കൊല്ലം: എഐവൈഎഫിന്‍റെ കൊടികുത്തി സമരത്തെതുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ എഐവൈഎഫിന്‍റെ പങ്ക് വ്യക്തമാക്കിയ മുഖ്യമന്ത്രി കൊടികുത്തിയുള്ള സമരത്തെ തള്ളിപ്പറയുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ടിക്കാരുടെ കൊടികുത്തിയുള്ള സമരം കാരണം ആയൂര്‍ സ്വദേശിയായ പാര്‍ഥന്‍ ഉണ്ണിത്താന് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ആയൂര്‍ ചേപ്പിലോട് മുരിക്കുമണ്ണിലെ പാര്‍ഥന്‍റെ വര്‍ക്ക് ഷോപ്പിന് മുന്നിലാണ് സിപിഎം പ്രവര്‍ത്തകര്‍ രണ്ടുമാസം മുമ്പ് കൊടികുത്തിയത്. അന്യായമായ ഇറക്കുകൂലി നല്‍കാത്തതിനാണ് നിലംനികത്തിയെന്ന ആരോപണം ഉന്നയിച്ച് സിപിഎം കൊടികുത്തിയത്. ഇതേത്തുടര്‍ന്ന് സിപിഎം ചടയമംഗലം ഏരിയാനേതൃത്വത്തെ സമീപിച്ചെങ്കിലും കൊടിമാറ്റാന്‍ പാര്‍ടിക്കാര്‍ തയ്യാറായില്ലെന്ന് പാര്‍ഥന്‍ പറയുന്നു. രണ്ടുമാസമായി വര്‍ക്ക് ഷോപ്പ് അടഞ്ഞുകിടക്കുന്നതിനാല്‍ ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്. സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.