'ജനിച്ചപ്പോൾ ഒരു വൃക്കയേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ തലം തൊട്ട് ദേശീയ തലം വരെ മൽസരിക്കുമ്പോഴൊന്നും എനിക്ക് ഇക്കാര്യമറിയില്ലായിരുന്നു. സ്പോർട്സിൽ പരിക്കുകൾ സ്വാഭാവികമാണല്ലോ. ആ സമയത്ത് വേദനസംഹാരികൾ കഴിച്ചാൽ അലർജിയും അസ്വസ്ഥതയും ഉണ്ടാകുമായിരുന്നു. എന്റെ റിക്കവറി വളരെ പതുക്കെയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ വേദനസംഹാരി ഉപയോഗിച്ചപ്പോൾ അബോധാവസ്ഥയിലായി ആശുപത്രിയിലായി. മരുന്നുകളോടുള്ള അലർജിയും ബ്ലഡ് ടെസ്റ്റിലെ പ്രശ്നങ്ങളും എല്ലാമായപ്പോൾ വിദഗ്ധ പരിശോധന നടത്തി. സ്കാനിങ് ചെയ്തപ്പോഴാണ് അറിഞ്ഞത് എനിക്കൊരു വൃക്ക മാത്രമേ ഉള്ളൂവെന്ന്'- അഞ്ജു പറഞ്ഞു.
advertisement
'എന്നാൽ അന്നൊന്നും ഇക്കാര്യം പുറത്തു പറയാൻ തോന്നിയില്ല. എനിക്ക് എന്തോ വലിയ കുഴപ്പം ഉണ്ട് എന്ന് ആളുകൾ ചിന്തിക്കുമല്ലോ എന്ന തോന്നലായിരുന്നു കാരണം. അന്നത്തെ ഇരുപതുകാരിയിൽ നിന്ന് ഇന്നത്തെ നാൽപത്തി മൂന്നുകാരിയിൽ എത്തിയപ്പോൾ ലോകം മാറി, ഞാൻ മാറി. അതുകൊണ്ടാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. ഇന്നത്തെ നമ്മുടെ സാഹചര്യം കൂടി ഇതിനു പിന്നിലുണ്ട്. കോവിഡ് അടക്കമുള്ള അസാധാരണ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇക്കാലത്ത് എന്തും അതിജീവിക്കാൻ നമുക്കാകണം. നമ്മുടെ ശരീരം എങ്ങനെയാണെന്ന് നമുക്ക് അറിയില്ല. പല പരിമിതികളും നമുക്കുണ്ടാകും. അതെല്ലാം മറികടക്കാൻ കഴിയും. ഒരു വൃക്കയുമായാണ് ഞാൻ നിരവധി മൽസരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചത്. കൂടാതെ വേറെയും നിരവധി കുറവുകൾ ഉണ്ടായിരുന്നു. വേദന സംഹാരികൾ അലർജിയായിരുന്നു, കാലിന് പരുക്കുണ്ടായിരുന്നു… ഇത്തരം നിരവധി പരിമിതികൾക്കിടയിലാണ് ഏറെ ഉയരങ്ങൾ താണ്ടിയത്. ഇപ്പോൾ ഇതെല്ലാം വെളിപ്പെടുത്തുന്നത് കായിക താരങ്ങൾക്ക് അടക്കമുള്ളവർക്ക് പ്രചോദനം ആകട്ടെ എന്ന് കരുതിയാണ്. പരിമിതികളെ പഴിക്കാതെ ആത്മവിശ്വാസത്തോടെ ഓരോ അടിയും വെക്കാൻ കഴിയണം. ട്വീറ്റിലെ ചെറിയ വരികളിലൂടെ ഉദ്ദേശിച്ചത് അത്രമാത്രം. കായിക താരമെന്ന നിലയില്‍ നിരവധി പരിശീലനവും മറ്റും നടത്തേണ്ടി വന്നിട്ടുണ്ട്. പല അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്കെടുക്കുമ്പോഴും അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതൊന്നും വകവെച്ചില്ല'- അഞ്ജു പറഞ്ഞു.
Also Read- 'ഉയരങ്ങൾ താണ്ടിയത് അത്രയും ഒരു വൃക്കയുമായി'; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോർജ്
'നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവും പരിശീലകനുമായ റോബർട്ടിന് വലിയ പങ്കുണ്ട്. വിവാഹം ശേഷം ഒരു വൃക്കയേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ആദ്യം ഷോക്കായിരുന്നു. ഞാൻ ഒരു പെർഫെക്ട് അത്ലറ്റ് അല്ലെന്നും ഹാൻഡിക്യാപ്ഡ് ആണെന്നുമുള്ള ചിന്ത. പക്ഷേ, കോച്ചും ഭർത്താവുമായ ബോബി നൽകിയ പിന്തുണയാണ് മുന്നോട്ടു നയിച്ചത്. ഒരു വൃക്കയുമായാണ് ഇപ്പോഴും ജീവിക്കുന്നതെന്ന കാര്യം കുടുംബത്തിലുള്ള പലർക്കും അറിയില്ല. ഒരു കിഡ്നിയുമായി പേടിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്. വൃക്ക ദാനം ചെയ്യാൻ മടിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവരുടെ മനസ്സ് മാറട്ടെ എന്ന് കരുതിക്കൂടിയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ' - അഞ്ജു പറഞ്ഞു.
ട്വീറ്റിന് പിന്നാലെ കായിക മന്ത്രിയുടെ പ്രശംസ അഞ്ജുവിന് ലഭിച്ചു. ഇതേക്കുറിച്ചും അഞ്ജു പ്രതികരിച്ചു. 'കഠിന പ്രയത്നത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി ഉണ്ടായ നേട്ടത്തെ പ്രശംസിച്ചവരോട് നന്ദിയുണ്ട്. 2003ല്‍ പാരിസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയത്. ഈ നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമാണ് അഞ്ജു. വേള്‍ഡ് അത്‌ലറ്റിക് ഫൈനലില്‍ സ്വര്‍ണ്ണം, ഏഷ്യന്‍ ഗെയിംസില്‍ 2002ല്‍ സ്വര്‍ണ്ണം 2006ല്‍ വെള്ളി, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 2005ല്‍ സ്വര്‍ണ്ണം 2007ല്‍ വെള്ളി, സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 2006ല്‍ സ്വര്‍ണ്ണം ഇവയെല്ലാം അഞ്ജുവിന്റെ രാജ്യത്തിനായുള്ള പ്രധാന നേട്ടങ്ങളാണ്. ലോങ് ജംപിലെ ദേശീയ റെക്കോഡ് ഇന്നും അഞ്ജുവിന്റെ പേരിലാണ്. പതിനാറ് വർഷമായി അത് തകർക്കപ്പെടാതെ തുടരുന്നു. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് അന്താരാഷ്ട്രതലത്തിൽ മികവിലെത്താൻ ഭാഗ്യം ചെയ്തയാളാണ് ഞാൻ എന്നതിൽ ഇപ്പോൾ ഏറെ അഭിമാനിക്കുന്നു'- അഞ്ജു ന്യൂസ് 18 കേരളത്തോട് പറഞ്ഞത്.