80 വയസ്സിന് താഴെ പ്രായമുള്ള കര്‍ദ്ദിനാള്‍മാര്‍ക്കാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് ഒരു കടമയായും ആത്മീയ ഉത്തരവാദിത്തമായും കണക്കാക്കപ്പെടുന്നു.
മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളുടെ രഹസ്യം സംരക്ഷിക്കുന്നതിനും പുറത്തുനിന്നുള്ള സ്വാധീനം തടയുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കര്‍ശനമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് നൂറ്റാണ്ടുകളായി കോണ്‍ക്ലേവുകള്‍ കൂടിച്ചേരുന്നത്.
15ാം നൂറ്റാണ്ട് മുതല്‍ വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിനുള്ളിലാണ് കോണ്‍ക്ലേവുകള്‍ നടക്കുന്നത്.
2013ലെ അവസാന കോണ്‍ക്ലേവില്‍ അഞ്ച് റൗണ്ട് വോട്ടെടുപ്പിന് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തത്. ആധുനിക കാലത്തെ ഏറ്റവും വേഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ആയിരുന്നു അദ്ദേഹം. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം കോണ്‍ക്ലേവുകള്‍ മാസങ്ങളോളം തുടര്‍ന്ന ചരിത്രവുമുണ്ട്.
advertisement
കത്തോലിക്കാ സഭയുടെ 267ാമത് പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി കര്‍ദിനാള്‍മാര്‍ റോമിന്റെ ഹൃദയഭാഗത്തുള്ള ഒരു സ്വതന്ത്ര സംസ്ഥാനമായ വത്തിക്കാന്‍ സിറ്റിയില്‍ ചൊവ്വാഴ്ച ഒത്തുകൂടും. കത്തോലിക്കാ സഭയുടെ ആദ്യത്തെ പോപ്പായി കണക്കാക്കപ്പെടുന്ന വിശുദ്ധ പത്രോസിനെ എഡി 30ലാണ് തിരഞ്ഞെടുത്തത്.
ഒരു പോപ്പിനെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആ സ്ഥാനം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിക്കും. പിന്നെ അദ്ദേഹം തിരഞ്ഞെടുക്കുന്ന പേരും ചോദിച്ചറിയും.
സിസ്‌റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക ഉയരുന്നതോടെ ഫലം പ്രഖ്യാപനമുണ്ടാകും. വെളുത്തപുക ഒരു പോപ്പിനെ തിരഞ്ഞെടുത്തു എന്നതിന്റെ സൂചനാണ്.
ഒരു മാര്‍പ്പാപ്പ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്?
കത്തോലിക്കാ സഭയെ നയിക്കുന്ന ആഗോള നേതാവാണ് മാര്‍പ്പാപ്പ. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായാണ് കണക്കാക്കപ്പെടുന്നത്. 1.4 ബില്ല്യണ്‍ കത്തോലിക്കരാണ് ലോകമെമ്പാടുമായി ഉള്ളത്. അവരുടെ മേലുള്ള അധികാരം മാര്‍പ്പാപ്പയ്ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഇത് അദ്ദേഹത്തെ യേശുക്രിസ്തുവുമായി നേരിട്ട് ബന്ധിപ്പിക്കുന്നുവെന്നും ആത്മീയ മാര്‍ഗനിര്‍ദേശത്തിന്റെ ഒരു പ്രധാന ഉറവിടമാക്കി അദ്ദേഹത്തെ മാറ്റുന്നുവെന്നും കത്തോലിക്കര്‍ വിശ്വസിക്കുന്നു.
ബൈബിളിനൊപ്പം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും സഭയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും രൂപപ്പെടുത്താന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. പ്രൊട്ടസ്റ്റന്റുകാരും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും പോലെയുള്ള മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അദ്ദേഹത്തിന്റെ അധികാരത്തെ അംഗീകരിക്കുന്നില്ല.
കോണ്‍ക്ലേവില്‍ സംഭവിക്കുന്നതെന്ത്?
മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് അതീവ രഹസ്യമായാണ് നടക്കുന്നത്. അതിനാല്‍ കോണ്‍ക്ലേവില്‍ എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. സിസ്റ്റൈന്‍ ചാപ്പലില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍, പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി യാതൊരുവിധ ആശയവിനിമയും ഉണ്ടാകുകയില്ല.
കോണ്‍ക്ലേവിന്റെ ആദ്യത്തെ ദിവസം ഉച്ചകഴിഞ്ഞ് ഒരു റൗണ്ട് വോട്ടെടുപ്പ് മാത്രമെ ഉണ്ടാകൂ. എന്നാല്‍, അതിന് ശേഷം കര്‍ദിനാള്‍മാര്‍ക്ക് ഒരു ദിവസം നാല് തവണ വരെ വോട്ട് ചെയ്യാനുള്ള അനുമതിയുണ്ട്.
ഒരു പോപ്പിനെ തിരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അതിന് ചിലപ്പോള്‍ സമയമെടുത്തേക്കും.
വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോ കര്‍ദിനാളും ലാറ്റിന്‍ ഭാഷയില്‍ ഞാന്‍ സുപ്രീം പൊന്തിഫിനെ തിരഞ്ഞെടുക്കുന്നു എന്ന് എഴുതിയിരിക്കുന്ന ഒരു ലളിതമായ കാര്‍ഡിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. അതില്‍ അവര്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയുടെ പേര് എഴുതുന്നു.
പ്രായത്തിന്റെ ക്രമത്തില്‍ കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വരിയായി വന്ന് വെള്ളിയില്‍ നിര്‍മിച്ച വലിയ പാത്രത്തില്‍ ഈ കാര്‍ഡുകള്‍ സമര്‍പ്പിക്കും. പാപ്പയ്ക്ക് പകരം വത്തിക്കാനില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ഉദ്യോഗസ്ഥനായ കാമര്‍ലെംഗോയുടെ സഹായികളായ സഹായികകളായ (സ്‌ക്രൂട്ടിനേഴ്‌സ്) മൂന്ന് പേര്‍ വോട്ടുകള്‍ എണ്ണുകയും ഉച്ചത്തില്‍ വായിക്കുകയും ചെയ്യും. ഇതിന് ശേഷം പേപ്പര്‍ കാര്‍ഡുകള്‍ ഒരുമിച്ച് ചേര്‍ത്ത് കത്തിക്കും.
പുറത്ത് ചിമ്മിനിയില്‍ നിന്നുള്ള പുക കാണുന്നതിനായി ലോകം കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കും. പുക കറുത്തതാണെങ്കില്‍ മറ്റൊരു റൗണ്ട് വോട്ടെടുപ്പ് ഉണ്ടാകും.
മൂന്ന് ദിവസമായിട്ടും കോണ്‍ക്ലേവില്‍ മാര്‍പ്പാപ്പയെക്കുറിച്ച് തീരുമാനമായില്ലെങ്കില്‍ കര്‍ദിനാള്‍മാര്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി ഒരു ദിവസം താത്കാലികമായി തിരഞ്ഞെടുപ്പ് നിറുത്തി വയ്ക്കും. അതിന് ശേഷം ഓരോ ഏഴ് റൗണ്ട് വോട്ടെടുപ്പിലും അവര്‍ക്ക് വീണ്ടും ഇടവേള എടുക്കാനുള്ള അനുമതിയുണ്ട്.
33 റൗണ്ടുകള്‍ക്ക് ശേഷവും തീരുമാനമൊന്നുമായില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച രണ്ട് സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഒരു റണ്‍ ഓഫ് നടത്താവുന്നതാണ്. എങ്കിലും അവരിലൊരാള്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടാന്‍ മൂന്നില്‍ രണ്ട് വോട്ടുകള്‍ ആവശ്യമാണ്.
കാത്തിരിപ്പ്
കോണ്‍ക്ലേവ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നത് അസാധാരണമായ കാര്യമല്ല. രണ്ടു വര്‍ഷവും ഒമ്പത് മാസവും നീണ്ടുനിന്ന കോണ്‍ക്ലേവും കത്തോലിക്കാ സഭയുടെ ചരിത്രത്തിലുണ്ട്. 1268ല്‍ ചേര്‍ന്ന കോണ്‍ക്ലേവാണത്.
കാലക്രമേണ പ്രക്രിയ വേഗത്തിലാക്കാന്‍ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും 20ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഒരു കോണ്‍ക്ലേവിന്റെ ശരാശരി ദൈര്‍ഘ്യം മൂന്ന് ദിവസമാണ്. 1922ലെ കോണ്‍ക്ലേവ് അഞ്ച് ദിവസം നീണ്ടുനിന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ പോപ്പ് ബനഡിക്ട് പതിനാറാമനും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ടു.
ബാലറ്റുകള്‍ കത്തിച്ച് ചിമ്മിനിയിലേക്ക് പുക എത്തിക്കുന്നതിനായി മുറിയുടെ പിന്‍ഭാഗത്ത് രണ്ട് ചൂളകള്‍ സ്ഥാപിച്ചിട്ടുണ്ട്. വലതുവശത്ത് ബാലറ്റുപേപ്പറുകള്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നു. ഇടതുവശത്തുള്ളത് വോട്ടെടുപ്പിന് ശേഷമുള്ള ഫലത്തിന്റെ സൂചന നല്‍കുന്നതിന് അധിക പുക സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നു. പുകയുടെ നിറം കറുപ്പും വെളുപ്പുമാക്കുന്നതിന് രാസ സംയുക്തങ്ങളാണ് കലര്‍ത്തുന്നത്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ വെളുത്ത പുക നല്‍കുന്നതിനൊപ്പം മണികള്‍ മുഴക്കുകയും ചെയ്യുന്നു.
ഒരാള്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുപ്പട്ടുകഴിഞ്ഞാല്‍ അദ്ദേഹം കര്‍ദ്ദിനാള്‍ സംഘത്തിന് മുന്നില്‍ ഔദ്യോഗികമായി ആ ജോലി സ്വീകരിക്കുകയും താന്‍ തിരഞ്ഞെടുക്കുന്ന പേര് പ്രഖ്യാപിക്കുകയും വേണം.
തന്റെ പേര് അസീസിയിലെ വിശുദ്ധ ഫ്രാന്‍സീസിനോടുള്ള ബഹുമാനാര്‍ത്ഥം സ്വീകരിച്ചതാണെന്ന് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. തന്റെ ബ്രസീലിന്‍ സുഹൃത്തായ കര്‍ദിനാള്‍ ക്ലോഡിയോ ഹമ്മസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹമ്മസ് തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചതായും ''ദരിദ്രരെ മറക്കരുതെന്ന്'' പറഞ്ഞതായും പറഞ്ഞതായും മാര്‍പ്പാപ്പ പറഞ്ഞു.
500 വര്‍ഷത്തിലേറെയായി മാര്‍പ്പാപ്പമാര്‍ സ്വന്തം പേരുകളാണ് ഉപയോഗിച്ച് വരുന്നത്. അവരുടെ പേരുകള്‍ ലളിതമാക്കുന്നതിനോ മുന്‍ മാര്‍പ്പാപ്പമാരെ പരാമര്‍ശിക്കുന്നതിനോ വേണ്ടി പ്രതീകാത്മക പേരുകള്‍ തിരഞ്ഞെടുക്കാറാണ് പതിവ്.