നാഷണൽ അസംബ്ലി കമ്മിറ്റിയിൽ തിങ്കളാഴ്ചയാണ് ഫെയ്റ്റോ വിവാദ പരാമർശം നടത്തിയത്. സമീപ വർഷങ്ങളിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കമ്മ്യൂണിസ്റ്റ് രാജ്യമാണ് ക്യൂബ. മന്ത്രിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. മന്ത്രിയെ ഇംപീച്ച്മെന്റ് ചെയ്യണമെന്നും മുറവിളി ഉയർന്നിരുന്നു.
ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ്-കാനൽ പോലും വിമർശനാത്മകമായി ഇതിനോട് പ്രതികരിച്ചിരുന്നു. “ദുർബലതയെ അഭിസംബോധന ചെയ്യുന്നതിലെ സംവേദനക്ഷമതയുടെ അഭാവം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വിപ്ലവത്തിന് ആരെയും പിന്നിലാക്കാൻ കഴിയില്ല; അതാണ് ഞങ്ങളുടെ മുദ്രാവാക്യം, ഞങ്ങളുടെ ഉത്തരവാദിത്തം.” -മന്ത്രിയുടെ പേര് പരാമർശിക്കാതെ പ്രസിഡന്റ് എക്സ് അക്കൗണ്ടിൽ കുറിച്ചു.
advertisement
ക്യൂബയിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സാമൂഹിക ദുർബലത വർധിപ്പിച്ചിട്ടുണ്ട്. ആളുകൾ പ്രത്യേകിച്ച്, പ്രായമായവർ ഭിക്ഷയാചിക്കുകയോ തോട്ടിപ്പണിയെടുക്കുന്നതോ വാഹനങ്ങളുടെ ഗ്ലാസുകൾ വൃത്തിയാക്കി പണം കണ്ടെത്തുന്നതോ ആയ കാഴ്ചകൾ ഈ ദ്വീപിൽ കാണാനാകും.
“പ്രത്യക്ഷത്തിൽ യാചകരെ കാണാനാകും (പക്ഷേ) നിങ്ങൾ അവരുടെ കൈകൾ നോക്കൂ, ഈ ആളുകൾ ധരിക്കുന്ന വസ്ത്രങ്ങൾ നോക്കൂ, അവർ യാചകരായി വേഷംകെട്ടുകയാണ്, യഥാർത്ഥത്തിൽ അവർ യാചകരല്ല,” ദേശീയ അസംബ്ലിയിൽ മന്ത്രി ഫെയ്റ്റോ പറഞ്ഞു. വിൻഡ്‌ഷീൽഡുകൾ വൃത്തിയാക്കുന്ന ആളുകൾ ഇങ്ങനെ കിട്ടുന്ന പണം മദ്യപിക്കാനായി ഉപയോഗിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മാലിന്യക്കൂമ്പാരങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ തിരയുന്നവർക്കെതിരെയും ഫെയ്റ്റോ ആഞ്ഞടിച്ചു. “എന്തെങ്കിലും കണ്ടെത്തി അവ വിൽക്കാനും നികുതി അടയ്ക്കാതിരിക്കാനും” ആണ് അവർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ദാരിദ്ര്യം ഉണ്ടായിരുന്നിട്ടും, യാചകരുടെയോ ഭവനരാഹിത്യത്തിന്റെയോ ലക്ഷണങ്ങൾ രാജ്യത്ത് ഉണ്ടായിരുന്നില്ല. എന്നാൽ അന്ന് ലഭിച്ചിരുന്ന ആനുകൂല്യങ്ങളിൽ ഇപ്പോൾ കുറവ് വന്നിട്ടുണ്ട്. ഒരു വിരമിച്ചയാളുടെ പെൻഷൻ പ്രതിമാസം ഏകദേശം 2000 ക്യൂബൻ പെസോ ആണ്. ഏകദേശം 5 ഡോളർ. ഒരു കാർട്ടൺ മുട്ടയുടെ വിലയ്ക്കും താഴെയുള്ള തുകയാണിത്. വിദേശത്ത് നിന്നുള്ള വരുമാനം ഇല്ലാത്ത കുടുംബങ്ങൾക്ക് പട്ടിണി മാത്രമാണ് മുന്നിലുള്ള വഴി.
മന്ത്രിയുടെ വാദം തെറ്റാണെന്നും ചിലർ സാഹചര്യം വ്യക്തമായി കാണുന്നില്ലെന്നും സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്വയം തൊഴിൽ ചെയ്യുന്ന എൻറിക് ഗില്ലെൻ വിശ്വസിക്കുന്നു.
“ഇല്ലാത്ത പെൻഷനെ ആശ്രയിക്കുന്ന പ്രായമായ ആളുകളാണുള്ളത്. അവർക്ക് ഒരു കാർട്ടൺ മുട്ട പോലും വാങ്ങാൻ കഴിയില്ല. നമ്മൾ ക്യൂബയിലാണ് താമസിക്കുന്നത് എന്നത് യാഥാർത്ഥ്യമാണ്,” ഗില്ലെൻ പറഞ്ഞു.
2024 ൽ ക്യൂബയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 1.1% കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 11% ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.