'' ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി നമ്മള്‍ എന്തിനാണ് 21 മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നത് ? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ വേണ്ടി ശ്രമിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയോട് ഇത് പറയാന്‍ കാരണമുണ്ട്. റഷ്യ നമ്മുടെ രാജ്യത്തിന് വേണ്ടി ഏകദേശം 2000 ഡോളര്‍ ചെലവഴിച്ചെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കിയിരുന്നു. രണ്ടായിരം ഡോളറിന് ചില ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ അവര്‍ ഏറ്റെടുത്തു.ഇതൊരു വലിയ തിരിച്ചറിവാണ്,'' ട്രംപ് പറഞ്ഞു.
ഇന്ത്യയില്‍ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരിൽ യുഎസ് നല്‍കി വന്നിരുന്ന 21 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (DOGE) നിര്‍ത്തലാക്കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
advertisement
' എന്തിനാണ് 21 മില്യണ്‍ ഡോളര്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്? അവരുടെ കൈവശം ധാരാളം പണമുണ്ട്. ലോകത്തിലേറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവരുടെ താരിഫുകള്‍ വളരെ ഉയര്‍ന്നതിനാല്‍ നമുക്ക് അവിടെ പ്രവേശിക്കാന്‍ പോലും പ്രയാസമാണ്,'' ട്രംപ് പറഞ്ഞു.
'' എന്നിട്ടും വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി നമ്മള്‍ 21 മില്യണ്‍ ഡോളര്‍ നല്‍കുന്നു. എന്നാല്‍ നമ്മുടെ രാജ്യത്ത് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ എന്ത് ചെയ്യും?'', ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് യുഎസിലെ നികുതിദായകര്‍ നല്‍കുന്ന പണം ചെലവഴിക്കുന്ന പ്രധാന ഇനങ്ങള്‍ എന്തൊക്കെയാണെന്ന് മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി വെളിപ്പെടുത്തി. ഇതില്‍ ഇന്ത്യയ്ക്കായുള്ള 21 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും ഉള്‍പ്പെട്ടിരുന്നു. പിന്നാലെ ഈ സാമ്പത്തിക സഹായങ്ങളെല്ലാം റദ്ദാക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ബംഗ്ലാദേശില്‍ രാഷ്ട്രീയ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ജനാധിപത്യ ഭരണം ശക്തിപ്പെടുത്തുന്നതിനുമായാണ് യുഎസ് 29 മില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കുന്നത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പുറമെ നേപ്പാളിനും നല്‍കി വന്നിരുന്ന സാമ്പത്തിക സഹായവും നിറുത്തലാക്കിയിട്ടുണ്ട്. നേപ്പാളിലെ ഫിസ്‌കല്‍ ഫെഡറലിസത്തിനായി 20 മില്യണ്‍ ഡോളര്‍, ജൈവവൈവിധ്യ സംരക്ഷണത്തിനായി 19 മില്യണ്‍ ഡോളര്‍ എന്നിവയാണ് നല്‍കിവന്നിരുന്നത്.
അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി മേല്‍നോട്ടം നല്‍കിവരുന്നുണ്ട്. അതിന്റെ ഭാഗമായി യുഎസ്എഐഡിയുടെ(United States Agency for International Development) പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഗോളതലത്തില്‍ നടത്തിവന്നിരുന്ന യുഎസ്എഐഡിയുടെ എല്ലാപ്രവര്‍ത്തനങ്ങളും നിറുത്തിവെച്ചിരിക്കുകയാണെന്നും മസ്‌കിന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഏജന്‍സിയുടെ വെബ്‌സൈറ്റ് പൂര്‍ണ്ണമായി പ്രവര്‍ത്തനരഹിതമായെന്നും യുഎസ്എഐഡി അധികൃതര്‍ പറഞ്ഞു.