TRENDING:

'ലാ നിന' വന്നിട്ടും രക്ഷയില്ല; പിന്നിട്ടത് ചരിത്രത്തിലെ ഏറ്റവും ചൂടൻ ജനുവരി

Last Updated:

മധ്യ, കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക്കിലുടനീളമുള്ള സമുദ്രോപരിതലത്തിലെ താപനില കുറയുന്ന പ്രതിഭാസമാണ് ലാ നിന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണ് ഈ വര്‍ഷം പിന്നിട്ടതെന്ന് റിപ്പോർട്ട്. ഭൂമിയെ തണുപ്പിക്കുന്ന 'ലാ നിന'(മധ്യ, കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക്കിലുടനീളമുള്ള സമുദ്രോപരിതലത്തിലെ താപനില കുറയുന്ന പ്രതിഭാസം) പ്രതിഭാസത്തിന്റെ സാന്നിധ്യമുണ്ടായിരുന്നിട്ടും ആഗോളതലത്തില്‍ താപനില കുതിച്ചുയരുന്നത് തുടരുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുള്ള കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ ജനുവരിയിലെ വായുവിന്റെ താപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.75 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നുവെന്നും വ്യക്തമാക്കുന്നു.
2025 ജനുവരിയിലെ ഉപരിതല വായു താപനിലയിലെ അസ്വഭാവികത കാണിക്കുന്ന ലോക ഭൂപടം
(Image: Copernicus Climate Change Service/EU)
2025 ജനുവരിയിലെ ഉപരിതല വായു താപനിലയിലെ അസ്വഭാവികത കാണിക്കുന്ന ലോക ഭൂപടം (Image: Copernicus Climate Change Service/EU)
advertisement

കഴിഞ്ഞ പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ അന്തരീക്ഷ താപനില ഉയരുന്ന പ്രവണതയെ സ്ഥിരീകരിക്കുന്നതാണ് ഈ പ്രവണത. ആഗോളതലത്തില്‍ രേഖപ്പെടുത്തിയതില്‍വെച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2024. ആഗോള ശരാശരി താപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞ ആദ്യ കലണ്ടര്‍ വര്‍ഷവും 2024 ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ലെ വേനല്‍ക്കാലത്ത് പല രാജ്യങ്ങളിലും റെക്കോഡുകള്‍ ഭേദിച്ച് ഉഷ്ണതരംഗങ്ങള്‍ വീശുകയും ചെയ്തു.

ഉഷ്ണമേഖലാ പസഫിക്കില്‍ ലാ നിന നിലനില്‍ക്കുന്നുണ്ടെങ്കിലും ആഗോളതാപനിലയില്‍ അതിന്റെ തണുപ്പുനിറഞ്ഞ സാഹചര്യമുണ്ടായിട്ടും ജനുവരിയില്‍ റെക്കോഡ് താപനില രേഖപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തുന്നതാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിന്റെ(ECMWF) മേധാവി സാമന്ത ബര്‍ഗെസ് പറഞ്ഞു.

advertisement

''സമുദ്ര താപനിലയും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയില്‍ അവ ചെലുത്തുന്ന സ്വാധീനവും ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും,''ബര്‍ഗെസ് പറഞ്ഞു.

ഇന്ത്യയിലും താപനില ഉയര്‍ന്നതിന്റെ ആഘാതം വ്യക്തമാണ്. ഇന്ത്യയില്‍ പ്രതിമാസ ശരാശരി താപനില ദീര്‍ഘകാല താപനിലയേക്കാള്‍ 0.94 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. 1901ന് ശേഷം ഏറ്റവും ചൂടേറിയ മൂന്നാമത്തെ ജനുവരിയായിരുന്നു 2025ലേത്. 1958, 1990 എന്നീ വര്‍ഷങ്ങളിലെ ജനുവരികളിലാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. കൂടാതെ കഴിഞ്ഞ മാസത്തെ രാത്രികളില്‍ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടിരുന്നു. രാത്രികാല താപനിലയില്‍ ഏകദേശം 1.04 ഡിഗ്രി സെല്‍ഷ്യസ് അധികം താപനില രേഖപ്പെടുത്തി.

advertisement

''പസഫിക് മേഖലയില്‍ ദുര്‍ബലമായ തോതില്‍ ലാ നിന സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഇത് നിലനില്‍ക്കും. മേയ് മാസത്തോടെ ഇതില്‍ മാറ്റമുണ്ടാകും. അപ്പോഴേക്കും ഇന്ത്യയില്‍ വേനല്‍ക്കാലം തുടങ്ങും,'' ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐഎംഡി) മേധാവി ഡോ. മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു. ജനുവരിയിലെ തുടര്‍ച്ചയെന്നോണം ഫെബ്രുവരിയിലും ചൂട് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമുദ്രങ്ങളിലും ചൂട് അസാധാരണമായ വിധത്തില്‍ കൂടുതലായിരുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞും അതിവേഗമാണ് ഉരുകുന്നത്. അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികളുടെ വ്യാപ്തി ശരാശരിയേക്കാള്‍ അഞ്ച് ശതമാനം കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
'ലാ നിന' വന്നിട്ടും രക്ഷയില്ല; പിന്നിട്ടത് ചരിത്രത്തിലെ ഏറ്റവും ചൂടൻ ജനുവരി
Open in App
Home
Video
Impact Shorts
Web Stories