എന്നാല്‍ റഷ്യയില്‍ നിന്നും ഖത്തറിലേക്കെത്തുമ്പോള്‍ നമ്മള്‍ മിസ് ചെയ്യാന്‍ പോകുന്ന വമ്പന്‍ താരങ്ങളുണ്ട്. അതെ ഇനിയൊരു ലോകകപ്പിന് ബാല്യമില്ലാത്തവര്‍. റഷ്യന്‍ ലോകകപ്പ് പ്രമുഖരായ അഞ്ച് താരങ്ങളുടെ അവസാന ലോകകപ്പാകും. അഞ്ചു പേരും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളും.
ലയണല്‍ മെസി
ഫുട്‌ബോള്‍ മിശിഹയ്ക്ക് ഇത്തവണത്തെ ലോകകപ്പ് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണ ബ്രസീലില്‍ ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായെങ്കിലും ഫൈനലില്‍ അര്‍ജന്റീനയ്ക്ക് കാലിടറി. 2016-ലെ കോപ്പ അമേരിക്ക ഫൈനലിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി തിരിച്ചെത്തുകയായിരുന്നു. യോഗ്യതാ മത്സരങ്ങളില്‍ കിതച്ച അര്‍ജന്റീന മുപ്പതുകാരനായ മെസിയുടെ മികവിലാണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇത് തന്റെ അവസാന ലോകകപ്പ് ആകുമെന്ന് മെസി തന്നൈ വ്യക്തമാക്കി കഴിഞ്ഞു. പെലെ, മറഡോണ എന്നിര്‍ക്കൊപ്പം ഓര്‍മ്മിക്കപ്പെടാന്‍ ഇത്തവണ മെസിക്ക് ആ സ്വര്‍ണക്കപ്പ് വേണം.
advertisement
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമെന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഖത്തറില്‍ പോര്‍ച്ചുഗലിനായി ബൂട്ടുകെട്ടാന്‍ ക്രിസ്റ്റ്യാനോ ഉണ്ടാകുമെന്ന് ആരും കരുതുന്നില്ല. റൊണാള്‍ഡോയ്ക്ക് പ്രായം 33 അയി. റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ 2016-ലെ യൂറോകപ്പില്‍ മുത്തമിട്ടത്. കരീട നേട്ടങ്ങളില്‍ ലോകകപ്പ് റൊണാള്‍ഡോയ്ക്ക് ബാക്കി കിടക്കുന്നു. റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം റഷ്യയില്‍ പോര്‍ച്ചുഗലിനായി ബൂട്ടുകെട്ടുന്നത്. പോര്‍ച്ചുഗലിന്റെ പ്രതീക്ഷയുടെ ഭാരവും റൊണാള്‍ഡോയുടെ ചുമലില്‍ തന്നെ.
ആന്ദ്രെസ് ഇനിയെസ്റ്റ
മിഡ്ഫീല്‍ഡ് ജനറല്‍മാരായിരുന്ന ഇനിയെസ്റ്റയും സാവിയുമായിരുന്നു സ്‌പെയിനിന്റെ യൂറോകപ്പ് ഡബിളിനും 2010-ലെ ലോകകപ്പ് വിജയത്തിനും ചുക്കാന്‍ പിടിച്ചത്. ഇതില്‍ സാവി കളിക്കളത്തോട് വിടപറഞ്ഞു. ഇനി ഇനിയെസ്റ്റയുടെ ഊഴമാണ്. സ്പാനിഷ് ഫുട്‌ബോളിലെ നിത്യ വസന്തമായ ഇനിയെസ്റ്റയ്ക്കും ഇത് അവസാന ലോകകപ്പാണ്. 16 വര്‍ഷം ബാഴ്‌സക്കൊപ്പം ഉണ്ടായിരുന്ന താരം കഴിഞ്ഞ സീസണോട് ക്ലബ്ബ് വിട്ടിരുന്നു. 34-കാരനായ ഇനിയെസ്റ്റ ലോകകപ്പില്‍ ഇനിയില്ലെന്ന സൂചനയും നല്‍കി കഴിഞ്ഞു.
മാനുവല്‍ ന്യൂയര്‍
ജര്‍മ്മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും ലോകോത്തര ഗോള്‍കീപ്പറുടെ അവസാന ലോകകപ്പാകും റഷ്യയിലേത്. സ്വീപ്പര്‍ ഗോള്‍കീപ്പര്‍ എന്ന സ്ഥാനം കൊണ്ട് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചയാള്‍. അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു ക്രോസ് ബാറുനു താഴെ അദ്ദേഹത്തിന്. ഖത്തര്‍ ലോകകപ്പിന്റെ നഷ്ടമാകും ന്യൂയര്‍. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു. ബ്രസീലില്‍ കാഴ്ചവെച്ച മാജിക്കല്‍ സേവുകള്‍ റഷ്യയിലും ന്യൂയറില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.
സെര്‍ജിയോ റാമോസ്
വില്ലന്‍ പരിവേഷമാണെങ്കിലും ലോകോത്തര നിലവാരമുള്ള ഡിഫന്‍ഡറാണ് റാമോസ്. ഗോളടിക്കാന്‍ സമ്മതിക്കാതിരിക്കുക മാത്രമല്ല അവസാന മിനിറ്റുകളിലെ മിന്നല്‍ ഹെഡറുകളിലൂടെ കളി സ്വന്തമാക്കാനും റാമോസ് മിടുക്കനാണ്. സ്‌പെയിന്‍ നായകന്‍ എന്ന നിലയില്‍ റാമോസിന്റെ അവസാന ലോകകപ്പാകും റഷ്യയിലേത്. 2010 ലെ ലോകകപ്പ് നേട്ടത്തില്‍ റാമോസിന്റെ പങ്ക് വലുതായിരുന്നു. ലോകത്തെ മികച്ച പ്രതിരോധ താരം എന്നറിയപ്പെടുന്ന റാമോസ് സ്‌പെയിനായി പ്രതിരോധ കോട്ട കെട്ടാന്‍ ഇനിയുണ്ടാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.