീർ സിങ് പാഴാക്കുകയും ചെയ്തു.
കളിയിലെ ഏക ഗോൾ പിറന്നത് 33ാം മിനുട്ടിൽ അബ്ദുൾ അസീസ് ഹാതിമിന്റെ ബൂട്ടിൽ നിന്നായിരുന്നു. ബോക്സിൽവെച്ച് പന്ത് ലഭിച്ച ഹാതിമിനെ തടയാൻ ബോക്സിലുണ്ടായിരുന്ന രണ്ട് ഇന്ത്യൻ പ്രതിരോധ നിര താരങ്ങൾക്ക് സാധിച്ചില്ല. താരത്തിന്റെ ക്ലോസ്റേഞ്ച് ഷോട്ട് ഗുർപ്രീത് സിങ് സന്ധുവിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു. ഗോൾ വീണതോടെ അവർക്ക് ആവേശം കൂടിയെങ്കിലും ഉരുക്ക് കോട്ട പോലെ നിന്ന ഗോളി ഗുർപ്രീതിന്റെ പ്രകടനം പക്ഷേ ഖത്തറിനെ വീണ്ടും രണ്ടാം ഗോൾ നേടുന്നതിൽ നിന്നും അകറ്റി നിർത്തി.
Also Read- പഴയ പരിഹാസം ഉണ്ടാക്കിയ മുറിവ് മാറുമോ? ബെൻസേമയെയും ഗിറൗഡിനെയും ഒന്നിച്ചിരുത്തി കോച്ച്
അതേസമയം, പരിക്ക് മാറിയെത്തിയ നായകൻ സുനിൽ ഛേത്രിയെ ആദ്യ പകുതിയിൽ മാത്രമാണ് ഇഗോർ സ്റ്റിമാച്ച് കളത്തിലിറക്കിയത്. ഛേത്രി മുന്നേറ്റ നിരയിൽ നിറംമങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുണിയൻ തുടക്കം മുതൽ കളത്തിലുണ്ടായിരുന്നു. സഹലിനെ അവസാന നിമിഷങ്ങളിലാണ് സ്റ്റിമാച്ച് കലത്തിലിറക്കിയത്. ചുരുങ്ങിയ സമയം മാത്രമാണ് സഹലിന് ലഭിച്ചത് എങ്കിലും ഖത്തർ താരങ്ങളെ ഡ്രിബിൾ ചെയ്ത മുന്നേറി സഹൽ ആരാധകരുടെ കയ്യടി നേടി.
മത്സരത്തിൽ തോറ്റതോടെ ഇന്ത്യ ആറ് മത്സരങ്ങളിൽ നിന്നും മൂന്നു സമനിലകളിൽ നിന്ന് നേടിയ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ്. ഏഴു കളികളിൽനിന്ന് 19 പോയിന്റുമായി ഖത്തർ ബഹുദൂരം മുന്നിലാണ്. ഒമാൻ അഞ്ച് കളികളിൽനിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്ഥാൻ ആറു കളികളിൽനിന്ന് അഞ്ച് പോയിന്റുമായി മൂന്നാമതാണ്. ബംഗ്ലദേശ് ആറു കളികളിൽനിന്ന് രണ്ടു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ഗ്രൂപ്പിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ഏഷ്യൻ കപ്പ് യോഗ്യതയ്ക്കുള്ള ഫൈനൽ റൗണ്ടിലേക്ക് മുന്നേറാം. ജൂൺ ഏഴിന് ബംഗ്ലദേശിനെതിരെയും 15ന് അഫ്‍ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ഇനിയുള്ള കളികൾ. താരതമ്യേന ദുർബലരായ ഈ ടീമുകളെ വീഴ്ത്തി മൂന്നാം സ്ഥാനം ഉറപ്പാക്കാനാകാകും ഇന്ത്യയുടെ ശ്രമം.
