ആന്ധ്രക്ക് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് വൈ എസ് ആർ കോൺഗ്രസും ടിഡിപിയും നൽകിയ അവിശ്വാസ പ്രമേയ നോട്ടീസാണ് ലോക്സഭയുടെ പരിഗണനക്കെത്തിയത്. രാവിലെ സഭ ചേർന്നപ്പോൾ തന്നെ ടി ആർ എസിന്റെയും എഐഎഡിഎംകെയുടെയും അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ ലോക്സഭ 12 മണി വരെ നിർത്തിവച്ചു. 12 മണിക്ക് വീണ്ടും ചേർന്നപ്പോഴും ബഹളം തുടരുന്നതിനിടയിലാണ് അവിശ്വാസ പ്രമേയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
പ്രമേയത്തിന് അനുമതി നൽകുന്നതിനാവശ്യമായ 50 എം പിമാരുടെ പിന്തുണയുണ്ടോ എന്ന് കണക്കെടുക്കാൻ ബഹളം അവസാനിപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
advertisement
മോദി സർക്കാറിനെ പിന്തുണക്കുന്ന എ ഐ എ ഡി എം കെ എംപിമാരെ നടുത്തളത്തിലിറക്കി സർക്കാർ തന്നെയാണ് അവിശ്വാസ പ്രമേയം അട്ടിമറിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബഹളത്തെ തുടർന്ന് രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പുണ്ടായാലും വ്യക്തമായ ഭൂരിപക്ഷമുള്ള മോദി സർക്കാരിന് ഭീഷണിയില്ല. എന്നാൽ പ്രതിപക്ഷത്തിനൊപ്പം ശിവസേനയടക്കമുള്ള ഘടകകക്ഷികൾ പോലും വിവര്‍ശനമുന്നയിച്ചാൽ ബിജെപി ഒറ്റപ്പെടും. സർക്കാരിനത് വലിയ ക്ഷീണമാകും. അതിനിടെ മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതെ അന്ധ്രപ്രദേശിനോട് അനീതി കാണിച്ചുവെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.