കാനോൻ നിയമപ്രകാരം 80 വയസിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ വ്യാഴാഴ്ച മുതൽ ദിവസേന നാലുതവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന 9 കർദിനാൾമാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകൾ എണ്ണുന്ന മൂന്ന് കർദിനാൾമാർ, രോഗംകാരണം സന്നിഹിതരാകാൻ കഴിയാത്തവരിൽനിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കർദിനാൾമാർ എന്നിവരെയാണ് മാർ ജോർജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും.