ഐക്യരാഷ്ട്ര സഭ ഘടനയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 15 അംഗ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഇന്ത്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുന്നുമുണ്ട്.
'' യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിര-അസ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആശയത്തോട് ഇന്ത്യ യോജിക്കുന്നു. സുരക്ഷാ സമിതിയില്‍ മികച്ച പരിഷ്‌കരണം സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. മാത്രമല്ല സുരക്ഷാ സമിതിയെ കൂടുതല്‍ നിയമനാസൃത-പ്രാതിനിധ്യ മനോഭാവമുള്ള സമിതിയായി ഉയര്‍ത്താനും ഈ നയം സഹായിക്കും,'' എന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. തിങ്കളാഴ്ച യുഎന്‍ പൊതുസഭയില്‍ നടന്ന സുരക്ഷാ സമിതി പരിഷ്‌കരണത്തെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു രുചിര കാംബോജിന്റെ പ്രതികരണം.
advertisement
'' നിലവിലെ ഐക്യരാഷ്ട്ര സഭയുടെ ഭൂമിശാസ്ത്രപരവും വികസനപരവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സുരക്ഷാ സമിതിയെയാണ് നമുക്ക് ആവശ്യം. ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, എന്നിവിടങ്ങളിലെയും വികസ്വര രാജ്യങ്ങളുടെയും സ്വരം സുരക്ഷാ സമിതിയില്‍ മുഴങ്ങണം,'' രുചിര കാംബോജ് പറഞ്ഞു.
അതുകൊണ്ട് തന്നെ സുരക്ഷാ സമിതിയിലെ സ്ഥിര-അസ്ഥിരാംഗങ്ങളുടെ എണ്ണം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് സ്ഥിരാംഗങ്ങളും പത്ത് അസ്ഥിരാംഗങ്ങളും അടങ്ങിയതാണ് യുഎന്‍ സുരക്ഷാ സമിതി. യുഎസ്, യുകെ, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍.
അംഗത്വ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വന്ന 2015ലെ ഫ്രെയിംവർക്ക് ഡോക്യുമെന്റിനെക്കുറിച്ചും ഇന്ത്യ പരാമര്‍ശിച്ചു. അതില്‍ 122 രാജ്യങ്ങളില്‍ 113 രാജ്യങ്ങളും നിലവിലെ അംഗത്വ വിഭാഗങ്ങളില്‍ വര്‍ധനവ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അതായത് 90 ശതമാനം പേരും അംഗത്വ പരിഷ്‌കരണത്തെ അനുകൂലിക്കുന്നവരാണെന്ന് രുചിര കാംബോജ് പറഞ്ഞു.
നടപടിക്രമങ്ങളും പ്രവര്‍ത്തന രീതികളും സംബന്ധിച്ച് ഇന്ത്യയും മറ്റ് ചില പ്രതിനിധികളും അവതരിപ്പിച്ച ആശങ്കകള്‍ക്ക് വ്യക്തമായ വിശദീകരണം ആവശ്യമാണെന്നും രുചിര കാംബോജ് അറിയിച്ചു.
യുഎന്നിലെ രുചിര കാംബോജിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിലെ ആഗോള സ്ഥിതിയെ പ്രതിനീധികരിക്കുന്ന രീതിയില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ മാറ്റം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തി എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.