കാനഡയിലെ കുറഞ്ഞത് 260 കോളേജുകളെങ്കിലും അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎസിലേക്ക് പ്രവേശിക്കുന്നതിന് കനേഡിയന്‍ പാത തിരഞ്ഞെടുക്കാന്‍ സ്റ്റുഡന്റ് വിസ നല്‍കുന്നുണ്ടെന്ന് ഇഡി പറഞ്ഞു.
കേസ്
2022 ജനുവരി 19നാണ് നാല് പേരടങ്ങുന്ന ഗുജറാത്തി കുടുംബം യുഎസ്-കാനഡ അതിര്‍ത്തിയായ മാനതോബയില്‍ കൊടുംതണുപ്പില്‍ മരിക്കുന്നത്. ജഗദീഷ് പട്ടേല്‍(39), വൈശാലി(35), ഇവരുടെ ഒരു വയസ്സുള്ള മകള്‍, മൂന്ന് വയസ്സുള്ള മകന്‍ എന്നിവരാണ് അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനിടെ മരിച്ചത്. മൈനസ് 37 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ മനുഷ്യക്കടത്തുകാര്‍ ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
advertisement
കാനഡ വഴി യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്താൻ ഇഡിയെ ഈ സംഭവം പ്രേരിപ്പിക്കുകയായിരുന്നു.
കാനഡ വഴി യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്ന ശൃംഖല പ്രവര്‍ത്തിപ്പിച്ചു എന്നാരോപിച്ച് ഭവേഷ് അശോക്ഭായ് പട്ടേലിനും മറ്റുള്ളവര്‍ക്കുമെതിരേ അഹമ്മദാബാദ് പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയന്‍ നിയമത്തിലെ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.
ഈ ശൃംഖല എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
മനുഷ്യക്കടത്ത് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടുന്നതിന് പട്ടേല്‍ ആളുകളെ സഹായിക്കും. ഈ വ്യക്തികള്‍ കനേഡിയന്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചുവെങ്കിലും എത്തിച്ചേരുമ്പോള്‍ അതാത് കോളേജുകളില്‍ ഹാജരാകുന്നതില്‍ പരാജയപ്പെട്ടതായി ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പകരം, യുഎസിലേക്ക് കടക്കുന്നതിന് നിയമവിരുദ്ധമായ വഴികള്‍ നേടി. കമ്മിഷന്‍ കൈക്കലാക്കിയ ശേഷം കോളേജുകള്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടുകളിലേക്ക് ഫീസ് തിരികെ നല്‍കിയതായും ആരോപണമുണ്ട്. ഇതാണ് സംഭവത്തില്‍ കോളേജുകളുടെ പങ്കാളിത്തത്തെക്കുറിച്ച് സംശയം ഉയര്‍ത്തിയത്.
"ഇന്ത്യക്കാരെ അനധികൃതമായി യുഎസിലേക്ക് എത്തിക്കുന്നതിനായി ഏജന്റുമാര്‍ കാനഡയിലെ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പ്രവേശനം ക്രമീകരിച്ച് സ്റ്റുഡന്റ് വിസയില്‍ അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. കാനഡയില്‍ എത്തിയശേഷം കോളേജില്‍ ചേരുന്നതിന് പകരം അവര്‍ അനധികൃതമായി യുഎസ്-കാനഡ അതിര്‍ത്തി കടക്കുകയായിരുന്നു," ഇഡി അറിയിച്ചു. കാനഡയിലെ 262 കോളേജുകള്‍ ഇത്തരത്തില്‍ ഇന്ത്യന്‍ പൗരന്മാരെ കടത്തുന്നതില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടാകാമെന്ന് ഇഡി സംശയിക്കുന്നു.
ഉദ്യോഗാര്‍ഥികള്‍ 60 ലക്ഷം രൂപ വരെ നല്‍കുന്നു, പിന്നീട് ഇരയാക്കപ്പെടുന്നു
സ്റ്റുഡന്റ് വിസയിലൂടെയുള്ള പ്രവേശനം സൗകര്യപ്രദമാണെന്ന് ഇന്ത്യന്‍ പൗരന്മാര്‍ കരുതുന്നു. സ്റ്റുഡന്റ് വിസയ്ക്കായും കാനഡയിലേക്ക് പോകുന്നതിനുമായി ഏജന്റുമാര്‍ ഏകദേശം 55 മുതല്‍ 60 ലക്ഷം രൂപ വരെയാണ് ഓരോരുത്തില്‍ നിന്നും ഇടാക്കുന്നത്.
മുംബൈ, നാഗ്പൂര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവയുള്‍പ്പെടെ എട്ട് സ്ഥലങ്ങളില്‍ ഇഡി വിശദമായ തിരച്ചില്‍ നടത്തി. ഈ പരിശോധനയ്ക്കിടെ വിദേശ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ഇഡി കണ്ടെത്തി.
മനുഷ്യക്കടത്തില്‍ കനേഡിയന്‍ കോളേജുകളുടെ ഇടപാടുകളും ഇത്തരം അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് അവര്‍ എത്രപണം ഇടാക്കിയെന്നതും സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ഇഡി 19 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ മരവിപ്പിക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.
ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്തൊക്ക?
ഡിസംബര്‍ 10, 19 തീയതികളില്‍ മുംബൈ, നാഗ്പുര്‍, ഗാന്ധിനഗര്‍, വഡോദര എന്നിവടങ്ങളിൽ കനേഡിയന്‍ കോളേജുകള്‍ വഴി അനധികൃത കുടിയേറ്റക്കാരെ അയയ്ക്കുന്ന നിരവധി ഏജന്റുമാരുടെ ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. രണ്ട് ഏജന്റുമാര്‍ വഴി പ്രതിവർഷം 35,000 അനധികൃത കുടിയേറ്റക്കാരെ വിദേശത്ത് അയയ്ക്കുന്നതായി ഇഡി കണ്ടെത്തി.
ഗുജറാത്തില്‍ 1700 ഏജന്റുമാര്‍ അല്ലെങ്കില്‍ പങ്കാളികളും ഇന്ത്യയിലുടനീളം 3500 പേരും ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. "കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏകദേശം 112 കോളേജുകള്‍ മഹാരാഷ്ട്രയിലെ ഒരു ഇന്ത്യന്‍ സ്ഥാപനവുമായും 150 ല്‍ അധികം കോളേജുകള്‍ മറ്റൊന്നുമായും കരാറില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി," ഇഡി പറഞ്ഞു.