രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളെന്നു കണ്ട് ഷെയഖ് ഹസീന സര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കലാപത്തില്‍ ജമാഅത്തെ ഇസ്ലാമിയ്ക്കും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ഷിബിറിനും പങ്കുണ്ടെന്നായിരുന്നു ആരോപണം.
രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച റാലികള്‍ക്കെതിരെ ഉണ്ടായ പോലീസ് നടപടി 206 പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കലിനും നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ നിയമത്തിലെ വകുപ്പ് 18 (1) പ്രകാരമാണ് ഷെയഖ് ഹസീന ഭരണകൂടം ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ ജമാ അത്തെ ഇസ്ലാമി ഇസ്ലാമിയെ നിരോധിച്ചത്. വിജ്ഞാപന പ്രകാരം ജമാഅത്തെ ഇസ്ലാമിയെയും ഛത്ര ഷിബിറിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിരുന്നു.
advertisement
1941 ല്‍ ബ്രിട്ടീഷ് ഭരണ കാലത്താണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിതമാകുന്നത്. 1971 ല്‍ പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ സമരങ്ങള്‍ നടക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി പാകിസ്ഥാന്‍ സേനയ്ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യയുടെ സഹായത്തോടെ യുദ്ധത്തില്‍ ബംഗ്ലാദേശിന്റെ മോചനം സാധ്യമായതിനെത്തുടര്‍ന്ന് ചില ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പാകിസ്ഥാനിലേക്ക് പാലായനം ചെയ്തു.
2013 ലെ ഷഹ്ബാഗ് പ്രതിഷേധത്തെത്തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കളായിരുന്ന ഡെല്‍വാര്‍ ഹുസൈന്‍ സയ്യിദി, മുഹമ്മദ് കമറുസ്സമാന്‍, ഗുലാം അസം, അലി അഹ്‌സന്‍ മുഹമ്മദ് മൊജാഹീദ് എന്നിവരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
1971 ല്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ബംഗ്ലാദേശിന്റെ സ്ഥാപകനും ഹസീനയുടെ പിതാവുമായ ഷെയഖ് മുജീബുര്‍ റഹ്‌മാന്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നുവെങ്കിലും 1976 ലെ പട്ടാള അട്ടിമറിക്ക് ശേഷം നിരോധനം നീക്കി. 1959 ലും 1964 ലും പാക്കിസ്ഥാനില്‍ വര്‍ഗീയ കലാപം നടത്തിയതിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടിരുന്നു. 2013 ല്‍ ബംഗ്ലാദേശ് സുപ്രീം കോടതി സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യരല്ലാതായി.
അതേസമയം, ബംഗ്ലാദേശില്‍ ഉടന്‍ തന്നെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഭരണം ഏറ്റെടുത്ത ശേഷം വാഖർ ഉസ് സമന്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച വാഖർ നീതിയുക്തവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് രാജ്യത്ത് നടത്തുമെന്നും പ്രഖ്യാപിച്ചു. സൈന്യത്തില്‍ ഏവരും വിശ്വസിക്കണമെന്നും രാജ്യത്തെ അക്രമങ്ങള്‍ അന്വേഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഒപ്പം സൈന്യവും പോലീസും ഒരുതരത്തിലുമുള്ള വെടിവെപ്പുകളും നടത്തരുതെന്നും വാഖർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധികളും, പ്രതിപക്ഷ പാര്‍ട്ടികളും, സിവില്‍ സോസൈറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരുമായി ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വാഖർ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഷ്ട്രപതിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി തേടുമെന്നും വാഖർ ചൂണ്ടിക്കാട്ടി. ഒപ്പം രാജ്യത്ത് കര്‍ഫ്യൂവോ അടിയന്തിരാവസ്ഥയോ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നും ഉടന്‍ തന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി പിരിഞ്ഞു പോകണമെന്നും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് സൈന്യം അന്വേഷണം നടത്തുമെന്നും വാഖർ കൂട്ടിച്ചേര്‍ത്തു.