'ലോകത്തിന്റെ പ്രശ്നങ്ങളിൽ മനസ്സ് വിഷമിക്കുന്ന അവസ്ഥ ഉണ്ടായിരിക്കണം. ലോകത്തിന്റെ വഴികളിലാണ് സഭയുള്ളത്. വാതിലടയ്ക്കരുത്. ഒളിക്കരുത്. ലോകത്തോടൊപ്പം നടക്കണം. കണ്ണീരൊപ്പാൻ സഭയുണ്ടായിരിക്കണം'- മാർപാപ്പ പറഞ്ഞു.
മാര്‍ ജോര്‍ജ് കൂവക്കാട് അടക്കം 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍ നടന്നത്. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുത്തു.
advertisement
വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട്.
ഞായറാഴ്ച രാവിലെ 9.30നു പഴയ കർദിനാൾമാരും പുതുതായി സ്ഥാനമേറ്റ കർദിനാൾമാരും മാർപാപ്പയ്ക്കൊപ്പം കുർബാന അർപ്പിക്കും.
1973 ആഗസ്റ്റ് പതിനൊന്നിന് ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺസിഞ്ഞോർ ജോർജ് ജനിച്ചത്. 2004 ജൂലൈ 20നാണ് ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. കാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടി. 2006 മുതൽ അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നൂൺഷ്യേച്ചറുകളിൽ സേവനമനുഷ്ഠിച്ചു. 2020 ജൂലൈ 10 മുതൽ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പൊതുകാര്യവിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരവേ 2021-ൽ ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന് തന്റെ വിദേശയാത്രയുടെ സംഘാടകച്ചുമതല ഏൽപ്പിച്ചു.
മെത്രാന്മാരാണ് കത്തോലിക്കാ സഭയിൽ കർദിനാൾമാരായി ഉയർത്തപ്പെടുന്നത്. ജോർജ് കൂവക്കാടിനെ വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി നിയമിക്കുകയായിരുന്നു.