ഇന്ത്യന്‍ ആക്രമണങ്ങളില്‍ പാക്കിസ്ഥാനിലെ സൈനിക സംവിധാനങ്ങൾക്ക് വ്യക്തമായ നാശനഷ്ടം സംഭവിച്ചതായി ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉയര്‍ന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടല്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള അരനൂറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു. ഇരുപക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം വ്യോമ പ്രതിരോധം പരീക്ഷിക്കുകയും സൈനിക സംവിധാനങ്ങൾ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതായി പാക്കിസ്ഥാന്‍ അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
advertisement
എന്നാൽ, വ്യാപകമായിട്ടുള്ള ആക്രമണങ്ങളാണ് നടന്നതെങ്കിലും നാശനഷ്ടങ്ങള്‍ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നതിനേക്കാള്‍ കുറവാണെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം, പാക്കിസ്ഥാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങളെ കൃത്യമായി ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളതെന്നാണ് ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാനാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
വേഗതയേറിയ ഹൈടെക് യുദ്ധത്തില്‍ കൃത്യമായി ലക്ഷ്യം കണക്കാക്കിയുള്ള ആക്രമണങ്ങളാണ് ഇരുപക്ഷത്തും നടന്നിട്ടുള്ളതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. പാക്കിസ്ഥാന്റെ സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ട് ആക്രമിച്ചതിൽ ഇന്ത്യ വ്യക്തമായ മുന്‍തൂക്കം കാണിച്ചിട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം അവസാന ഘട്ടത്തിലെത്തിയപ്പോൾ പ്രതീകാത്മകമായ ആക്രമണങ്ങളില്‍ നിന്നും ശക്തിപ്രകടനങ്ങളില്‍ നിന്നും മാറി പ്രതിരോധ ശേഷികള്‍ക്കെതിരായ ആക്രമണങ്ങളിലേക്ക് തിരിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് 100 മൈലിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ബൊളാരി വ്യോമതാവളത്തില്‍ കൃത്യമായ ആക്രമണത്തോടെ ഒരു വിമാന ഹാംഗര്‍ ആക്രമിച്ചതായി ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഹാംഗര്‍ പോലെ തോന്നിക്കുന്നതിന് വ്യക്തമായ കേടുപാടുകള്‍ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിൽ പറയുന്നു.
കൂടാതെ, പാക്കിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമതാവളവും ഇന്ത്യന്‍ സൈന്യം ആക്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യ ആക്രമിച്ച ഏറ്റവും സെന്‍സിറ്റീവ് ആയിട്ടുള്ള പാക് സൈനിക ലക്ഷ്യമായിരുന്നു ഇത്. കാരണം, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആസ്ഥാനത്തുനിന്നും പാക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഏകദേശം 15 മൈല്‍ ദൂരത്തിനുള്ളിലാണ് നൂര്‍ ഖാന്‍ വ്യോമതാവളം സ്ഥിതിചെയ്യുന്നത്. പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന്റെ മേല്‍നോട്ടവും സംരക്ഷണവും നല്‍കുന്ന യൂണിറ്റില്‍ നിന്നും കുറഞ്ഞ ദൂരം മാത്രമേ ഇവിടുത്തേക്ക് ഉള്ളൂ.
പാകിസ്ഥാന്റെ ചില പ്രധാന വ്യോമതാവളങ്ങളിലെ റണ്‍വേകളും മറ്റ് സൗകര്യങ്ങളും ആക്രമണത്തില്‍ പ്രത്യേകമായി ലക്ഷ്യമിട്ടതായും ഇന്ത്യന്‍ സൈന്യം പറഞ്ഞിരുന്നു. ഉപഗ്രഹ ചിത്രങ്ങളില്‍ ഇത് സ്ഥിരീകരിക്കുന്ന നാശനഷ്ടങ്ങളും കാണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് 10-ന് റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിന്റെ റണ്‍വേ പ്രവര്‍ത്തനക്ഷമമല്ലെന്ന് അറിയിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഒരു നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള സര്‍ഗോധ വ്യോമതാവളത്തില്‍ റണ്‍വേയുടെ രണ്ട് ഭാഗങ്ങള്‍ ആക്രമിക്കാന്‍ പ്രിസിഷന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു.എന്നാല്‍, പാക്കിസ്ഥാന്‍ ആക്രമിച്ചതായി അവകാശപ്പെടുന്ന മേഖലകളിലെ ഉപഗ്രഹ ചിത്രങ്ങള്‍ പരിമിതമാണ്. മാത്രമല്ല, ചില സൈനിക നടപടികളുടെ സ്ഥിരീകരണ തെളിവുകള്‍ ഉണ്ടായിരുന്ന താവളങ്ങളില്‍ പോലും പാകിസ്ഥാന്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമായി കാണിക്കുന്നില്ല. ഇന്ത്യയുടെ ഉദംപൂര്‍ വ്യോമതാവളം തങ്ങളുടെ സൈന്യം നശിപ്പിച്ചു എന്നാണ് പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ അവകാശവാദം. മേയ് 12-ലെ ഒരു ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു നാശനഷ്ടം സംഭവിച്ചതായി കാണുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് - 7ന് പുലര്‍ച്ചെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യ ആക്രമണം നടത്തി. ഇതേതുടര്‍ന്ന് മേയ് 8, 9, 10 പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങി. റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ എന്നിവയുള്‍പ്പെടെ നിരവധി പാകിസ്ഥാന്‍ സൈനിക താവളങ്ങളില്‍ ഇന്ത്യന്‍ സായുധ സേന ശക്തമായ പ്രത്യാക്രമണം നടത്തി.
പസ്രൂരിലെ റഡാര്‍ സൈറ്റിലും സിയാല്‍കോട്ടിലെ വ്യോമ കേന്ദ്രങ്ങളിലും ഇന്ത്യന്‍ സൈന്യം കൃത്യതയുള്ള യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യം കണക്കാക്കി ആക്രമിച്ചതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നാല് ദിവസം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അതീതീവ്രമായ സംഘര്‍ഷം നടന്നു. ഒടുവില്‍ മേയ് 10-ന് ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയാകുകയായിരുന്നു.