പാക്കിസ്ഥാന് 700 കോടി ഡോളര്‍ ധനസഹായം നല്‍കുന്നതിനുള്ള പാക്കേജിനാണ് ഐഎംഎഫ് ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യഗഡുവായ 100 കോടി ഡോളര്‍ പണമായി നല്‍കാന്‍ തീരുമാനമായതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി ലെന്‍ഡിങ് പ്രോഗ്രാം (ഇഎഫ്എഫ്) വഴിയാണ് ഇപ്പോള്‍ 100 കോടി ഡോളര്‍ അനുവദിച്ചിരിക്കുന്നത്. റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റെയ്‌നബിലിറ്റി ഫെസിലിറ്റി ലെന്‍ഡിങ് പ്രോഗ്രാം (ആര്‍എസ്എഫ്) വഴി 130 കോടി ഡോളര്‍ പുതിയ വായ്പ അനുവദിക്കുന്ന കാര്യവും ഐഎംഎഫ് പരിഗണിച്ചു.
advertisement
ആദ്യ ഗഡുവായി 100 കോടി ഡോളര്‍ വായ്പ അനുവദിച്ചതിലുള്ള സംതൃപ്തി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രസ്താവനയിലൂടെ അറിയിച്ചു. പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്നും രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് ഫണ്ട് അനുവദിക്കുന്നതില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഐഎംഎഫ് ഫണ്ട് ദുര്‍ബലമായ രാജ്യത്തെ പിന്തുണയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ധനസഹായം നല്‍കിയ ഫണ്ട് പാക്കിസ്ഥാന്‍ ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക.
ഐഎംഎഫ് ബോര്‍ഡ് യോഗത്തില്‍ ഇന്ത്യ ശക്തമായി തന്നെ പാക്കിസ്ഥാന് ഫണ്ട് അനുവദിക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ചു. സാമ്പത്തിക പാക്കേജില്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ ദീര്‍ഘകാലമായി വായ്പയെടുത്ത് ജീവിക്കുന്ന രാജ്യമാണെന്നും പദ്ധതി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ മോശം ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളതെന്നും ഇന്ത്യ ആരോപിച്ചു. 1989 മുതല്‍ കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 28 വര്‍ഷവും ഐഎംഎഫ് പാക്കിസ്ഥാന് വായ്പ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വായ്പ നല്‍കിയ നാല് പദ്ധതികളിലും കാര്യമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഒന്നും പാക്കിസ്ഥാന്‍ നടത്തിയിട്ടില്ലെന്നും ഇന്ത്യ വാദിച്ചു.
സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിജയകരമായി നടപ്പാക്കിയിരുന്നെങ്കില്‍ സാമ്പത്തിക രക്ഷാ പാക്കേജിനായി പാക്കിസ്ഥാന്‍ ഐഎംഎഫിനെ വീണ്ടും സമീപിക്കില്ലായിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. പാക് സൈന്യത്തിന്റെ ഇടപെടലുകള്‍ നയരൂപീകരണത്തിനും പരിഷ്‌കരണങ്ങള്‍ക്കും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതായും ഇന്ത്യ ആരോപിച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തുടര്‍ച്ചയായി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് ആഗോള സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഇന്ത്യ അറിയിച്ചു. ഫണ്ടിങ് ഏജന്‍സികളുടെയും സമിതികളുടെയും സല്‍പ്പേരിന് ഇത് കളങ്കം വരുത്തുമെന്നും ഇതിലൂടെ ആഗോള മൂല്യങ്ങള്‍ പരിഹസിക്കപ്പെടുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷമാണ് പാക്കിസ്ഥാന് മൂന്ന് വര്‍ഷത്തേക്ക് 700 കോടി ഡോളര്‍ അനുവദിക്കാനുള്ള ബെയില്‍ഔട്ട് പാക്കേജില്‍ ധാരണയായത്. ബൃഹത് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും ശക്തമായ സാമ്പത്തിക സാഹചര്യങ്ങള്‍ രാജ്യത്ത് ഒരുക്കാനും പിന്തുണയ്ക്കുന്നതാണ് പുതിയ ധനസഹായ പാക്കേജ്.
അതിര്‍ത്തിയില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഎംഎഫ് പാക്കേജ് അംഗീകരിച്ചിട്ടുള്ളത്. ഇത് സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. കശ്മീരിലെ പഹല്‍ഗാമില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ഇതേതുടര്‍ന്ന്, 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യ പാക്കിസ്ഥാനെ തിരിച്ചടിക്കുകയും ചെയ്തു.
പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് മിസൈല്‍ ആക്രമണത്തിലൂടെ ഇന്ത്യൻ സേന തകര്‍ത്തത്. പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലും പ്രകോപനമില്ലാതെ മിസൈല്‍, ഡ്രോണ്‍, പീരങ്കി ആക്രമണങ്ങള്‍ പാക്കിസ്ഥാന്‍ നടത്തി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ ധിക്കാരപരമായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായി തന്നെ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്.