ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിനുള്ള പ്രതികാര നടപടിയായിട്ടാണ് ഇതിനെ വിലിയിരുത്തുന്നത്. കാമ്പസുകളിലെ ജൂതവിരുദ്ധത അടിച്ചമര്‍ത്താനാണെന്ന ഉദ്ദേശത്തോടെ വൈറ്റ് ഹൗസ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നിരസിച്ചതാണ് ഹാര്‍വാഡിന്റെ ധനസഹായം തടയാനിടയാക്കിയത്. 2.2 ബില്യണ്‍ ഡോളറിന്റെ ധനസഹായമാണ് ഇതോടെ സര്‍വകലാശാലയ്ക്ക് നിഷേധിക്കപ്പെട്ടത്.
ഏപ്രില്‍ മൂന്നിനാണ് ഒരുകൂട്ടം നിര്‍ദേശങ്ങള്‍ അടങ്ങുന്ന ലിസ്റ്റ് സര്‍വകലാശാലയ്ക്ക് നല്‍കിയത്. സര്‍വകലാശാല അതിന്റെ ഭരണനിര്‍വ്വഹണം, നിയമനം, പ്രവേശന നടപടിക്രമങ്ങള്‍ എന്നിവ പുനഃപരിശോധിക്കുക, ഡിഇഐ (ഡൈവേഴ്‌സിറ്റി, ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍) ഓഫീസുകള്‍ അടച്ചുപൂട്ടുക, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ഇമിഗ്രേഷന്‍ സ്‌ക്രീനിങ് പാലിക്കുക തുടങ്ങിയവയ്ക്കുള്ള നിര്‍ദേശങ്ങളാണ് സര്‍വകലാശാലയ്ക്കു നല്‍കിയത്. എന്നാല്‍, സര്‍വകലാശാല അതിന്റെ സ്വാതന്ത്ര്യത്തിലോ ഭരണഘടനാപരമായ അവകാശങ്ങളിലോ മാറ്റം വരുത്തില്ലെന്ന് ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായി ഹാര്‍വാഡ് പ്രസിഡന്റ് അലന്‍ ഗര്‍ബ്ബര്‍ പ്രതികരിച്ചു. വിവേചനം പരിഹരിക്കാന്‍ സര്‍വകാലാശാല പ്രതിജ്ഞാബദ്ധമാണെങ്കിലും അക്കാദമിക് സ്വയംഭരണത്തിലേക്കുള്ള ഫെഡറല്‍ കടന്നുകയറ്റത്തെ തള്ളികളയുകയാണെന്നും ഗര്‍ബ്ബര്‍ അഭിപ്രായപ്പെട്ടു.
advertisement
ഇതോടെ ട്രംപിന്റെ ടാസ്‌ക് ഫോഴ്‌സ് സര്‍വകലാശാലയ്ക്കുള്ള 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം തടഞ്ഞുവെക്കുകയും സര്‍ക്കാര്‍ കരാറുകളിലെ 60 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുകയും ചെയ്തതായി പ്രസ്താവനയിറക്കി. 'നമ്മുടെ രാജ്യത്തെ ഏറ്റവും അഭിമാനകരമായ സര്‍വകലാശാലകളിലും കോളേജുകളിലും നിലനില്‍ക്കുന്ന അധികാര മനോഭാവത്തെ ശക്തിപ്പെടുത്തുന്നതാണ് ഹാര്‍വാര്‍ഡിന്റെ പ്രതികരണം. ഫെഡറല്‍ നിക്ഷേപം പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഉത്തരവാദിത്തവുമായി ചേര്‍ന്നുപോകുന്നില്ല', പ്രസ്താവനയില്‍ പറയുന്നു.
സമീപവര്‍ഷങ്ങളില്‍ കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട പഠന ബുദ്ധിമുട്ടുകള്‍ അംഗീകരിക്കാനാവില്ലെന്നും ടാസ്‌ക് ഫോഴ്‌സ് പ്രസ്താവനയില്‍ പറയുന്നുണ്ട്. ജൂത വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളും അസഹനീയമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നികുതിദായകരുടെ പിന്തുണ തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സര്‍വകലാശാല ഗൗരവത്തോടെ കാണുകയും അര്‍ത്ഥവത്തായ മാറ്റത്തിന് പ്രതിജ്ഞാബദ്ധരാകുകയും ചെയ്യേണ്ട സമയമാണിതെന്നും ടാസ്‌ക് ഫോഴ്‌സ് ഓര്‍മ്മിപ്പിച്ചു.
ട്രംപിന്റെ കാമ്പസ് നീക്കത്തിന് പിന്നിലെന്ത്...?
ഗാസ-ഇസ്രയേല്‍ യുദ്ധത്തിനെതിരെ കഴിഞ്ഞ വര്‍ഷം യുഎസിലെ കാമ്പസുകളിലുടനീളം വ്യാപകമായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസിനെ പിന്തുണയ്ക്കുന്ന പ്രതിഷേധക്കാരാണ് ആക്രമണങ്ങള്‍ക്കുപിന്നിലെന്ന് ഡൊണാള്‍ഡ് ട്രംപും മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കളും ആരോപിച്ചു. 2023 ഒക്ടോബറില്‍ ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണമാണ് പ്രതിഷേധത്തിന് കാരണമായത്. യഹൂദ വിരുദ്ധ പീഡനങ്ങള്‍ക്കും വിവേചനത്തിനുമെതിരെ 60 കോളേജുകളിലും സര്‍വകലാശാലകളിലും മാര്‍ച്ചില്‍ യുഎസ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഹാര്‍വാര്‍ഡിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി 9 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ടിങ് അനുവദിച്ച തീരുമാനം പുനഃപരിശോധിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തോടെയാണ് ഗര്‍ബ്ബറിന്റെ പ്രതികരണം വരുന്നത്. ഇതോടെയാണ് സര്‍വകലാശാലയ്ക്കുള്ള നിര്‍ദേശങ്ങള്‍ നൽകി തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കാഴ്ചപാട് സംബന്ധിച്ച ഓഡിറ്റ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു.