യുകെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്. അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. ഹിന്ദുപുരോഹിതന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പുരോഹിതന്‍മാരാണ് ബംഗ്ലാദേശില്‍ അറസ്റ്റിലായത്. 63 സന്യാസിമാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനവും നിഷേധിച്ചു,'' ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഇന്തോ-പസഫിക് മേഖലയുടെ ചുമതയലയുള്ള വിദേശകാര്യമന്ത്രി കാതറീന്‍ വെസ്റ്റിനോട് ബോബ് ബ്ലാക്ക്മാന്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും കാതറീന്‍ വെസ്റ്റ് പറഞ്ഞു.
advertisement
ബംഗ്ലാദേശില്‍ നിരവധി ഹിന്ദുക്കള്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടതെന്നും അവരുടെ ആത്മീയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്നും ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു. യുകെ ഭരണകൂടം വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബംഗ്ലാദേശ് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി യുകെയിലെ ജനപ്രതിനിധികള്‍
'' ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി വരികയാണ്. മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്ന ചര്‍ച്ചകള്‍ സംഘടിപ്പിക്കും,'' എന്ന് കാതറീന്‍ വെസ്റ്റ് പറഞ്ഞു. ബംഗ്ലാദേശില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇസ്‌കോണ്‍ സന്യാനി ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്നും ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് എംപിയുമായ പ്രീതി പട്ടേല്‍ പറഞ്ഞു.
'' ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലബന്ധമുണ്ട്. ബംഗ്ലാദേശിലെ ആക്രമണങ്ങളില്‍ കനത്ത ആശങ്കയുണ്ട്. നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള സംഘര്‍ഷങ്ങളാണ് രാജ്യത്തിന്റെ പലകോണിലും നടക്കുന്നത്. ബംഗ്ലാദേശിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ആക്രമണങ്ങള്‍ പടരുന്നത് ഭയത്തോടെയാണ് കാണുന്നത്,'' പ്രീതി പട്ടേല്‍ പറഞ്ഞു.
ഇസ്‌കോണ്‍ സന്യാസിമാരുടെ അറസ്റ്റ് സ്ഥിതി വഷളാക്കി
ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ക്ഷേത്രങ്ങളും വീടുകളും തകര്‍ക്കുമ്പോള്‍ പോലീസും സൈന്യവും കൈയ്യും കെട്ടി നോക്കിനില്‍ക്കുകയാണെന്ന് ലേബര്‍ പാര്‍ട്ടി എംപി ബാരി ഗാര്‍ഡിനര്‍ പറഞ്ഞു. ഇസ്‌കോണ്‍ സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റിലും ഗാര്‍ഡിനര്‍ പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്ത അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്നും ജാമ്യം വരെ നിഷേധിച്ചെന്നും ഗാര്‍ഡിനര്‍ പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേത്രങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ ഒരാളെ പോലും ഇതുവരെ പിടികൂടിയിട്ടില്ലെന്നും ഗാര്‍ഡിനര്‍ പറഞ്ഞു.
ബംഗ്ലാദേശിലെ ആക്രമണങ്ങള്‍ എല്ലാ സമുദായങ്ങള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയെന്ന് ലേബര്‍ പാര്‍ട്ടി എംപിയും സിഖ് വംശജനുമായ ഗുരീന്ദര്‍ സിംഗ് ജോസാന്‍ പറഞ്ഞു. വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലും വിള്ളലുകളുണ്ടായതായാണ് വിലയിരുത്തുന്നത്. ഇസ്‌കോണ്‍ സന്യാസിയായ ചിന്മോയ് കൃഷ്ണദാസിന്റെ അറസ്റ്റും തുടര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളും ഇന്ത്യയെ ആശങ്കയിലാഴ്ത്തി.
ഡിസംബര്‍ രണ്ടിന് ത്രിപുരയിലെ അഗര്‍ത്തലയില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാദേശി മിഷന് നേരെയും പ്രതിഷേധറാലി നടന്നിരുന്നു. പ്രതിഷേധിച്ചവരില്‍ ചിലര്‍ ബംഗ്ലാദേശ് എംബസി ഓഫീസുകളിലേക്ക് ഇരച്ചുകയറുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. സംഭവത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി.