എന്നാല്‍ 2022-ല്‍ തന്റെ ജീവിതത്തില്‍ ഒരു സുപ്രധാന തീരുമാനമെടുക്കാന്‍ കബനി തീരുമാനിച്ചു. മറ്റൊന്നുമല്ല. നിലവിലെ ജോലി രാജിവച്ച് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരം തുടങ്ങാന്‍ കബനി തീരുമാനിക്കുകയായിരുന്നു.
പാകിസ്ഥാനില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ കുടുംബമാണ് കബനിയുടേത്. അന്ന് കബനിയ്ക്ക് 14 വയസ്സായിരുന്നു പ്രായം. പാകിസ്ഥാനിലെ സംസ്‌കാരമനുസരിച്ച് ഡോക്ടര്‍, എന്‍ജീനിയര്‍, അല്ലെങ്കില്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട ജോലി എന്നിവയായിരുന്നു പ്രധാന കരിയര്‍ ഓപ്ഷനുകള്‍. ഈ പശ്ചാത്തലത്തിലാണ് താന്‍ ഫിനാന്‍സ് മേഖല തിരഞ്ഞെടുത്തതെന്ന് കബനി സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
advertisement
ഫിനാന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം 2010ല്‍ കബനി ഗോള്‍ഡ്മാന്‍ സാക്‌സില്‍ ജോലിയ്ക്ക് കയറി. 2013ല്‍ ജെപി മോര്‍ഗനില്‍ കബനിയ്ക്ക് ജോലി ലഭിക്കുകയും ചെയ്തു.എന്നാല്‍ 2022 ഓടെ ജോലിയില്‍ നിന്ന് രാജിവയ്ക്കാന്‍ കബനി തീരുമാനിച്ചു. ക്രിയേറ്റീവായ ജോലി ചെയ്യണമെന്ന തന്റെ ആഗ്രഹമായിരുന്നു ആ തീരുമാനത്തിന് പിന്നിലെന്ന് കബനി പറയുന്നു.
അപ്പോഴാണ് വാട്ട്‌നോട്ട്(Whatnot) എന്ന ലേല ആപ്പിനെക്കുറിച്ച് കബനി അറിയുന്നത്. പുതിയതും ഉപയോഗിച്ചതുമായ സാധനങ്ങള്‍ വില്‍പ്പനക്കാര്‍ ലൈവ് സ്ട്രീമിംഗിലൂടെ വില്‍ക്കുന്ന പ്ലാറ്റ്‌ഫോമായിരുന്നു അത്. അങ്ങനെയാണ് സ്ത്രീകള്‍ക്കായുള്ള വസ്ത്രവ്യാപാരം എന്ന ചിന്ത കബനിയുടെ തലയിലുദിച്ചത്.
സ്ത്രീകളുടെ വസ്ത്രങ്ങളുടെ ഫാഷന്‍ രീതികള്‍ പിന്തുടരുക എന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു എന്ന് കബനി പറഞ്ഞു. കാലിഫോര്‍ണിയയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു കുടുംബമെന്ന നിലയില്‍ വളരെ പിശുക്കിയാണ് കുട്ടിക്കാലത്ത് താന്‍ ജീവിച്ചിരുന്നതെന്നും അതുകൊണ്ട് തന്നെ വസ്ത്രങ്ങളോടും ഫാഷനോടും തനിക്ക് കമ്പമുണ്ടായിരുന്നുവെന്നും കബനി പറഞ്ഞു.
ഇന്ന് വാട്ട്‌നോട്ട് പേജില്‍ തന്റെ വസ്ത്രങ്ങളുടെ വില്‍പ്പനയ്ക്കായി സ്വന്തമായി ഒരു പ്ലാറ്റ്‌ഫോം തന്നെ കബനി ഒരുക്കിയിട്ടുണ്ട്. 'Zkstyles' എന്നാണ് ആ പ്ലാറ്റ്‌ഫോമിന്റെ പേര്. ക്യാമറയ്ക്ക് മുന്നിലെത്തി തന്റെ പ്രോഡക്ടുകളെപ്പറ്റി ആള്‍ക്കാരോട് സംവദിക്കുന്നതും കബനി തന്നെയാണ്.
നിലവില്‍ ലാസ് വേഗാസിലാണ് കബനി താമസിക്കുന്നത്. തന്റെ വസ്ത്രവ്യാപാരത്തിലൂടെ മാസം 100,000 ഡോളര്‍ (ഏകദേശം 84 ലക്ഷം രൂപ) സമ്പാദിക്കാന്‍ കബനിയ്ക്ക് കഴിയുന്നുണ്ട്. താന്‍ ഏറെ ഇഷ്ടപ്പെട്ടാണ് ഈ ജോലി ചെയ്യുന്നതെന്നും കബനി പറഞ്ഞു.