"ഇറാൻ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം, ഊർജ നിലയങ്ങൾ നശിപ്പിക്കുന്നത് 10 ദിവസത്തേക്ക് കൂടി, അതായത് 2026 ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണി (ഈസ്റ്റേൺ ടൈം) വരെ ഞാൻ നിർത്തിവെക്കുകയാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജ വാർത്താ മാധ്യമങ്ങളും മറ്റുള്ളവരും വിപരീതമായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ചർച്ചകൾ വളരെ നന്നായി മുന്നോട്ട് പോകുന്നു," ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കാൻ ടെഹ്‌റാൻ തയാറായില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇറാനിയൻ നേതൃത്വവുമായി "വളരെ ഫലപ്രദമായ ചർച്ചകൾ" നടന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അഞ്ച് ദിവസത്തെ താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചു. ഈ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
advertisement
ട്രംപ് ആക്രമണവുമായി മുന്നോട്ട് പോയാൽ മേഖലയിലെ പ്രധാനപ്പെട്ട കുടിവെള്ള ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു സമാധാന കരാറിൽ ഏർപ്പെടാൻ ഇറാൻ വിസമ്മതിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും "ടെഹ്‌റാൻ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത രീതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും" ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് ശേഷം ഗൾഫ് രാജ്യങ്ങളിലെ യുഎസ്, ഇസ്രായേൽ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന കയറ്റുമതി തടയുകയും ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളുടെ അടിസ്ഥാനമായി "15 ഇന കർമപദ്ധതി" ഇറാന് അയച്ചിട്ടുണ്ടെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സ്ഥിരീകരിച്ചു. എന്നാൽ ഇത് "ഏകപക്ഷീയമാണ്" എന്ന് പറഞ്ഞ് ടെഹ്‌റാൻ തള്ളിക്കളഞ്ഞു.
ഇറാൻ കരാറിനായി 'കെഞ്ചുന്നു' എന്ന് ട്രംപ്
വെടിനിർത്തൽ പദ്ധതി ഇറാൻ നിരസിച്ചതിന് തൊട്ടുപിന്നാലെ, ഇറാൻ ഒരു കരാറിനായി 'കെഞ്ചുകയാണെന്നും താനല്ല ചർച്ചകൾക്കായി സമ്മർദം ചെലുത്തുന്നതെന്നും ട്രംപ് പറഞ്ഞു. "വളരെ വൈകുന്നതിന് മുമ്പ് ഇറാനിയൻ നേതാക്കൾ ചർച്ചകളിൽ ഏർപ്പെടണം, കാരണം ഒരിക്കൽ അത് സംഭവിച്ചു കഴിഞ്ഞാൽ പിന്നെ തിരിച്ചുവരവില്ല," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
"അവർ ചർച്ചകൾ നടത്തുന്നുണ്ട്, അവർക്ക് ഒരു കരാറിൽ എത്താൻ അത്രമേൽ ആഗ്രഹമുണ്ട്. എന്നാൽ സ്വന്തം ജനങ്ങൾ തങ്ങളെ കൊല്ലുമെന്ന് ഭയന്നാണ് അവർ അത് പുറത്തുപറയാത്തത്. ഞങ്ങൾ അവരെ കൊല്ലുമെന്നും അവർ ഭയപ്പെടുന്നു," ബുധനാഴ്ച നടന്ന ഒരു പരിപാടിയിൽ ട്രംപ് പറഞ്ഞു.
എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ തന്റെ സർക്കാർ ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും ചർച്ചകൾക്ക് പദ്ധതിയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭാവിയിലെ സൈനിക നടപടിക്കെതിരായ ഗ്യാരണ്ടി, യുദ്ധനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം, ഹോർമുസ് കടലിടുക്കിന്റെ ഔദ്യോഗിക നിയന്ത്രണം എന്നിവ ആവശ്യപ്പെട്ട് യുദ്ധം തുടങ്ങിയത് മുതൽ ഇറാൻ തങ്ങളുടെ നിലപാട് കർക്കശമാക്കിയിരിക്കുകയാണ്.
Summary: US President Donald Trump has announced a 10-day extension of the pause on military strikes targeting Iran’s energy infrastructure, moving the deadline to April 6, 2026. This decision comes amid a high-stakes standoff that began after US and Israeli forces attacked Iran on February 28, leading to Iranian retaliation against regional bases and the blockage of the Strait of Hormuz.
