TRENDING:

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

Last Updated:

ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുന്ന ഒരു തെമ്മാടി രാഷ്ട്രമാണെന്നാണ് പാകിസ്ഥാനെ കുറിച്ച് ഇന്ത്യ പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂയോര്‍ക്ക്: ജമ്മു കശ്മീരില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. തീവ്രവാദികളെ പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്തതായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് നടത്തിയ തുറന്ന കുറ്റസമ്മതത്തെ ഇന്ത്യ അപലപിച്ചു. ''പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ തീവ്രവാദത്തെ പിന്തുണച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മന്ത്രി സമ്മതിച്ചിരുന്നു. ഈ ഏറ്റുപറച്ചില്‍ അതിശയിപ്പിക്കുന്നതല്ല. ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാനെ ഇത് തുറന്നുകാട്ടുകയാണ്,'' ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജ്‌ന പട്ടേല്‍ പറഞ്ഞു.
News18
News18
advertisement

''ഭീകരസംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്ത പാകിസ്ഥാന്റെ ചരിത്രം അവരുടെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ടെലിവിഷന്‍ അഭിമുഖത്തില്‍ സമ്മതിച്ചത് ലോകം മുഴുവന്‍ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ആഗോള ഭീകരതയ്ക്ക് ഇന്ധനം നല്‍കുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാജ്യമായാണ് ഇത് പാകിസ്ഥാനെ തുറന്ന് കാട്ടുന്നത്. ലോകത്തിന് ഇനി കണ്ണടയ്ക്കാന്‍ കഴിയില്ല,'' അവര്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരേ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതിനും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും ആഗോളവേദിയെ ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തുന്നതിനും അവര്‍ പാകിസ്ഥാനെ വിമര്‍ശിച്ചു.

advertisement

ഭീകരവാദത്തിന് ഇരകളായവര്‍ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷന്‍ നെറ്റ് വര്‍ക്കിന്റെ(VOTAN) രൂപീകരണവേളയിലായിരുന്നു പാകിസ്ഥാനെതിരേ യോജ്‌ന പട്ടേല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് മന്ത്രി വെളിപ്പെടുത്തലുകള്‍ നടത്തിയത്. ''കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യുഎസിന് വേണ്ടി ഞങ്ങള്‍ ഈ വൃത്തികെട്ട പ്രവര്‍ത്തി ചെയ്തുവരികയാണ്. യുകെയും പാശ്ചാത്യ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു,'' പാക് പ്രതിരോധമന്ത്രി പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് ശേഷം ശക്തവും വ്യക്തവുമായ പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കിയ ലോകരാജ്യങ്ങളോട് യോജ്‌ന പട്ടേല്‍ നന്ദി പറഞ്ഞു. തീവ്രവാദത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സഹിഷ്ണുതയ്ക്കുള്ള തെളിവാണിതെന്ന് അവര്‍ പറഞ്ഞു.

advertisement

''2008ലെ മുംബൈ ഭീകരാക്രണത്തിന് ശേഷം ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവമാണ് പഹല്‍ഗാം ഭീകരാക്രമണം. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഇരയായ ഇന്ത്യ, അത്തരം പ്രവര്‍ത്തികള്‍ ഇരകളിലും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലും ചെലുത്തുന്ന ദീര്‍ഘകാല ആഘാതം പൂര്‍ണമായും മനസ്സിലാക്കുന്നു,'' അവര്‍ പറഞ്ഞു. ''എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും വ്യക്തമായി അപലപിക്കണമെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരതയുടെ ഇരകള്‍ക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് VOTAN എന്ന് അവര്‍ പറഞ്ഞു.

advertisement

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. പാകിസ്ഥാനുമായുള്ള പ്രധാനപ്പെട്ട സിന്ധുനദീ ജല കരാര്‍ ഇന്ത്യ താത്കാലികമായി മരവിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ വിസകള്‍ റദ്ദാക്കുകയും പാകിസ്ഥാനില്‍ നിന്നുള്ള സന്ദര്‍ശകരോട് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് മറുപടിയായി പാകിസ്ഥാന്‍ സിംല കരാര്‍ റദ്ദാക്കുകയും ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories