മുന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ച യുഎസ് ജില്ലാ ജഡ്ജി അലിസണ്‍ ബറോസാണ് ഭരണകൂടത്തിന്റെ ഉത്തരവ് താത്കാലികമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ''ട്രംപ് ഭരണകൂടത്തിന്റെ എസ്ഇവിപി(സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം)സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കല്‍ നടപ്പാക്കുന്നതിനെ ഇതിനാല്‍ വിലക്കുന്നു,'' ജഡ്ജി ഉത്തരവിട്ടു.
ഇതോടെ അമേരിക്കയിലെ സര്‍വകലാശാലകള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ സ്റ്റഡി വിസയില്‍ എടുക്കാന്‍ അനുമതി കിട്ടും.
ഹാര്‍വാര്‍ഡിന്റെ എസ്ഇവിപി സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുന്നതായി വ്യാഴാഴ്ച യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമാണ് പ്രഖ്യാപിച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അക്രമം, ജൂതവിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം എന്നിവ കാരണമാണ് ഹാര്‍വാര്‍ഡിനെതിരേ നടപടി സ്വീകരിച്ചതെന്ന് അവര്‍ അവകാശപ്പെട്ടു.
advertisement
ക്യാംപസില്‍ ജൂത വിദ്യാര്‍ഥികള്‍ക്ക് ശത്രുതാപരമായ പഠനഅന്തരീക്ഷമാണുള്ളതെന്നും ഇതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഹാര്‍വാര്‍ഡിന് അയച്ച കത്തില്‍ നോം പറഞ്ഞു. ജൂതവിരുദ്ധതയോട് സര്‍വകലാശാല പുലര്‍ത്തുന്ന പ്രതികരണത്തെയും അവര്‍ വിമര്‍ശിച്ചു.
മസാച്യുസെറ്റ്‌സിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല വെള്ളിയാഴ്ച ഒരു കേസ് ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇടപെടല്‍ ഉണ്ടായത്. സര്‍ക്കാര്‍ നീക്കം സ്ഥാപനത്തെയും അതിന്റെ വിദ്യാര്‍ഥികളെയും ബാധിക്കുമെന്ന് സര്‍വകലാശാല കോടതിയില്‍ വാദിച്ചു.
യുഎസ് ഭരണഘടനയുടെയും ഫെഡറല്‍ നിയമത്തിന്റെയും നഗ്നമായ ലംഘനം എന്നാണ് എസ്ഇവിപി റദ്ദാക്കലിനെ ഹാര്‍വാര്‍ഡ് വിശേഷിപ്പിച്ചത്. ഈ തീരുമാനം സര്‍വകലാശാലയിലും വിസ കൈവശം വെച്ചിരിക്കുന്ന 7000ലധികം അന്താരാഷ്ട്ര വിദ്യാര്‍ഥികളിലും ഉടനടി വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ ഹാര്‍വാര്‍ഡിന്റെ വിദ്യാര്‍ഥി സമൂഹത്തിന്റെ നാലിലൊന്ന് വരുന്ന, സര്‍വകലാശാലയ്ക്കും അതിന്റെ ദൗത്യത്തിനും ഗണ്യമായ സംഭാവന നല്‍കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായും ഹാര്‍വാര്‍ഡ് പറഞ്ഞു. ''അന്താരാഷ്ട്ര വിദ്യാര്‍ഥികളില്ലാതെ ഹാര്‍വാര്‍ഡ് ഇല്ല'', 389 വര്‍ഷം പഴക്കമുള്ള സര്‍വകലാശാല കൂട്ടിച്ചേര്‍ത്തു.